Connect with us

Eranakulam

കുട്ടികൾ സ്കൂളിലെത്തിയ ശേഷം അവധി പ്രഖ്യാപനം; പുലിവാല് പിടിച്ച് എറണാകുളം കലക്ടർ; പൊങ്കാലയിട്ട് ജനം; കമന്റ് ബോക്സ് പൂട്ടുമോ?

പ്രതിഷേധ പൊങ്കാല കാരണം കമന്റ് ബോക്സ് പൂട്ടിയ അനുഭവപരിചയമുള്ള കലക്ടർ ഡോ. രേണു രാജ് എറണാകുളം കലക്ടറുടെ പേജിലും കമന്റ് ബോക്സിന് പൂട്ടിടുമോ എന്നാണ് ജനങ്ങൾ ഇപ്പോൾ ഉറ്റുനോക്കുന്നത്.

Published

|

Last Updated

കൊച്ചി |കനത്ത മഴയെ തുടർന്ന് എറണാകുളം ജില്ലയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് പുലിവാല് പിടിച്ചിരിക്കുകയാണ് എറണാകുളം കലക്ടർ ഡോ. രേണു രാജ്. അവധി പ്രഖ്യാപനം വെെകിയതാണ് പ്രശ്നങ്ങൾക്കിടയാക്കിയത്. രാവിലെ എട്ടരയോടെയാണ് കലക്ടർ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് ഫേസ്ബുക്കിൽ അറിയിപ്പ് നൽകിയത്. എന്നാൽ അപ്പോഴേക്കും പല സ്കൂളുകളിലും കുട്ടികൾ എത്തിയിരുന്നു. ഇതോടെ എന്തുചെയ്യണമെന്നറിയാതെ അധ്യാപകരും രക്ഷിതാക്കളും അങ്കലാപ്പിലായി. ഇത് പ്രതിഷേധമായി മാറിയതോടെ കലക്ടർ വീണ്ടും പോസ്റ്റുമായെത്തി. രാത്രി ആരംഭിച്ച മഴ നിലയ്ക്കാത്തതിനാലാണ് അവധി പ്രഖ്യാപിച്ചതെന്നും പ്രവര്‍ത്തനം ആരംഭിച്ച സ്‌കൂളുകള്‍ അടയ്‌ക്കേണ്ടതില്ലെന്നുമായിരുന്നു രണ്ടാമത്തെ അറിയിപ്പ്. ഇത് കൂടുതൽ ആശയക്കുഴപ്പങ്ങൾക്കാണ് ഇടയാക്കിയത്.

എറണാകുളം ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് കല്ക്ടർ അവധി പ്രഖ്യാപിച്ചത്. മറ്റു ജില്ലകളിലെല്ലാം തലേന്ന് തന്നെ അവധി പ്രഖ്യാപിച്ചപ്പോൾ എറണാകുളത്ത് പ്രഖ്യാപനം വെെകിയാണ് രക്ഷിതാക്കളെ ചൊടിപ്പിച്ചത്. ഇതോടെ ജനങ്ങൾ കലക്ടറുടെ പേജിൽ പൊങ്കാലവർഷം തുടങ്ങി. ‘കലക്ടറെന്താ ഉറങ്ങിപ്പോയോ? പെരുമഴ കണ്ടില്ലാരുന്നോ’, ‘ഇൻഎഫിഷ്യന്റ് കലക്ടർ’, ‘വെങ്കിട്ടരാമന്റെ ബ്രാൻഡാണെന്നു തോന്നുന്നു’ തുടങ്ങിയ കമന്റുകളാണ് പോസ്റ്റിന് താഴെ നിറഞ്ഞത്. ‘ഇന്ന് ഈ പേജിൽ കുത്തിയിരുന്നു മടുത്താണു സ്കൂളിൽ വിട്ടത്’ തുടങ്ങിയ രോഷം കലർന്ന പരി പരിഭവങ്ങളും കമന്റുകളായെത്തി.

പൊങ്കാല വർഷം ശക്തമായതോടെയാണ് അര മണിക്കൂർ കഴിഞ്ഞ് കലക്ടർ തിരുത്തുമായി എത്തിയത്. രാത്രി ആരംഭിച്ച മഴ നിലയ്ക്കാത്തതിനാലാണ് അവധി പ്രഖ്യാപിച്ചതെന്നും പ്രവര്‍ത്തനം ആരംഭിച്ച സ്‌കൂളുകള്‍ അടയ്‌ക്കേണ്ടതില്ലെന്നുമുള്ള കലക്ടറുടെ വിശദീകരണവും ജനത്തിന് ദഹിച്ചില്ല. അവധിപ്രഖ്യാപനമറിഞ്ഞ് പല രക്ഷിതാക്കളും കുട്ടികളെ കൂട്ടാൻ സ്കൂളിലേക്ക് തിരിച്ചിരുന്നു. അവർ കലക്ടറർക്ക് എതിരെ രോഷപ്രകടനവുമായി വീണ്ടും പൊങ്കാലവർഷം തുടങ്ങി. രണ്ട് പോസ്റ്റുകൾക്കും താഴെ പതിനായിരത്തിലധികം പേരാണ് കമന്റുകളിട്ട് പ്രതിഷേധിച്ചത്.

പലയിടത്തും സ്കൂൾ അധികൃതരും പ്രതിസന്ധിയിലായി. ചില സ്കൂളുകളിൽ കുട്ടികൾക്കുള്ള ഭക്ഷണം വരെ തയ്യാറാക്കിയിരുന്നു. വടവുകാട് കോലഞ്ചേരിയിലെ സ്കൂളിൽ എണ്ണൂറ് കുട്ടികൾക്കുള്ള ഭക്ഷണം തയ്യാറാക്കിയ ശേഷമാണ് കലക്ടറുടെ അറിയിപ്പ് എത്തിയത്. ഭക്ഷണം എന്ത് ചെയ്യണമെന്ന് അറിയാതെ ബുദ്ധിമുട്ടിലായിരിക്കുകയാണ് ഇവിടെ അധ്യാപകർ.

അതിനിടെ, ആലപ്പുഴയിൽ പുതുതായി ചാർജെടുത്ത കലക്ടർ കൃഷ്ണ തേജ അവധി പ്രഖ്യാപിച്ച് നൽകിയ അറിയിപ്പും എറണാകുളം കലക്ടറുടെ കമന്റ് ബോക്സിൽ നിറയുന്നുണ്ട്. പ്രിയപ്പെട്ട കുട്ടികളേ.. എന്ന് അഭിസംബോധന ചെയ്ത് രസകരമായ ഭാഷയിലായിരുന്നു കലക്ടറുടെ അവധിപ്രഖ്യാപനം. “തന്റെ ആദ്യ ഉത്തരവ് തന്നെ നിങ്ങള്‍ക്ക് വേണ്ടിയാണ്. നിങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടിയാണ്. നാളെ നിങ്ങള്‍ക്ക് ഞാന്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.’ എന്നാായിരുന്നു അറിയിപ്പ്. അവധിയാണെങ്കിലം പാഠ പുസ്തകം മറിച്ചുനോക്കണമെന്നും വെള്ളക്കെട്ടിലെക്കൊന്നും പോകരുതെന്നും കലക്ടർ ഉപദേശവും നൽകുന്നുണ്ട്. ഈ പോസ്റ്റിന് താഴെ കലക്ടർക്ക് അഭിനന്ദന പ്രവാഹം ഒഴുകുമ്പോഴാണ് തൊട്ടടുത്ത ജില്ലയായ എറണാകുളത്ത് അവധി പ്രഖ്യാപിച്ച് കലക്ടർ പുലിവാലുപിടിച്ചത്.

കെ എം ബഷീർ കൊലക്കേസ് പ്രതി ശ്രീറാം വെങ്കിട്ടരാമന്റെ ഭാര്യ കൂടിയാണ് എറണാകുളം കലക്ടർ ഡോ. രേണു രാജ്. ആലപ്പുഴ കലക്ടറായിരുന്ന അവരെ എറണാകുളത്തേക്ക് മാറ്റുകയും ആലപ്പുഴയിൽ ശ്രിറാമിനെ കലക്ടറാക്കുകയും ചെയ്തിരുന്നു. പ്രതിഷേധത്തെ തുടർന്ന് ശ്രീറാമിനെ സിവിൽ സപ്ലെെസ് വകുപ്പിലേക്ക് മാറ്റി.

ശ്രീറാമിനെ കലക്ടറാക്കിയ പ്രഖ്യാപനം വന്നതിന് പിന്നാലെ ആലപ്പുഴ കലക്ടറുടെ പേജിൽ പ്രതിഷേധ പൊങ്കാല വർഷിച്ചിരുന്നു. പ്രതിഷേധം സഹിക്കവയ്യാതായതോടെ രേണു രാജ് കമന്റ് ബോക്സ് പൂട്ടി. പിന്നീട് ശ്രീറാം ചുമലത ഏറ്റെടുത്ത ശേഷവും കമന്റ് ബോക്സ് തുറന്നില്ല. ഒടുവിൽ ശ്രീറാം മാറി കൃഷ്ണ തേജ കലക്ടറായി എത്തിയതോടെയാണ് കമന്റ് ബോക്സ് തുറന്നത്.

പ്രതിഷേധ പൊങ്കാല കാരണം കമന്റ് ബോക്സ് പൂട്ടിയ അനുഭവപരിചയമുള്ള കലക്ടർ ഡോ. രേണു രാജ് എറണാകുളം കലക്ടറുടെ പേജിലും കമന്റ് ബോക്സിന് പൂട്ടിടുമോ എന്നാണ് ജനങ്ങൾ ഇപ്പോൾ ഉറ്റുനോക്കുന്നത്.

 

Latest