Ongoing News
ഗള്‍ഫ് മേഖലയിലെ യുദ്ധസാഹചര്യം; അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് എം എ യൂസഫലി
വ്യാജ വാര്‍ത്തകള്‍ നാട്ടിലുള്ള പ്രവാസികളുടെ കുടുംബങ്ങളെ വലിയ രീതിയില്‍ പരിഭ്രാന്തിയിലാക്കുന്നു. ഇത്തരം പ്രവൃത്തികള്‍ ഒഴിവാക്കണം.
അബൂദബി | ഗള്‍ഫ് മേഖലയില്‍ നിലവിലുള്ള പ്രതിസന്ധിയില്‍ ജനങ്ങളെ പരിഭ്രാന്തരാക്കുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധിക്കണമെന്ന് നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാനും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലി. ജി സി സി രാഷ്ട്രങ്ങള്‍ കേരളത്തിന് അന്നം തരുന്ന രാഷ്ട്രമാണ്. ജി സി സി രാജ്യങ്ങള്‍ക്ക് എന്ത് സംഭവിച്ചാലും അതിനെ നേരിടാന്‍ കാര്യശേഷിയുള്ള ഭരണാധികാരികളാണ് ഇവിടെയുള്ളതെന്നും യൂസഫലി പ്രതികരിച്ചു. തെറ്റായ വാര്‍ത്തകളും എ ഐ സൃഷ്ടികളും വ്യാപകമായി പ്രചരിക്കുകയാണ്. ഇല്ലാത്ത കാര്യങ്ങളും വാര്‍ത്തകളും സൃഷ്ടിച്ച് നാട്ടിലുള്ള അമ്മമാരേയും കുട്ടികളേയും പരിഭ്രാന്തരാക്കരുതെന്നും യൂസഫലി വീഡിയോ സന്ദേശത്തിലൂടെ പ്രതികരിച്ചു.
തെറ്റായ വാര്‍ത്തകളും പ്രചാരണങ്ങളും സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. അത്തരം കാര്യങ്ങള്‍ ജി സി സി ഭരണകൂടം നിരീക്ഷിക്കുകയാണ്. സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ മാത്രം റിപോര്‍ട്ട് ചെയ്യണമെന്നും അല്ലാത്ത പക്ഷം വരുന്ന നടപടി ക്രമങ്ങള്‍ നേരിടുക എളുപ്പമല്ലെന്നും യൂസഫലി പറഞ്ഞു. മലയാള മാധ്യമങ്ങള്‍ ആളുകളെ പരിഭ്രാന്തരാക്കുന്ന വിധത്തിലാണ് വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്നത്. ഇക്കാര്യത്തില്‍ ജാഗ്രതയുണ്ടാകണമെന്നും യൂസഫലി മുന്നറിയിപ്പു നല്‍കി.
ജി സി സി രാഷ്ട്രങ്ങളില്‍ ഭക്ഷ്യപ്രതിസന്ധിയുണ്ടാകില്ലെന്നും ലുലു സ്റ്റോറുകള്‍ എല്ലാ മുന്നൊരുക്കങ്ങളും തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.




