Connect with us

From the print

കുഞ്ഞൻ സംസ്ഥാനത്തെ ഹിമാലയൻ വിഷയങ്ങൾ

മുഖ്യമന്ത്രി പ്രേം സിംഗ് തമാംഗിന്റെ ആകർഷണീയ നേതൃത്വമാണ് എസ് കെ എമ്മിന്റെ ശക്തി.

Published

|

Last Updated

രാജ്യത്ത് ജനസംഖ്യ ഏറ്റവും കുറഞ്ഞ വടക്കുകിഴക്കൻ സംസ്ഥാനമാണ് സിക്കിം. തിബത്ത്, ഭൂട്ടാൻ, നേപ്പാൾ എന്നിവയുമായി അതിർത്തി പങ്കിടുന്ന സിക്കിം, 1975ലാണ് ഇന്ത്യൻ യൂനിയന്റെ ഭാഗമായത്. നിയമസഭ, ലോക്‌സഭ തിരഞ്ഞെടുപ്പുകൾ ഒരുമിച്ചാണ് ഇവിടെ. 32 നിയമസഭാ സീറ്റുകളും ഒരു ലോക്‌സഭാ സീറ്റുമാണുള്ളത്. കാൽ നൂറ്റാണ്ടോളം അധികാരത്തിലിരുന്ന സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടി (എസ് ഡി എഫ്)നെ പരാജയപ്പെടുത്തിയ സിക്കിം ക്രാന്തികാരി മോർച്ച (എസ് കെ എം) ആണ് ഭരിക്കുന്നത്. സിറ്റിംഗ് എം പിയും എസ് കെ എം പ്രതിനിധി തന്നെ. ഈ രണ്ട് പാർട്ടികളാണ് സിക്കിമിനെ നിയന്ത്രിക്കുന്നത്.
യുവതുർക്കി
മുഖ്യമന്ത്രി പ്രേം സിംഗ് തമാംഗിന്റെ ആകർഷണീയ നേതൃത്വമാണ് എസ് കെ എമ്മിന്റെ ശക്തി. യുവനേതാവായതിനാൽ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കാൻ അദ്ദേഹത്തിന് സാധിക്കുന്നു. വനിതാ കേന്ദ്രീകൃത പദ്ധതികളായ അമാ യോജന, ബാഹിനി, വാത്സല്യ പോലുള്ളവ വോട്ടാകുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരുന്നതിന് തൊട്ടുമുമ്പ് കാൽ ലക്ഷത്തിലധികം തൊഴിലുകൾ ക്രമവത്കരിച്ചത് വലിയ സഹായം ചെയ്യുമെന്നാണ് പ്രതീക്ഷ.
എസ് ഡി എഫിൽ നിന്ന് രാജിവെച്ച മുതിർന്ന നേതാക്കൾ പാർട്ടിയിൽ ചേർന്നത് എസ് കെ എമ്മിനെ ശക്തിപ്പെടുത്തിയിട്ടുണ്ട്. 13,000ത്തിലേറെ പുതിയ വോട്ടർമാർ പാർട്ടിയിൽ ചേർന്നെന്നും നേതാക്കൾ പറയുന്നുണ്ട്.
അതേസമയം, എതിർ പാർട്ടികളെ കൈക്കരുത്ത് കൊണ്ട് നേരിടുന്നതിലാണ് എസ് കെ എമ്മിന്റെ ശ്രദ്ധയെന്ന് പ്രതിപക്ഷം പറയുന്നു. ഭരണകക്ഷിയുടെ ഗുണ്ടകൾ വിളയാടുകയാണെന്നും അവർ ആരോപിക്കുന്നു.
അഴിമതി, സാമ്പത്തിക ക്രമക്കേട്, വ്യാപാരികളിൽ നിന്നുള്ള പിടിച്ചുപറി എന്നിവയും ഭരണകക്ഷിക്കെതിരെ ആരോപണങ്ങളായുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ പാലിക്കാത്തത് തിരിച്ചടിയാകും. വിശിഷ്യ, സിക്കിം നിയമസഭയിൽ ലിംബു- തമാംഗ് സീറ്റ് സംവരണം പോലുള്ള വൈകാരിക വിഷയങ്ങൾ. 12 സമുദായങ്ങൾക്ക് ഗോത്ര പദവി ഇനിയും നൽകാത്തതും തിരഞ്ഞെടുപ്പ് ചർച്ചയാണ്.
ബൂട്ടിയ കരുത്തിൽ എസ് ഡി എഫ്
തിരിച്ചടിയിൽ പാഠം ഉൾക്കൊണ്ട് പുതിയ പാർട്ടിയായി തങ്ങൾ മാറിയെന്ന് എസ് ഡി എഫ് പറയുന്നു. “സിക്കിം ബച്ചാവോ അഭിയാൻ’ എന്നതാണ് അവരുടെ പുതിയ മുദ്രാവാക്യം. യുവാക്കളുടെയും പരിചിതരുടെയും സമ്മിശ്രമാണ് പാർട്ടി. അക്രമരഹിത പാർട്ടിയെന്ന പ്രതിച്ഛായയും എസ് ഡി എഫ് വളർത്തിക്കൊണ്ടുവരുന്നുണ്ട്. മണ്ണിന്റെ മകനായ മുൻ ഫുട്‌ബോൾ താരം ബൈച്ചുംഗ് ബൂട്ടിയ പാർട്ടിയിൽ ചേർന്നത് എസ് ഡി എഫിന് വലിയ മൈലേജായിട്ടുണ്ട്. അദ്ദേഹത്തിന്റെ ഹംറോ സിക്കിം പാർട്ടി എസ് ഡി എഫിൽ ലയിക്കുകയും ചെയ്തു. ചട്ടം നിലവിൽ വരുന്നതിന് മുമ്പ് തന്നെ അഞ്ച് സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ എസ് ഡി എഫിന് സാധിച്ചു. സംസ്ഥാനത്തിന്റെ വിഭവങ്ങളും സ്വത്തുക്കളും എസ് കെ എം വിൽക്കുകയാണെന്നും ഭരണത്തിൽ സഖ്യകക്ഷിയായ ബി ജെ പിയുടെ താത്പര്യത്തിന് അനുസൃതമായാണ് ഭരണമെന്നും എസ് ഡി എഫ് ആരോപിക്കുന്നു. അതേസമയം, ഒറ്റയാൾ പാർട്ടിയായാണ് എസ് ഡി എഫ് കണക്കാക്കപ്പെടുന്നത്. ഏതാനും പ്രമുഖ നേതാക്കളെ മാറ്റിനിർത്തിയാൽ ജനങ്ങൾക്കിടയിൽ ചിരപരിചിതരായവർ കുറവാണ്. നേതാക്കളുടെ രാജിയിൽ ദ്വാരം വീണ കപ്പലായി പാർട്ടി മാറിയിട്ടുണ്ട്. അതേസമയം, പവൻകുമർ ചാംലിംഗ് എന്ന ശക്തനായ കപ്പിത്താന് നിയന്ത്രണം നഷ്ടപ്പെട്ടിട്ടുമില്ല.
മറ്റ് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് സമാനമായി കേന്ദ്ര ഭരണത്തിന്റെ ആനുകൂല്യത്തിൽ ഭരണത്തിൽ കക്ഷിയാണ് ബി ജെ പി. സഖ്യമായതിനാൽ എസ് കെ എം പ്രവർത്തകരുടെ നല്ല പിന്തുണ ബി ജെ പിക്ക് ലഭിക്കും. തിരഞ്ഞെടുപ്പിൽ പോരടിക്കുന്നതിൽ ബി ജെ പിക്ക് ഫണ്ട് ധാരാളമുണ്ടുതാനും. എസ് കെ എം, എസ് ഡി എഫ് പാർട്ടികളിൽ നിന്ന് ഒറ്റക്കും തെറ്റക്കും ബി ജെ പിയിലേക്ക് ആളുകൾ പോകുന്നുമുണ്ട്. എന്നാൽ, പ്രാദേശിക പാർട്ടികളുടെ ശക്തമായ പ്രവർത്തനത്തിൽ ബി ജെ പി, കോൺഗ്രസ്സ് പോലെയുള്ള ദേശീയ പാർട്ടികളെ സിക്കിമുകാർ അടുപ്പിക്കാറില്ല. “പുറത്തുനിന്നുള്ളവർ’ എന്ന ചാപ്പയാണ് ഈ പാർട്ടികൾക്കുള്ളത്. സിക്കിം സംസ്ഥാനം നിലവിൽ വന്നതിന് ശേഷമുള്ള 1977ലെ ആദ്യ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മാത്രം കോൺഗ്രസ്സ് ജയിച്ചത് ഇതിന് തെളിവാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളും ലഭിച്ചത് പ്രാദേശിക പാർട്ടികൾക്കായിരുന്നു. ബി ജെ പിയും കോൺഗ്രസ്സും സംപൂജ്യരായി.
സുപ്രീം കോടതി വിധി
സുപ്രീം കോടതിയുടെ 2023 ജനുവരി 13ലെ വിധി വലിയ ഒച്ചപ്പാടുകളാണ് സിക്കിമിൽ സൃഷ്ടിച്ചത്. സിക്കിം സ്വത്വവുമായി ബന്ധപ്പെട്ട വലിയ വാഗ്വാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും അത് ഇടയാക്കി. ഇന്ത്യയുടെ ഭാഗമാകുന്ന സമയത്തെ സിക്കിം കുടുംബങ്ങൾ അനുഭവിച്ച ആദായനികുതി ഇളവ്, സംസ്ഥാനത്ത് കാലങ്ങളായി താമസിക്കുന്ന മറ്റ് ഇന്ത്യക്കാർക്കും നൽകണമെന്നതായിരുന്നു വിധി. സിക്കിമുകാർ എന്ന പദത്തിന്റെ നിർവചനത്തിലേക്ക്, “പുറത്തുനിന്നുള്ളവരെയും’ ഉൾപ്പെടുത്തുന്നത് തങ്ങളുടെ സ്വത്വത്തിൽ വെള്ളം ചേർക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഗോത്ര വിഭാഗങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. നേപ്പാൾ സിക്കിംകാരാണ് സംസ്ഥാനത്ത് ഭൂരിപക്ഷം. 14ാം നൂറ്റാണ്ടിൽ തിബത്തിലെ ഖാം ജില്ലയിൽ നിന്ന് കുടിയേറിയ ബൂട്ടിയകൾ, ആദികാലത്തേയുള്ള ലെപ്ചകൾ, തിബത്തൻ, ബംഗാളികളും ബിഹാരികളും അടക്കമുള്ള സമതല സിക്കിമുകാർ എന്നിവരാണ് മറ്റ് വിഭാഗങ്ങൾ. 57.76 ശതമാനമുള്ള ഹിന്ദുക്കളാണ് ഭൂരിപക്ഷം. 27.39 ശതമാനം ബുദ്ധന്മാരും 9.91 ശതമാനം ക്രിസ്ത്യാനികളും 1.62 ശതമാനം മുസ്‌ലിംകളും ഇവിടെയുണ്ട്.
ഇന്ത്യയിൽ ലയിക്കുന്നത് വരെ ചൊഗ്യാൽ രാജാക്കന്മാരായിരുന്നു സിക്കിം ഭരിച്ചിരുന്നത്. ചൊഗ്യാൽ രാജാവിന്റെ കീഴിൽ പൗര രജിസ്റ്ററുമുണ്ടായിരുന്നു. ഇതിൽ ഉൾപ്പെട്ടവരെയാണ് “യഥാർഥ സിക്കിം’കാരായി കണക്കാക്കുന്നത്. ഇവർക്കാണ് അന്ന് ആദായനികുതി ഇളവ് നൽകിയിരുന്നത്. രജിസ്റ്ററിൽ ഉൾപ്പെടാത്തവരെല്ലാം “വിദേശി’കളായി. കേന്ദ്ര സർക്കാറും അവസാന സിക്കിം രാജാവ് ചൊഗ്യാൽ പാൾഡൻ തോംഗ്ഡപ് നംഗ്യാലും സിക്കിമിലെ രാഷ്ട്രീയ പാർട്ടികളും 1973 മെയ് എട്ടിന് ഒപ്പുവെച്ച കരാർ പ്രകാരം, സിക്കിമുകാർ എന്നത് സംരക്ഷിത പദമാണ്. സുപ്രീം കോടതി വിധി പ്രകാരം സിക്കിം, നേപ്പാൾ സമുദായം വിദേശികളായി മുദ്ര കുത്തപ്പെട്ടുവെന്ന വികാരം ഇവർക്കുണ്ട്. അതിനാൽ, വരും തിരഞ്ഞെടുപ്പിൽ സുപ്രീം കോടതി വിധി വലിയ ചലനങ്ങൾ സൃഷ്ടിക്കും. പരമോന്നത കോടതിയിൽ സംസ്ഥാന സർക്കാറിന്റെ പോരാട്ടം ദുർബലമാണെന്നും വാദങ്ങളുണ്ട്. ഇത് എസ് കെ എമ്മിന് വിനയാകും.