Connect with us

hajj 2022

ഹജ്ജ്; ഇതുവരെ അപേക്ഷിച്ചത് 2,538 പേർ

കൂടുതൽ മലപ്പുറം ജില്ലയിൽ നിന്ന്

Published

|

Last Updated

കോഴിക്കോട് | അടുത്ത വർഷത്തെ ഹജ്ജിന് ഇന്നലെ വരെ അപേക്ഷിച്ചവരുടെ എണ്ണം 2,538. മലപ്പുറം ജില്ലയിൽ നിന്നാണ് ഇതുവരെ ഏറ്റവും കൂടുതൽ അപേക്ഷകൾ എത്തിയിട്ടുള്ളത്. 813. കോഴിക്കോട് ജില്ലയിൽ നിന്ന് 496 പേരും എറണാകുളം ജില്ലയിൽ നിന്ന് 264 പേരും അപേക്ഷ നൽകി. ആലപ്പുഴ- 36, ഇടുക്കി- 22, കണ്ണൂർ- 307, കാസർകോട്- 167, കൊല്ലം- 63, കോട്ടയം- 18, പാലക്കാട്- 98, പത്തനംതിട്ട- 12, തിരുവനന്തപുരം- 62, തൃശൂർ- 107, വയനാട്- 73 എന്നിങ്ങനെയാണ് ഇതുവരെ വിവിധ ജില്ലകളിൽ നിന്ന് ലഭിച്ച അപേക്ഷകൾ.

അപേക്ഷകൾ ഓൺലൈനായി മാത്രമേ സ്വീകരിക്കുന്നുള്ളൂ. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ ഹജ്ജ് പോർട്ടൽ വഴിയാണ് അപേക്ഷ നൽകേണ്ടത്. ഹജ്ജുമായി ബന്ധപ്പെട്ട പാസ്‌പോർട്ട് നടപടികൾ വേഗത്തിലാക്കാൻ കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്. ഹാജിമാർക്ക് അപേക്ഷ അയക്കാനും സംശയങ്ങൾ ദൂരീകരിക്കാനും വിവിധ ജില്ലകളിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ സേവന കേന്ദ്രങ്ങൾ പ്രവർത്തിച്ചുവരുന്നു. ഇതിനകം അപേക്ഷിച്ച ഭൂരിപക്ഷം പേർക്കും സൂക്ഷ്മ പരിശോധന പൂർത്തിയാക്കി കവർ നമ്പറുകൾ അയച്ചു.

2020-21 തവണത്തെ കൊവിഡ് സാഹചര്യത്തിലുള്ള നിരക്കിനേക്കാളും കൂടുതലാണ് അടുത്ത വർഷത്തെ ഹജ്ജിനുള്ള നിരക്ക്. എന്നാൽ, അവസാന ഘട്ടത്തിൽ നിരക്ക് കുറയാനുള്ള സാധ്യതയും പറയുന്നുണ്ട്. കഴിഞ്ഞ രണ്ട് തവണത്തേതിൽ നിന്ന് വ്യത്യസ്തമായി ഇപ്രാവശ്യം വിദേശികൾക്ക് സഊദി ഹജ്ജിന് അനുമതി നൽകുമെന്നാണ് ലഭിക്കുന്ന സൂചന. ഇന്ത്യയിൽ നിന്നുള്ള ഉംറ തീർഥാടകർക്ക് സഊദി അനുമതി നൽകിയതും ആശാവഹമാണ്. ഇപ്രാവശ്യം അപേക്ഷകരുടെ എണ്ണം കുറവായതിനാൽ അപേക്ഷിക്കുന്നവർക്കെല്ലാം ഹജ്ജിന് അവസരം ലഭിക്കാനിടയുള്ളതായാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസ് അധികൃതരുടെ വിലയിരുത്തൽ. അതേസമയം, ഒമിക്രോൺ സാഹചര്യത്തിൽ അവസാന ഘട്ടത്തിൽ അപേക്ഷ നൽകാൻ കാത്തിരിക്കുന്നവരും ഏറെയുണ്ട്. ജനുവരി 31 ആണ് ഹജ്ജിന് അപേക്ഷിക്കേണ്ട അവസാന തീയതി.

അവസാന ഘട്ടത്തിൽ അപേക്ഷിക്കാൻ കാത്തുനിൽക്കുന്നത് ഒരു പക്ഷേ സൈറ്റ് ബ്ലോക്ക് ആകാൻ ഉൾപ്പെടെ സാധ്യതകൾ കൂടുതലാണ്. അതിനാൽ അടുത്ത വർഷത്തെ ഹജ്ജിന് അപേക്ഷിക്കാൻ ഉദ്ദേശിക്കുന്നവർ നേരത്തേ തന്നെ അപേക്ഷിക്കുന്നതാണ് അഭികാമ്യം.