Connect with us

book review

മാനവികതയുടെ വീരഗാഥകൾ

1975ൽ "മിസ്റ്റർ മാജിക് ഇന്ത്യ'യായി തിരഞ്ഞെടുക്കപ്പെട്ട മലയത്ത് ആയിരം വർഗീയ വിരുദ്ധ മാജിക് പ്രകടനങ്ങളാണ് ആ കാലത്ത് നടത്തിയത്. കേരളത്തിനകത്തും പുറത്തുമായി അവതരിപ്പിച്ച ആ മാജിക് റാലിയിലെ ഐറ്റങ്ങൾ മുഴുവൻ സംവിധാനം ചെയ്തുതന്ന് തങ്ങളെ സഹായിച്ചത് സാക്ഷാൽ വൈക്കം മുഹമ്മദ് ബഷീറായിരുന്നു എന്ന് മലയത്തും ജോൺസൺ ഐരൂരും വെളിപ്പെടുത്തുന്നിടത്ത് ആ സൗഹാർദത്തിന്റെയും സഹവർത്തിത്വത്തിന്റെയും ആഴം നമുക്ക് ബോധ്യപ്പെടും.

Published

|

Last Updated

ആർ കെ മലയത്തെന്ന ഇന്ദ്രജാലവിദഗ്ധനായ കലാകാരന്റെ മനുഷ്യസ്നേഹവും വിസ്മയക്കാഴ്ചകളെ സാമൂഹിക നന്മകളുടെ സന്ദേശവുമാക്കി മാറ്റിയ അരനൂറ്റാണ്ടിന്റെ ചരിത്രവും പുസ്തകരൂപം പ്രാപിച്ചതാണ് “ആർ കെ മലയത്ത് മായക്കാഴ്ചകളുടെ അരനൂറ്റാണ്ട്’ എന്ന 200 പേജുകളിൽ പരന്നു കിടക്കുന്ന പുസ്തകം.
തേക്കിന്റെയും പ്രകൃതി ഭംഗിയുടെയും നാടെന്ന ഖ്യാതിയുള്ള നിലമ്പൂരിനെ മാജിക്ക് കലയുടെ ഇതിഹാസഭൂമി കൂടിയാക്കി മാറ്റി പ്രശസ്തിയുടെ ചക്രവാളങ്ങളിൽ പ്രതിഷ്ഠിച്ചതിൽ ഏറ്റവും വലിയ പങ്ക് ആർ കെ മലയത്തിന് അവകാശപ്പെട്ടതാണ്. തന്റെ കലാജീവിതത്തിന് അരനൂറ്റാണ്ട് തികയുമ്പോൾ പുതുമയുള്ള ഒരു തീരുമാനത്തിലൂടെ മകൻ രാകിൻ മലയത്തിന് മാന്ത്രികദണ്ഡ് കൈമാറിക്കൊണ്ട് അദ്ദേഹം അരങ്ങത്തു നിന്ന് അണിയറയിലേക്ക് പിൻവാങ്ങുകയാണ്.
മാന്ത്രികജീവിതത്തെ വെറും രസിപ്പിക്കലിൽ തളച്ചിടാതെ അധർമങ്ങൾക്കും അനാചാരങ്ങൾക്കും ആൾദൈവ കാപട്യങ്ങൾക്കുമെതിരേയുള്ള സമരായുധം കൂടിയാക്കി മാറ്റിയ മനുഷ്യസ്നേഹത്തിന്റെ ഉദാത്തമാതൃകയാണ് മലയത്തെന്ന് മലയാളത്തിന്റെ സാഹിത്യ, സാംസ്കാരിക, രാഷ്ട്രീയ, കലാരംഗത്തെ പ്രശസ്തരായ 60ൽ പരം പ്രതിഭകൾ സാക്ഷ്യപ്പെടുത്തുകയാണീ പുസ്തകത്തിൽ.

1975ൽ “മിസ്റ്റർ മാജിക് ഇന്ത്യ’യായി തിരഞ്ഞെടുക്കപ്പെട്ട മലയത്ത് 1000 വർഗീയ വിരുദ്ധ മാജിക്ക് പ്രകടനങ്ങളാണ് ആ കാലത്ത് നടത്തിയത്. കേരളത്തിനകത്തും പുറത്തുമായി അവതരിപ്പിച്ച ആ മാജിക്റാലിയിലെ ഐറ്റങ്ങൾ മുഴുവൻ സംവിധാനം ചെയ്തുതന്ന് തങ്ങളെ സഹായിച്ചത് സാക്ഷാൽ വൈക്കം മുഹമ്മദ് ബഷീറായിരുന്നു എന്ന് മലയത്തും ജോൺസൺ ഐരൂരും വെളിപ്പെടുത്തുന്നിടത്ത് ആ സൗഹാർദത്തിന്റെയും സഹവർത്തിത്വത്തിന്റെയും ആഴം നമുക്ക് ബോധ്യപ്പെടും.

മാജിക്കിന്റെ സൗന്ദര്യം രഹസ്യത്തിലല്ല അവതരണത്തിലാണെന്ന് തുറന്ന് പ്രഖ്യാപിച്ച മജീഷ്യനാണദ്ദേഹം. ” ഇത് ഒരിക്കലും പഠിച്ചു തീരാത്ത കലയാണെന്നും രഹസ്യം പറഞ്ഞു കൊടുത്താൽ മാജിക് ഒന്നുമല്ല’ ( ബഷീറുമായുള്ള സംഭാഷണത്തിൽ ) എന്ന മലയത്തിന്റെ വെളിപ്പെടുത്തൽ ഇന്ദ്രജാലത്തെ വലിയൊരു ആത്മീയ ചൂഷണത്തിന് വഴിമരുന്നാക്കാൻ ആഗ്രഹിച്ചിരുന്ന പലർക്കും കനത്ത ആഘാതം കൂടിയായിരുന്നു.
അതുകൊണ്ടാകും പെരുമ്പടവം ശ്രീധരൻ എന്ന എഴുത്തുകാരൻ ഇങ്ങനെ നിരീക്ഷിക്കുന്നത്. “എവിടെയാണ് കൂടുതൽ വിലക്ക് തങ്ങളെ വിൽക്കാൻ കഴിയുന്ന ചന്തകളുള്ളതെന്ന് അന്വേഷിച്ചു നടക്കുന്ന കൂട്ടത്തിൽ പെടാത്ത ഒരു ശുദ്ധ കലാകാരനാണ് മലയത്തെന്ന്’ പുസ്തകത്തിൽ കുറിച്ചിട്ടത്. മോഹൻലാലും അടൂർ ഗോപാലകൃഷ്ണനും ഒക്കെ അത്ഭുതത്തോടെയാണ് മലയത്തിനെ കാണുന്നതെന്നത് ആ എളിമക്കും ഉയർന്ന സർഗാത്മകതക്കുമുള്ള അംഗീകാരം തന്നെയാണ്.
എം പി വീരേന്ദ്രകുമാർ, സി രാധാകൃഷ്ണൻ, നടൻ ശ്രീനിവാസൻ, സൂര്യ കൃഷ്ണമൂർത്തി…. തുടങ്ങിയവരുടെയൊക്കെ മനസ്സിൽ മജീഷ്യനും മനുഷ്യ സ്നേഹിയുമായി മലയത്ത് സ്ഥാനം പിടിച്ചതിന്റെ സത്യസന്ധമായ വിവരണങ്ങൾ പ്രാധാന്യമർഹിക്കുന്നു.

“ആർ കെയിലെ മനുഷ്യനാണ് അദ്ദേഹത്തിലെ കലാകാരനക്കാൾ ഉയർന്നു നിൽക്കുന്നതെന്നു തോന്നും’ സമദാനിയുടെ ഈ വിലയിരുത്തൽ മലയത്തിനെ ഒരിക്കൽ പരിചയപ്പെട്ടവർക്കൊക്കെയുള്ള അനുഭവസാക്ഷ്യം കൂടിയായി മാറും.

മിഡ്ബ്രെയിൻ സംഘം പാലക്കാട് നിന്നും ഒരു കൊച്ചു പെൺകുട്ടിയെ കൊണ്ട് വന്ന് കുട്ടിക്ക് അമാനുഷികമായ ചില കഴിവുകളുണ്ടെന്ന് അവകാശവാദം ഉന്നയിക്കുകയും അത് തട്ടിപ്പാണെന്ന് മലയത്തും നിലപാടിൽ ഉറച്ചു നിന്ന സംഭവത്തിന് അതിന്റെ നിജസ്ഥിതി അറിയാനുള്ള ജിജ്ഞാസയിൽ മലയത്തിന്റെ വീട്ടിൽ ഒരുമിച്ച് കുടിയ ഒരനുഭവം എം സ്വരാജ് പുസ്തകത്തിൽ വിവരിക്കുന്നത് ശ്രദ്ധേയമാണ്.

കണ്ണുകൾ നന്നായി മുറുക്കിക്കെട്ടിയ ശേഷം അവർ കൊണ്ടുവന്ന പെൺകുട്ടി ബൈക്ക് ഓടിക്കുമെന്ന് മിഡ്ബ്രെയിൻകാരും സാധ്യമല്ലെന്ന് മലയത്തും പരസ്പരം വെല്ലുവിളിച്ചു. ഒടുവിൽ മിഡ്ബ്രെയിൻ തട്ടിപ്പിന് അറുതിവരുത്തി അവരെക്കൊണ്ട് അത് സാധ്യമല്ലെന്ന് സമ്മതിപ്പിച്ചു മലയത്ത് എന്ന് സ്വരാജ് ഓർത്തെടുക്കുന്നു.
മറ്റു കലാകാരന്മാർ കാണിക്കാൻ ധൈര്യപ്പെടാത്ത ഇന്ദ്രജാല വിസ്മയ പ്രകടനങ്ങളിൽ സ്വന്തം കുടുംബത്തെ പ്രത്യേകിച്ച് ഭാര്യ നിർമലയെക്കൂടി കൂട്ടിക്കൊണ്ട് മാജിക്കിനെ ജനകീയ കലയാക്കി മാറ്റാനും അരുതായ്മകൾക്കെതിരേയുള്ള പടയോട്ടങ്ങളാക്കി മാറ്റാനും ആർ കെ മലയത്ത് നടത്തിയ ധീരോദാത്തതയേയും സാഹസികതയേയും ഈ പുസ്തകത്തിലൂടെ നിരവധി പ്രഗത്ഭ വ്യക്തിത്വങ്ങൾ എടുത്തുദ്ധരിക്കുന്നുണ്ട്.

ഗോപിനാഥ് മുതുകാട് തൊട്ട് കേരളത്തിന്റെ നാനാഭാഗത്തും പടർന്നു കിടക്കുന്ന മജീഷ്യന്മാരായ ശിഷ്യന്മാരും നിലമ്പൂർ ആഇശ, അര്യാടൻഷൗക്കത്ത്, കൃഷ്ണചന്ദ്രൻ ടി തുടങ്ങിയ നിലമ്പൂരിലെ ചലച്ചിത്ര പ്രവർത്തകർക്കും പി വി അബ്ദുൽ വഹാബിനെ പോലുള്ള നിലമ്പൂരിലെ ഉന്നത രാഷ്ട്രീയ നേതാക്കൾക്കും എല്ലാം മലയത്ത് പ്രചോദകനും വഴികാട്ടിയുമായെങ്കിൽ ഒരു കലാകാരൻ വിശ്വ പ്രശസ്തനാകുന്നതിന് മുമ്പ് സ്വന്തം നാടിന്റെ ഐകകണ്ഠ്യേനയുള്ള അംഗീകാരം നേടിയെടുത്തു എന്നത് എടുത്തു പറയേണ്ടതാണ്.

ഒരു വ്യക്തിയുടെ ജീവചരിത്രം എന്നതിലുപരി കേരളത്തിന്റെ ഇന്ദ്രജാലക്കലയുടെ നാൾവഴികളിലൂടെയുള്ള സർഗസഞ്ചാരം കൂടിയാണ്
” മായക്കാഴ്ചകളുടെ അരനൂറ്റാണ്ടെന്ന് ‘ നിസ്സംശയം പറയാം. പ്രസാധനം : അരുൺ ബുക്സ്. നിലമ്പൂർ. വില 500 രൂപ

Latest