Kerala
ഹരിത കര്‍മ സേന വരുമാനം വര്‍ധിപ്പിക്കാനുതകുന്ന മറ്റു മാര്‍ഗങ്ങള്‍ കണ്ടെത്തണം: മന്ത്രി എം ബി രാജേഷ്
ഹരിത കര്‍മ സേന ഫലപ്രദമായും സജീവമായും പ്രവര്‍ത്തിക്കേണ്ടത് മാലിന്യ സംസ്‌കരണത്തില്‍ വളരെ പ്രധാനമാണ്.

പത്തനംതിട്ട | ഹരിത കര്‍മ സേനാംഗങ്ങള്‍ക്ക് വരുമാനം വര്‍ധിപ്പിക്കാന്‍ ഉതകുന്ന മറ്റു മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്നും ഇതിനായി വൈവിധ്യമാര്‍ന്ന സംരംഭങ്ങള്‍ ആലോചിക്കണമെന്നും മന്ത്രി എം ബി രാജേഷ്. പത്തനംതിട്ട ജില്ലയിലെ സമ്പൂര്‍ണ ശുചിത്വ പദ്ധതിയുടെ ഭാഗമായി ജില്ലാ പഞ്ചായത്തും കിലയും ശുചിത്വമിഷനും സംയുക്തമായി ചരല്‍ക്കുന്നില്‍ സംഘടിപ്പിച്ച മൂന്ന് ദിവസത്തെ ജില്ലാതല ശില്‍പശാലയില്‍ മുഖ്യ സന്ദേശം നല്‍കുകയായിരുന്നു മന്ത്രി.
ജൈവമാലിന്യങ്ങളുടെ ഉറവിട സംസ്‌കരണം, അജൈവ മാലിന്യങ്ങളുടെ വാതില്‍പ്പടി ശേഖരണവും സംസ്‌കരണവും എന്നതാണ് ഹരിത കര്‍മ സേനയുടെ അടിസ്ഥാന ലക്ഷ്യം. ഹരിത കര്‍മ സേന ഫലപ്രദമായും സജീവമായും പ്രവര്‍ത്തിക്കേണ്ടത് മാലിന്യ സംസ്‌കരണത്തില്‍ വളരെ പ്രധാനമാണ്. ജില്ലയില്‍ ഉറവിട മാലിന്യ സംസ്‌കരണ സൗകര്യങ്ങളുള്ള വീടുകള്‍ കുറവാണ്. ഇത് പരമാവധി വീടുകളിലേക്ക് വ്യാപിപ്പിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണം. ഓരോ പഞ്ചായത്തിലും ഒരു വാര്‍ഡ് പൂര്‍ണമായും മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യം കൈവരിക്കണം. പിന്നെ പഞ്ചായത്ത്, നഗരസഭ എന്ന നിലയ്ക്ക് മുന്നോട്ടുപോകണം. മാലിന്യമുക്തമാക്കുന്ന പ്രദേശങ്ങള്‍ സംരക്ഷിക്കുകയും ചെയ്യണം.
വിദ്യാലയങ്ങളുടെ പരിസരങ്ങള്‍ വൃത്തിയാക്കുന്നതിന് എന്‍ എസ് എസ്, എസ് പി സി, പരിസ്ഥിതി ക്ലബ്ബുകള്‍ തുടങ്ങിയവരുടെ സഹായം തേടാവുന്നതാണ്. ഏറ്റവും നന്നായി മാലിന്യ സംസ്‌കരണം നടത്തുന്ന പഞ്ചായത്ത്, വാര്‍ഡ്, റെസിഡന്‍സ് അസോസിയേഷന്‍, വീട് എന്നിങ്ങനെ സമ്മാനവും നല്‍കാവുന്നതാണ്. ഭൗതിക ലക്ഷ്യങ്ങള്‍ നിശ്ചയിച്ച് അവ സമയബന്ധിതമായി നടപ്പാക്കി മുന്നോട്ടു പോകാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞാല്‍ സമ്പൂര്‍ണ ശുചിത്വം എന്ന ലക്ഷ്യം വേഗത്തില്‍ കൈവരിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുമായി മന്ത്രി സംവദിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ചു. മലയാളികള്‍ വ്യക്തി ശുചിത്വത്തിന് വളരെയേറെ പ്രാധാന്യം നല്‍കുന്നവരാണെന്നും എന്നാല്‍ പരിസര ശുചിത്വത്തിന്റെ കാര്യത്തില്‍ ഇനിയും പടവുകള്‍ താണ്ടാനുണ്ടെന്നും പത്തനംതിട്ട ജില്ലാ കലക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. മുന്‍ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് ശില്‍പശാലക്ക് നേതൃത്വം നല്‍കി. പത്തനംതിട്ട ജില്ലയെ സമ്പൂര്‍ണ ശുചിത്വത്തിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫെബ്രുവരി 21, 22, 23 തീയ്യതികളില്‍ ത്രിദിന ശില്‍പശാല ചരല്‍ക്കുന്നില്‍ സംഘടിപ്പിച്ചിട്ടുള്ളത്.