Connect with us

Kerala

ചരിത്ര മുന്നേറ്റം: സംസ്ഥാനത്തെ 200 ആശുപത്രികള്‍ ദേശീയ ഗുണനിലവാരത്തില്‍

പുതുതായി മൂന്ന് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി എന്‍ ക്യു എ എസ് അംഗീകാരം ലഭിച്ചതോടെയാണ് ഈ ചരിത്ര നേട്ടം കൈവരിച്ചത്.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ 200 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ദേശീയ ഗുണനിലവാര അംഗീകാരമായ നാഷനല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ്സ് (എന്‍ ക്യു എ എസ്) സര്‍ട്ടിഫിക്കേഷന്‍ ലഭ്യമായതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പുതുതായി മൂന്ന് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി എന്‍ ക്യു എ എസ് അംഗീകാരം ലഭിച്ചതോടെയാണ് ഈ ചരിത്ര നേട്ടം കൈവരിച്ചത്. മികച്ച സ്‌കോറോടെയാണ് സംസ്ഥാനത്തെ പല ആരോഗ്യ സ്ഥാപനങ്ങളും ഈ നേട്ടം കൈവരിച്ചത്. ആരോഗ്യ സ്ഥാപനങ്ങളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്താനായി സര്‍ക്കാര്‍ പ്രത്യേക പദ്ധതി തയ്യാറാക്കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ആശുപത്രികളില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ഈ നേട്ടം കൈവരിക്കാനായതെന്നും മന്ത്രി വ്യക്തമാക്കി. ഇടുക്കി ജില്ലയിലെ ചിന്നക്കനാല്‍ കുടുംബാരോഗ്യ കേന്ദ്രം 94.92 ശതമാനം സ്‌കോറും, വയനാട് ജില്ലയിലെ വെങ്ങപ്പള്ളി കുടുംബാരോഗ്യ കേന്ദ്രം 89.65 ശതമാനം സ്‌കോറും, വയനാട് ജില്ലയിലെ മുത്തങ്ങ ജനകീയ ആരോഗ്യ കേന്ദ്രം 88.86 ശതമാനം സ്‌കോറും കൈവരിച്ചാണ് എന്‍ ക്യു എ എസ് നേടിയെടുത്തത്. ഇതോടെ അഞ്ച് ജില്ലാ ആശുപത്രികള്‍, നാല് താലൂക്ക് ആശുപത്രികള്‍, 11 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 41 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, 135 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, നാല് ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ എന്‍ ക്യു എ എസ് അംഗീകാരം നേടി. ബാക്കിയുള്ള സ്ഥാപനങ്ങളെ കൂടി മിഷന്‍ അടിസ്ഥാനത്തില്‍ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള ശ്രമമാണ് നടന്നു വരുന്നത്. എന്‍ ക്യു എ എസ് അംഗീകാരത്തിന് മൂന്ന് വര്‍ഷത്തെ കാലാവധിയാണുളളത്.

മൂന്ന് വര്‍ഷത്തിന് ശേഷം ദേശീയ സംഘത്തിന്റെ പുനപ്പരിശോധന ഉണ്ടാകും. കൂടാതെ വര്‍ഷാവര്‍ഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും. എന്‍ ക്യു എ എസ് അംഗീകാരം ലഭിക്കുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് ഒരു പാക്കേജിന് 18,000 രൂപ വീതവും മറ്റ് അശുപത്രികള്‍ക്ക് ഒരു കിടക്കക്ക് 10,000 രൂപ എന്ന നിലയിലും വാര്‍ഷിക ഇന്‍സെന്റീവ് ലഭിക്കും.

 

---- facebook comment plugin here -----

Latest