Kerala
ശക്തമായ മഴ അഞ്ച് ദിവസം തുടരും; മൂന്ന് ജില്ലകളില്‍ നാളെയും അതിതീവ്ര മഴ
ഉരുള്‍പൊട്ടലിനും മിന്നല്‍ പ്രളയത്തിനും സാധ്യത; അതീവ ജാഗ്രത തുടരണം

കോഴിക്കോട് | സംസ്ഥാനത്ത് ഈ മാസം 30 വരെ അഞ്ച് ദിനങ്ങളില്‍ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 11 ജില്ലകളില്‍ അതിതീവ്രമഴ തുടരുകയാണ്. നാളെ മൂന്ന് ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പുള്ളത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് അതിതീവ്രമഴയുള്ളത്. നാളെ കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് അതിതീവ്ര മഴ പ്രവചിച്ചിരിക്കുന്നത്. അതിതീവ്ര മഴയുള്ള ജില്ലകളിലെല്ലാം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 204.4 മില്ലി മീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുന്നതാണ് അതിതീവ്ര മഴയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
നാളെ തൃശൂര്‍, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. 28ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്.
ഈ മാസം 30 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
അതിതീവ്ര മഴ മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സൃഷ്ടിച്ചേക്കാമെന്നും പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.