Editorial
ഹമാസ് ഭരണമൊഴിഞ്ഞു; ഇനിയെന്ത്?
അമേരിക്കന്‍ മുന്‍കൈയില്‍ രൂപം കൊണ്ട സമാധാന പദ്ധതി നടപ്പാക്കാനുള്ള ബാധ്യതയില്‍ നിന്ന് ഒഴിഞ്ഞുമാറുകയെന്നത് നെതന്യാഹു ഭരണകൂടത്തിന് ഇനി അത്ര എളുപ്പമാകില്ല. കൂടുതല്‍ ശക്തമായ അന്താരാഷ്ട്ര സമ്മര്‍ദത്തിന് സാഹചര്യമൊരുക്കുകയാണ് ഹമാസ് ചെയ്തത്.
ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്ന വംശഹത്യാ ആക്രമണം വെടിനിര്‍ത്തല്‍ ധാരണക്ക് ശേഷവും തുടരുന്ന സാഹചര്യത്തില്‍ ഏറെ നിര്‍ണായകമായ രാഷ്ട്രീയ നീക്കം നടത്തിയിരിക്കുകയാണ് ഹമാസ്. കഴിഞ്ഞ രണ്ട് ദശാബ്ദമായി ഗസ്സാ മുനമ്പിന്റെ ഭരണം കൈയാളുന്ന ഹമാസ് ആ ദൗത്യം തത്കാലം അവസാനിപ്പിച്ചിരിക്കുകയാണ്. ഭരണസമിതി പിരിച്ചുവിട്ടതായും സിവില്‍ ഭരണം നടപ്പാക്കുന്നതിനായി “ടെക്‌നോക്രാറ്റിക്’ സമിതിക്ക് അധികാരം കൈമാറാന്‍ തയ്യാറാണെന്നും ഹമാസ് വ്യക്തമാക്കിയിരിക്കുന്നു. ഹമാസിന്റെ തീരുമാനത്തെ യു എന്‍ സ്വാഗതം ചെയ്തിട്ടുണ്ട്. ഗസ്സയിലും ഫലസ്തീനിലാകെയും സമ്പൂര്‍ണ സമാധാനം സാധ്യമാകാനും നിര്‍ഭയ ജീവിതത്തിലേക്ക് ആ ജനത തിരിച്ചുവരാനുമുള്ള ചുവടുവെപ്പായാണ് ഹമാസിന്റെ ഭരണ പിന്‍മാറ്റത്തെ യു എന്‍ വിലയിരുത്തുന്നത്. ഹമാസിനെ നിരായുധീകരിക്കാതെ ഗസ്സയില്‍ നിന്ന് പിന്‍വാങ്ങില്ലെന്ന് പ്രഖ്യാപിച്ച്, ലോകത്തെയാകെ വെല്ലുവിളിച്ച് അതിക്രൂരമായ ആക്രമണം തുടരുന്ന ഇസ്‌റാഈലിന് നേരെയുള്ള തന്ത്രപരമായ നീക്കമായി വേണം ഇതിനെ കാണാന്‍. ഹമാസ് ഭരണമൊഴിഞ്ഞതോടെ ആ പേര് പറഞ്ഞ് അധിനിവേശം തുടരാന്‍ ഇസ്‌റാഈലിന് സാധിക്കില്ല. അമേരിക്കന്‍ മുന്‍കൈയില്‍ രൂപം കൊണ്ട സമാധാന പദ്ധതി നടപ്പാക്കാനുള്ള ബാധ്യതയില്‍ നിന്ന് ഒഴിഞ്ഞുമാറുകയെന്നത് നെതന്യാഹു ഭരണകൂടത്തിന് ഇനി അത്ര എളുപ്പമാകില്ല. കൂടുതല്‍ ശക്തമായ അന്താരാഷ്ട്ര സമ്മര്‍ദത്തിന് സാഹചര്യമൊരുക്കുകയാണ് ഹമാസ് ചെയ്തത്. ഐക്യരാഷ്ട്ര സഭയും അമേരിക്കയടക്കമുള്ള ശക്തികളും ഇസ്‌റാഈലിനെ നിലക്കുനിര്‍ത്താനുള്ള നട്ടെല്ലുറപ്പ് കാണിക്കുമോയെന്നതാണ് ഇനിയുള്ള ചോദ്യം. യു എന്നിന് ഇക്കാര്യത്തില്‍ വലിയ ഉത്തരവാദിത്വമുണ്ട്. ഹമാസ് ഭരണമൊഴിയുന്ന ഗസ്സയില്‍ യു എന്‍ പിന്തുണയോടെയുള്ള സംവിധാനമാണല്ലോ വരാന്‍ പോകുന്നത്.
കഴിഞ്ഞ ഒക്‌ടോബറില്‍ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ ഹമാസും ഇസ്‌റാഈലും തമ്മില്‍ ഒപ്പുവെച്ച വെടിനിര്‍ത്തല്‍ കരാറിന്റെയും സമാധാന ഉടമ്പടിയുടെയും മുന്നോട്ടുള്ള നടത്തിപ്പിന് കളമൊരുക്കുകയാണ് ഹമാസ് ചെയ്തിട്ടുള്ളത്. നാഷനല്‍ കമ്മിറ്റി ഫോര്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് ഗസ്സ (എന്‍ സി എ ജി)യായിരിക്കും ഇനി ഗസ്സയുടെ ഭരണം നിര്‍വഹിക്കുക. രണ്ട് വര്‍ഷത്തിലേറെ നീണ്ട കൂട്ടക്കൊലക്കും അധിനിവേശത്തിനുമൊടുവില്‍ നിലവില്‍ വന്ന സമാധാന ഉടമ്പടിയുടെ ഭാഗമായാണ് ഈ സമിതി രൂപവത്കരിച്ചത്. 20 ഇന സമാധാന പദ്ധതിയുടെ ഭാഗമായി, യു എന്‍ രക്ഷാ സമിതിയുടെ 2,803ാം പ്രമേയപ്രകാരം ഈ വര്‍ഷം ജനുവരിയിലാണ് എന്‍ സി ജി എ രൂപവത്കരിച്ചത്.
ആവശ്യമായ സംവിധാനങ്ങളും അനുകൂല സാഹചര്യവും ഒത്തുവന്നാല്‍ 15 അംഗ സമിതി ചുമതലയേല്‍ക്കാന്‍ തയ്യാറാണെന്ന് എന്‍ സി എ ജി മേധാവി അലി ശാത്ത് പ്രതികരിച്ചിട്ടുണ്ട്. നിലവില്‍ കൈറോ ആസ്ഥാനമായാണ് എന്‍ സി എ ജി പ്രവര്‍ത്തിക്കുന്നത്. സമിതി അംഗങ്ങള്‍ ഗസ്സയില്‍ പ്രവേശിക്കുന്നത് ഇസ്‌റാഈല്‍ തടസ്സപ്പെടുത്തിയതോടെയാണിത്. ഹമാസ് ഭരണത്തില്‍ നിന്ന് പിന്‍മാറിയതോടെ ഗസ്സയുടെ ഭാവിയെ കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുമെന്നും ഏറെ പ്രാധാന്യമുള്ള രാഷ്ട്രീയ നീക്കമാണ് ഇതെന്നുമാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. 2006ലെ പൊതു തിരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം 2007ല്‍ ഫതഹില്‍ നിന്ന് അധികാരം കൈയേറ്റത് മുതല്‍ ഹമാസാണ് ഗസ്സ ഭരിക്കുന്നത്.
വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കാന്‍ കൂട്ടാക്കാത്ത ഇസ്‌റാഈലിലെ സയണിസ്റ്റ് ഭരണകൂടം ഹമാസിന്റെ ഈ നീക്കത്തെ കൗശലമെന്നാണ് വിശേഷിപ്പിച്ചത്. ദിനംപ്രതി കുഞ്ഞുങ്ങളെയടക്കം കൊന്നുതള്ളുകയും ജീവന്‍ നിലനിര്‍ത്താനുള്ള വെള്ളവും ഭക്ഷണവും വരെ തടയുകയും ആശുപത്രികള്‍ തകര്‍ക്കുകയും ചെയ്യുന്ന നെതന്യാഹുവിന്റെ സൈന്യം ഇപ്പോള്‍ തന്നെ ഗസ്സയുടെ സിംഹഭാഗവും വരുതിയിലാക്കിയിട്ടുണ്ട്. ഹമാസ് ഭരണരംഗത്ത് നിന്ന് പിന്‍വാങ്ങുകയും എന്‍ സി എ ജിയുടെ നിയന്ത്രണം വരികയും ചെയ്താല്‍ കൂടുതല്‍ അധിനിവേശത്തിലേക്കാകുമോ അത് നയിക്കുകയെന്ന ആശങ്കയാണ് ഉയരുന്നത്. സംയുക്ത സമിതി അംഗങ്ങളെ ഗസ്സയില്‍ കാലുകുത്താന്‍ അനുവദിക്കാത്ത ഇസ്‌റാഈല്‍ അവരെ സുഗമമായി ഭരിക്കാന്‍ വിടുമോ? ഗസ്സയില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ച് വിനോദ സഞ്ചാര കേന്ദ്രമാക്കുമെന്ന് പ്രഖ്യാപിച്ച യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേതൃത്വം കൊടുക്കുന്ന ബോര്‍ഡ് ഓഫ് പീസിന്റെ നിയന്ത്രണത്തിലാണ് ഈ എന്‍ സി എ ജി പ്രവര്‍ത്തിക്കുക. ഗസ്സയിലെ മനുഷ്യരുടെ ജീവിതം സുരക്ഷിതമാക്കാനും പുനര്‍ നിര്‍മാണം സാധ്യമാക്കാനുമുള്ള അധികാരം ഈ സമിതിക്ക് കൈവരുമോ? പുതുതായി നിലവില്‍ വരുന്ന ടെക്‌നോക്രാറ്റിക് ഭരണകൂടത്തില്‍ എല്ലാ ഫലസ്തീന്‍ ഗ്രൂപ്പുകള്‍ക്കും ഇടമുണ്ടാകുമോ?
അധിനിവേശ ആക്രമണം അവസാനിപ്പിക്കാനും ഗസ്സക്ക് മേലുള്ള ഉപരോധം നീക്കി സ്വസ്ഥ ജീവിതം അനുവദിക്കാനും ഇസ്‌റാഈലിന് മേല്‍ സമ്മര്‍ദം ചെലുത്താനുള്ള ആജ്ഞാശക്തി ഡൊണാള്‍ഡ് ട്രംപിന് ഇപ്പോഴില്ലെന്ന് ഇറാനുമായി ഒപ്പുവെച്ച ധാരണാപത്രത്തിന്റെ കാര്യത്തില്‍ ലോകം കണ്ടതാണ്. ലബനാന് നേരെയുള്ള ആക്രമണം അവസാനിപ്പിക്കാന്‍ ട്രംപ് നിരന്തരം ആവശ്യപ്പെട്ടിട്ടും നെതന്യാഹു തയ്യാറായിട്ടില്ല. ഗസ്സാ സമാധാന പദ്ധതിയുടെ ഒന്നാം ഘട്ടമായ വെടിനിര്‍ത്തലും സൈനിക പിന്‍മാറ്റവും ഇസ്‌റാഈല്‍ പാലിച്ചിട്ടില്ല. എന്നിട്ടും രണ്ടാം ഘട്ടമായ ഹമാസിന്റെ നിരായുധീകരണത്തെ കുറിച്ചാണ് സയണിസ്റ്റ് രാഷ്ട്രം സംസാരിക്കുന്നത്. ഏതായാലും ഗസ്സയുടെ സുരക്ഷാ കാര്യങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്.



