Connect with us

Kerala

കുവൈത്തില്‍ കുടുങ്ങിയ ശ്വേതക്ക് ആശ്വാസം; വിവാഹ ദിവസത്തിന് മുമ്പായി നാട്ടിലേക്ക് മടങ്ങാം

നാളെ കുവൈത്ത് എയര്‍ലൈന്‍സ് വിമാനത്തില്‍ നാട്ടിലേക്ക് യാത്ര തിരിക്കും.

Published

|

Last Updated

തിരുവനന്തപുരം | വിവാഹം നിശ്ചയിച്ചിരിക്കേ, കുവൈത്തില്‍ കുടുങ്ങിയ മലയാളി യുവതി ശ്വേത മധുവിന് ആശ്വാസം. അധികൃതര്‍ വിസ റദ്ദാക്കി നല്‍കിയതോടെയാണിത്. ശ്വേത നാളെ കുവൈത്ത് എയര്‍ലൈന്‍സ് വിമാനത്തില്‍ നാട്ടിലേക്ക് യാത്ര തിരിക്കും. സാമൂഹിക പ്രവര്‍ത്തകന്‍ ഷംസുദ്ദീന്‍ കണ്ണെത്തിന്റെ ഗ്യാരണ്ടിയിലാണ് ശ്വേതയ്ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള യാത്രാനുമതി ലഭിച്ച ത്. ഈ മാസം 18നാണ്, കുവൈത്ത് എയര്‍വേയ്‌സില്‍ ഉദ്യോഗസ്ഥയായ ശ്വേതയുടെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്. വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ 16ന് ആരംഭിക്കും.

ഫെബ്രുവരിയിലാണ് ശ്വേത ജോലിയില്‍ പ്രവേശിച്ചത്. വിവാഹത്തിനായി അവധിക്ക് അപേക്ഷിച്ചിരുന്നെങ്കിലും അധികൃതര്‍ അനുവദിക്കാതെ വന്നതോടെ മാര്‍ച്ച് നാലിന് ജോലി രാജിവെച്ചു. എന്നാല്‍, കമ്പനിയിലെ ആഭ്യന്തര ക്ലിയറന്‍സ് നടപടികള്‍ വൈകിയതിനാല്‍ വിസ റദ്ദാക്കി നാട്ടിലേക്ക് മടങ്ങാനുള്ള എക്സിറ്റ് പെര്‍മിറ്റ് ശ്വേതക്ക് ലഭിച്ചിരുന്നില്ല.

ശ്വേതയുടെ വിസ റദ്ദാക്കല്‍ നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ജോണ്‍ ബ്രിട്ടാസ് എം പി. കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ക്ക് കത്തയച്ചിരുന്നു. വിഷയത്തിന്റെ ഗൗരവം പരിഗണിച്ച് കുവൈത്ത് എയര്‍വേയ്‌സ് അധികൃതരുമായും ഇമിഗ്രേഷന്‍ വിഭാഗവുമായും അടിയന്തരമായി ബന്ധപ്പെട്ട് ക്ലിയറന്‍സ് നടപടികള്‍ പൂര്‍ത്തിയാക്കണമെന്നായിരുന്നു കത്തില്‍ ഉന്നയിച്ചിരുന്നത്. ഇതേ ആവശ്യമുന്നയിച്ച് കെ സി വേണുഗോപാല്‍ എം പിയും കുവൈത്ത് അംബാസഡര്‍ക്ക് കത്തയച്ചിരുന്നു. പി പി സുനീര്‍ എം പിയും വിഷയത്തില്‍ ഇടപെട്ടിരുന്നു.

 

---- facebook comment plugin here -----

Latest