Connect with us

Prathivaram

കടൽ പരീക്ഷകൾ അതിജയിച്ച ഹജ്ജ് കാലം

ബോംബെയിൽ നിന്ന് കപ്പലേറി കടൽ പരീക്ഷകളെ തരണം ചെയ്ത് ഹജ്ജുൽ അക്ബർ നിർവഹിച്ച് ചരിത്രമുറങ്ങുന്ന മക്കയിൽ ബലിപെരുന്നാൾ ആഘോഷിച്ചതിന്റെ ഓർമയിലാണ് പ്രമുഖ പണ്ഡിതനും നിരവധി പണ്ഡിതന്മാരുടെ ഗുരുവും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ പുറക്കാട് ഉസ്താദ് എന്ന പുറക്കാട് മുഹ്‌യുദ്ദീൻ കുട്ടി മുസ്‌ലിയാർ. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ഹജ്ജിന്റെ കർമങ്ങൾ ഓരോന്നായി നിർവഹിച്ച് ത്യാഗസ്മരണകളുമായി ഹാജിമാർ ബലിപെരുന്നാൾ ആഘോഷിക്കുമ്പോൾ 1960 കാലത്തെ ഹജ്ജ് യാത്രയും ബലി പെരുന്നാൾ ഓർമയും പങ്കുവെക്കുകയാണ് പുറക്കാട് ഉസ്താദ്.

Published

|

Last Updated

ബോംബെയിൽ നിന്ന് കപ്പലേറി കടൽ പരീക്ഷകളെ തരണം ചെയ്ത് ഹജ്ജുൽ അക്ബർ നിർവഹിച്ച് ചരിത്രമുറങ്ങുന്ന മക്കയിൽ ബലിപെരുന്നാൾ ആഘോഷിച്ചതിന്റെ ഓർമയിലാണ് പ്രമുഖ പണ്ഡിതനും നിരവധി പണ്ഡിതന്മാരുടെ ഗുരുവും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ പുറക്കാട് ഉസ്താദ് എന്ന പുറക്കാട് മുഹ്‌യുദ്ദീൻ കുട്ടി മുസ്‌ലിയാർ. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ഹജ്ജിന്റെ കർമങ്ങൾ ഓരോന്നായി നിർവഹിച്ച് ത്യാഗസ്മരണകളുമായി ഹാജിമാർ ബലിപെരുന്നാൾ ആഘോഷിക്കുമ്പോൾ 1960 കാലത്തെ ഹജ്ജ് യാത്രയും ബലി പെരുന്നാൾ ഓർമയും പങ്കുവെക്കുകയാണ് പുറക്കാട് ഉസ്താദ്.

കൂട്ട ബാങ്കിന്റെ അകമ്പടിയോടെ സ്വന്തക്കാരോടും അയൽവാസികളോടും ഗുരു, ശിഷ്യന്മാരോടും യാത്ര പറഞ്ഞിറങ്ങി ആത്മീയതയുടെ പരകോടിയിൽ ആഴ്ന്ന് നീണ്ട ദിവസങ്ങൾ ഉറ്റവരെ വിട്ട് പ്രവാചക ജന്മഭൂമിയും മദീനയും ലക്ഷ്യം വെച്ച് സാഹസങ്ങൾ നിറഞ്ഞതായിരുന്നു അന്നത്തെ ഹജ്ജ് യാത്ര.

അറബിക്കടൽ കടന്ന് മക്ക ലക്ഷ്യമാക്കി നീങ്ങുമ്പോൾ ഉസ്താദിന് പ്രായം 28. മീത്തിൽ മമ്മു ഹാജി, കിടഞ്ഞിയിൽ അബ്ദുല്ല ഹാജി, ഇബ്‌റാഹീം മുസ്‌ലിയാർ പറമ്പൂർ തുടങ്ങിയവരോടൊപ്പമായിരുന്നു യാത്ര. ബോംബെയിൽ നിന്നായിരുന്നു കപ്പൽ. കോഴിക്കോട്ട് നിന്ന് ബോംബെയിലേക്കുള്ള ട്രെയിൻ യാത്രയിൽ മഹാനായ വടകര മുഹമ്മദ് ഹാജി തങ്ങളും ഉണ്ടായിരുന്നു. കക്കറ മുക്കിലെ ദർസിലും തിക്കോടി പാലൂരിലെ ദർസിലും തങ്ങളുടെ സ്ഥിരം സാന്നിധ്യമുണ്ടായിരുന്നു. അക്കാരണത്താൽ തന്നെ ആ മഹനീയ സാന്നിധ്യം യാത്രയിൽ ഞങ്ങൾക്ക് ലഭിച്ചു.
ബോംബെയിൽ മുസാഫർ ഖാനയിലായിരുന്നു തങ്ങിയത്. അവിടെയെത്തിയിട്ടും ഞങ്ങളുടെ യാത്രയിൽ അനിശ്ചിതത്വങ്ങളുണ്ടായി. വെയിറ്റിംഗ് ലിസ്റ്റിലായിരുന്നത് കൊണ്ട് തന്നെ ഏറെ ആശങ്കയുണ്ടായിരുന്നു. അന്നത്തെ ഹജ്ജ് കമ്മിറ്റി സെക്രട്ടറിയുമായി എന്റെ മൂത്താപ്പ (പിതൃസഹോദരൻ) ക്ക് നല്ല അടുപ്പമായിരുന്നു. ഈ സൗഹൃദം യാത്രാ ആശങ്ക പരിഹരിക്കുകയും നടപടികൾ വേഗത്തിലാക്കുകയും ചെയ്തു. ഒപ്പം മുഹമ്മദ് ഹാജി തങ്ങളുടെ ആത്മീയ ഉപദേശങ്ങൾ മനസ്സിന് കൂടുതൽ കരുത്തേകി. യാത്രാ നടപടികൾ പൂർത്തിയായതും മക്കയിലേക്ക് തിരിക്കാനൊരുങ്ങുന്നതും കമ്പിയടിച്ചാണ് നാട്ടിൽ അറിയിക്കുക.

മുശ്തരീ, മുഹമ്മദിയ്യ, സൗദിയ എന്നീ കപ്പലുകളാണ് ഹജ്ജ് യാത്രക്ക് അന്നുണ്ടായിരുന്നത്. ശാന്തമായ അറബിക്കടലിന്റെ ഓളങ്ങളെ തഴുകിയാണ് കപ്പൽ നീങ്ങുന്നത്. ഇന്ത്യക്കാർക്ക് പുറമെ പാക്കിസ്ഥാനികളും അഫ്ഗാനികളും ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു.

വിശാലമായ കപ്പലിൽ ആത്മീയ ക്ലാസ്സുകളിലും ആരാധനകളിലും മുഴുകും. കപ്പലിന്റെ മുകൾ നിലയിൽ കടൽ കാറ്റേറ്റ് സഹയാത്രികരുമായി സംസാരിക്കും. ഇടക്ക് വലിയ മീനുകൾ വെള്ളത്തിൽ ഉയർന്ന് പൊങ്ങുന്നത് നവ്യാനുഭവമാണ്. കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന അറബിക്കടലിൽ നമുക്കൊപ്പം വേറെയും കപ്പലുകളും ലോഞ്ചുകളും കാണുന്നത് വലിയ ധൈര്യവും സന്തോഷവും നൽകി. നമ്മളൊറ്റക്കല്ലെന്ന തോന്നൽ മനസ്സിലേക്ക് ഓടിയെത്തും.

മരണത്തിനായി പാകപ്പെടുത്തിയ മനസ്സുമായാണ് ഓരോരുത്തരും കപ്പലിലെ ഹജ്ജ് യാത്രക്ക് തയ്യാറെടുക്കുക. ദിവസങ്ങളോളം നീണ്ട കപ്പൽ യാത്രയിൽ മരിച്ചാൽ മയ്യിത്ത് നാട്ടിലെത്തിക്കാനാകില്ല. മയ്യിത്ത് കുളിപ്പിച്ച് കഫൻ ചെയ്ത് നിസ്‌കാരവും പൂർത്തീകരിച്ച് പെട്ടിയിലാക്കി സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് താഴ്ത്തുകയാണ് ചെയ്യുക. അടിവശം തുറക്കാവുന്ന പ്രത്യേകതരം പെട്ടിയിലാണ് മയ്യിത്തിനെ കിടത്തുക. പെട്ടി കടലിനടിയിലേക്കു താഴ്ന്നു പോകാൻ വേണ്ടി ഇരു ഭാഗത്തും സിമന്റ് കട്ടകൾ കെട്ടും. ശേഷം പെട്ടി കയറിൽ കെട്ടി കപ്പിയിലൂടെ വെള്ളത്തിലേക്ക്. മയ്യിത്ത് അടിത്തട്ടിലെത്തിയെന്ന് ഉറപ്പാക്കിയാൽ മുകളിൽ നിന്ന് കയർ വലിക്കും. ഈ സമയം തന്നെ പെട്ടിയുടെ താഴ്ഭാഗത്തെ ഭാഗം തുറക്കും. മയ്യിത്ത് താഴ്ന്നുവെന്ന് ഉറപ്പായാൽ പെട്ടി വലിച്ച് കപ്പലിലേക്ക് തന്നെ എടുക്കും. എന്നാൽ ഞങ്ങളുടെ കപ്പൽ യാത്രയിൽ ഒരാൾക്കും ജീവഹാനി സംഭവിച്ചിരുന്നില്ല.
യാത്രക്കാർക്ക് രാവിലെ പാലൊഴിച്ച ചായയുണ്ടാകും. ബിസ്‌കറ്റും ലഘുഭക്ഷണവും വേറെ. പഴവും അവിലുമൊക്കെ കൂടെ കഴിക്കും. ഇന്നത്തേതിൽ നിന്ന് വ്യത്യസ്തമായി മിനായിലും അറഫയിലുമെല്ലാം ഭക്ഷണം സ്വയം പാകം ചെയ്യുകയാണ് അന്ന്. വലിയ ഇരുമ്പു പെട്ടികളിൽ വസ്ത്രങ്ങളും ഭക്ഷണമുണ്ടാക്കാനുള്ള അരിയും മല്ലിയും മുളകും വെളിച്ചെണ്ണയുമടക്കം കരുതും. പാചകം ചെയ്യാൻ മണ്ണെണ്ണ സ്റ്റൗവും.

അറബിക്കടലും ചെങ്കടലും പിന്നിട്ടുള്ള യാത്രയിൽ ജിദ്ദ തുറമുഖത്ത് അടുപ്പിക്കും മുമ്പ് യമനിലെത്തുമ്പോൾ കപ്പൽ നങ്കൂരമിടും. യമനിലെ ഹൂതി വിമതരും അറബ് സഖ്യസേനയും തമ്മിലുള്ള നീണ്ട യുദ്ധത്തിൽ പഴയ പ്രതാപം കൈവിട്ട അദൻ തുറമുഖത്താണ് കപ്പൽ വിശ്രമിക്കുക. വെള്ളവും ഇന്ധനവും നിറക്കാൻ വേണ്ടിയാണിത്.
എലം എന്ന മലയോട് ചേർന്ന് വരുമ്പോൾ ഇഹ്‌റാം കെട്ടും. ജിദ്ദ തുറമുഖത്ത് അടുക്കാറാകുമ്പോൾ പ്രവാചകാനുരാഗത്താലും ഇബ്‌റാഹീം (അ) സ്മരണകളാലും മനസ്സ് തുളുമ്പും. കപ്പലിറങ്ങി വീണ്ടും രേഖകൾ ശരിയാക്കണം. രണ്ട് ദിവസത്തോളം ജിദ്ദ തുറമുഖത്ത് തങ്ങണം. തുറമുഖത്ത് നിന്ന് നൂറ് കിലോമീറ്റർ അകലെയാണ് വിശുദ്ധ മക്കാ നഗരം.

ചരിത്ര പർവതങ്ങളാൽ ചുറ്റപ്പെട്ട മക്കാ നഗരവും ഹിറാ ഗുഹയും സഫാ മർവയുമൊക്കെ അര നൂറ്റാണ്ടിനിപ്പുറം നിറദീപമായി മനസ്സിൽ തെളിഞ്ഞുനിൽക്കുന്നു. അക്കാലത്ത് സംസം കിണറിൽ നിന്ന് തീർഥാടകർക്ക് നേരിട്ട് ജലമെടുക്കാൻ അനുമതിയുണ്ടായിരുന്നു. ഈന്തപ്പനയുടെ തട്ടുകളുള്ള പഴയ കെട്ടിടത്തിലായിരുന്നു മക്കയിലെ താമസം. കുളിക്കാനും മറ്റുമുള്ള വെള്ളത്തിന് ഏറെ ദൂരം താണ്ടണം.

മനസ്സും ശരീരവും കുളിർപ്പിക്കുന്ന മഴയായിരുന്നു അന്ന് മക്കയിൽ. എന്നിട്ടും ആരാധനകൾക്കും കർമങ്ങൾക്കും പ്രയാസമേതുമുണ്ടായില്ല. ആ വർഷത്തെ ഹജ്ജ് വെള്ളിയാഴ്ചയായതിനാൽ ഹജ്ജുൽ അക്ബറായിരുന്നു.
ആത്മനിർവൃതിയോടെ ഹജ്ജ് കർമങ്ങൾ പൂർത്തീകരിച്ച് തക്ബീറിന്റെ മന്ത്രധ്വനികളോടെയുള്ള പെരുന്നാളാഘോഷം ഇന്നലെ കഴിഞ്ഞ പോലെ മനസ്സിൽ തങ്ങിനിൽക്കുന്നു. മിനായുടെ താഴ്‌വരയിൽ പരമ്പരാഗത കൂടാരത്തിന് പുറത്ത് മണ്ണെണ്ണ സ്റ്റൗവിലാണ് പെരുന്നാൾ വിഭവം തയ്യാറാക്കിയത്.

ഹജ്ജ് കഴിഞ്ഞു മടങ്ങുമ്പോൾ കനത്ത തിരമാലകളാൽ അറബിക്കടൽ പ്രക്ഷുബ്ധമായിരുന്നു. ആടിയുലയുന്ന കപ്പലിൽ ഹജ്ജിന്റെ ആത്മനിർവൃതിക്കൊപ്പം പ്രവാചകന്റെ പുണ്യപാദങ്ങൾ പതിഞ്ഞ മണ്ണ് വിട്ടകലുന്നതിന്റെ സങ്കടത്തിരമാലയും മനസ്സിൽ ആഞ്ഞുവീശി.

---- facebook comment plugin here -----