National
നിതീഷ് യുഗത്തിന് അന്ത്യം; ബിഹാറിനെ നയിക്കാന്‍ ഇനി സാമ്രാട്ട്
നിതീഷ് ഇന്ന് ഉച്ചയോടെ ലോക്ഭവനിലെത്തി ഗവര്‍ണറെ കണ്ട് മുഖ്യമന്ത്രി സ്ഥാനത്തു നിന്നുള്ള രാജി സമര്‍പ്പിച്ചു. പുതിയ മുഖ്യമന്ത്രിയായി ബി ജെ പി നേതാവ് സാമ്രാട്ട് ചൗധരി നാളെ സത്യപ്രതിജ്ഞ ചെയ്യും.
പട്‌ന | ബിഹാറില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രി പദവിയില്‍ നിന്ന് പടിയിറങ്ങി. രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട നിതീഷ് ഇന്ന് ഉച്ചയോടെ ലോക്ഭവനിലെത്തി ഗവര്‍ണറെ കണ്ട് മുഖ്യമന്ത്രി സ്ഥാനത്തു നിന്നുള്ള രാജി സമര്‍പ്പിച്ചു. നിതിഷിന്റെ പിന്‍ഗാമിയായി ബി ജെ പി നേതാവ് സാമ്രാട്ട് ചൗധരി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. നാളെയാണ് അദ്ദേഹത്തിന്റെ സ്ഥാനാരോഹണം.
20 വര്‍ഷത്തോളം മുഖ്യമന്ത്രി പദവിയിലിരുന്ന് ബിഹാറിനെ നയിക്കാനായതിന്റെ സന്തോഷം പ്രകടിപ്പിച്ചാണ് നിതീഷ് പടിയിറങ്ങിയത്. ഇത്രയും കാലം സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും വേണ്ടി അനവധി കാര്യങ്ങള്‍ ചെയ്യാനായെന്നും നന്നായി പ്രവര്‍ത്തിക്കാനായെന്നും നിതീഷ് അവകാശപ്പെട്ടു. ബിഹാര്‍ വിട്ടുപോകില്ല. എന്നും ബിഹാറിന്റെ മാര്‍ഗദര്‍ശിയായി തുടരും. പുതിയ സംസ്ഥാന സര്‍ക്കാരിന് തന്റെ പിന്തുണയും സഹകരണവും മേല്‍നോട്ടവും ഉണ്ടാകുമെന്നും നിതീഷ് അറിയിച്ചു. ബീഹാറിനായി പ്രധാനമന്ത്രി ചെയ്യുന്ന കാര്യങ്ങള്‍ക്ക് അദ്ദേഹത്തെ നന്ദി അറിയിക്കുന്നതായും രാജിക്കും പിന്നാലെ നിതീഷ് വ്യക്തമാക്കി.
57കാരനാണ് പുതിയതായി മുഖ്യമന്ത്രി പദവിയിലേക്കെത്തുന്ന, രാകേഷ് കുമാര്‍ എന്ന് വിളിപ്പേരുള്ള സാമ്രാട്ട് ചൗധരി. താരാപൂരില്‍ നിന്നുള്ള എം എല്‍ എയാണ് അദ്ദേഹം. ബി ജെ പിയുടെ മുന്‍ സംസ്ഥാന അധ്യക്ഷനാണ്. സമതാ പാര്‍ട്ടി നേതാവ് ശകുനി ചൗധരിയുടെ മകനായ സാമ്രാട്ട് ചൗധരി 1990 ല്‍ ആര്‍ ജെ ഡിയിലൂടെയാണ് രാഷ്ട്രീയത്തിലെത്തുന്നത്. 1999 ആര്‍ ജെ ഡി മന്ത്രിസഭയില്‍ കൃഷിമന്ത്രി പ്രവര്‍ത്തിച്ചു. 2018ല്‍ ബി ജെ പിയിലെത്തി. 2021 മുതല്‍ നിതീഷ് കുമാര്‍ മന്ത്രിസഭയില്‍ അംഗമായിരുന്നു. ആഭ്യന്തര മന്ത്രി സ്ഥാനത്തും വിരാജിച്ചു. ഉപ മുഖ്യമന്ത്രി പദത്തില്‍ നിന്നാണ് സംസ്ഥാനത്തിന്റെ നേതൃത്വം ഏറ്റെടുക്കാനിരിക്കുന്നത്.



