National
ബി എം ഡബ്ല്യു കാറിന് മുകളിലേക്ക് ടാങ്കർ ലോറി മറിഞ്ഞു; ഹൈക്കോടതി അഭിഭാഷകന് ദാരുണാന്ത്യം
ടോൾ പ്ലാസയിൽ വളവ് തിരിയുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണം
വിജയവാഡ | ആന്ധ്രപ്രദേശിലെ ഹൈദരാബാദ്-വിജയവാഡ ദേശീയപാതയിലുണ്ടായ ദാരുണമായ അപകടത്തിൽ പ്രമുഖ ഹൈക്കോടതി അഭിഭാഷകന് ദാരുണാന്ത്യം. കാഞ്ചികാചർല മണ്ഡലത്തിലെ കീസര ടോൾ പ്ലാസയിൽ ശനിയാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. ബി ശ്രീനിവാസ് റാവു എന്ന അഭിഭാഷകനാണ് മരിച്ചത്.
അമരാവതിയിൽ നടന്ന ബാർ കൗൺസിൽ തിരഞ്ഞെടുപ്പിൽ പങ്കെടുത്ത ശേഷം ഹൈദരാബാദിലേക്ക് മടങ്ങുകയായിരുന്നു ശ്രീനിവാസ് റാവു. അദ്ദേഹം സഞ്ചരിച്ചിരുന്ന ബി എം ഡബ്ല്യു കാറിന് മുകളിലേക്ക് കോൺക്രീറ്റ് മിശ്രിതം കയറ്റിയ ടാങ്കർ ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ടോൾ പ്ലാസയിൽ വളവ് തിരിയുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക റിപ്പോർട്ട്.
അപകടത്തിന്റെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. ടാങ്കറിന്റെ ഭാരത്താൽ കാർ തിരിച്ചറിയാൻ കഴിയാത്ത വിധം പരന്ന അവസ്ഥയിലായി. ടോൾ പ്ലാസ ജീവനക്കാരും പോലീസും ഉടൻ തന്നെ സ്ഥലത്തെത്തി ജെ സി ബി ഉപയോഗിച്ചാണ് ടാങ്കർ ഉയർത്തിയത്. തുടർന്ന് കാറിനുള്ളിൽ നിന്ന് ശ്രീനിവാസ് റാവുവിന്റെ മൃതദേഹം പുറത്തെടുത്തു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി അയച്ചിട്ടുണ്ട്.
ടാങ്കർ ലോറി അമിതഭാരം കയറ്റിയിരുന്നോ എന്നും ഡ്രൈവറുടെ ഭാഗത്ത് വീഴ്ചയുണ്ടായോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്ന് വിജയവാഡ പോലീസ് കമ്മീഷണർ എസ് വി രാജശേഖര ബാബു അറിയിച്ചു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.
Summary
A senior High Court advocate, B. Srinivas Rao, was killed when a concrete mixer truck overturned and flattened his BMW at the Keesara Toll Plaza in Andhra Pradesh. The accident occurred on the Hyderabad-Vijayawada highway while Rao was returning from Bar Council elections in Amaravati. Preliminary reports suggest the truck lost control due to a brake failure while negotiating a turn near the toll gate.




