Connect with us

Kerala

ഹജ്ജ് ഒരുക്കങ്ങൾ ആരംഭിച്ചു; യാത്ര ചെലവ് കുറയും

12 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്ക് ഈ വർഷവും അവസരമില്ല 

Published

|

Last Updated

അബുദബി | ഈ വർഷത്തെ ഹജ്ജിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞതായി ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി അറിയിച്ചു. അബുദബിയിൽ സിറാജിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊറോണ മഹാമാരിയെ തുടർന്നുണ്ടായ നിയന്ത്രണം പൂർണ്ണമായി എടുത്തുകളഞ്ഞതിന് ശേഷം ആദ്യമായാണ് ഹജ്ജിനുള്ള യാത്ര പുറപ്പെടുന്നത്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ എംബാർക്കേഷൻ പോയിന്റുള്ളത് കേരളത്തിലാണ്. കണ്ണൂർ, കോഴിക്കോട്, കൊച്ചി എന്നീ  മൂന്ന് വിമാനത്താവളത്തിൽ  നിന്നും ഈ വർഷം ഹജ്ജിനായി വിമാനങ്ങൾ പുറപ്പെടും. കേരളത്തിൽ നിന്നും ഈ വർഷം ഹജ്ജിനായി അപേക്ഷിച്ചത് ഇരുപതിനായിരത്തിന് മുകളിൽ ആളുകളാണ്. ഇന്ത്യയിൽ നിന്നും ഈ വർഷം ഹജ്ജിനായി സൗദി സർക്കാർ അനുമതി നൽകിയിട്ടുള്ളത് ഒന്നേമുക്കാൽ ലക്ഷം ആളുകൾക്കാണ്. ഇതിൽ കേരളത്തിനുള്ള വിഹിതം എത്ര എന്ന് ഇതുവരെ നിർണയിച്ചിട്ടില്ല. നിർണ്ണയിക്കുന്ന  ഉടനെ നറുക്കെടുപ്പ് ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

13,000 ആളുകൾക്ക് ഹജ്ജിന് പോകാനുള്ള അവസരം  ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിൽ നിന്നും അപേക്ഷിച്ചവരിൽ 80 ശതമാനവും കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നുള്ളവരാണ്. ഹജ്ജ് കമ്മിറ്റിയുടെ അഭ്യർത്ഥന പ്രകാരം മൂന്ന് എംബാർകേഷൻ പോയിന്റുകളിലും ജില്ലാ കലക്ടർമാരുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ കീഴിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നുണ്ട്. പ്രാഥമികമായി ആവശ്യമുള്ള എല്ലാ ഒരുക്കങ്ങളും മൂന്ന് വിമാനത്താവളത്തിലും പൂർത്തിയായതായും സി മുഹമ്മദ് ഫൈസി വ്യക്തമാക്കി.

നറുക്കെടുപ്പിലൂടെയാണ് ഹജ്ജിന് പോകാനുള്ള അവസരം ലഭിക്കുക. മെയ് 20 ന് ശേഷമാണ് ഹജ്ജിന് വേണ്ടിയുള്ള യാത്രകൾ പുറപ്പെടുക.  ഇതിന് മുമ്പ് നറുക്കെടുപ്പ് നടക്കണം. നറുക്കെടുപ്പിലൂടെ ഹജ്ജിന് അവസരം ലഭിക്കുന്നവർ  മൂന്ന് തവണകളിലായി പണം അടക്കണം. ഹജ്ജ് യാത്രക്ക് എത്ര തുക ആകുമെന്ന് ഇപ്പോൾ പറയാനാനാകില്ലെങ്കിലും  മൂന്ന് ലക്ഷത്തിന് മുകളിലാകുമെന്നും അദ്ദേഹം അറിയിച്ചു.

ബാഗ്, കുട തുടങ്ങിയ സാധനങ്ങൾ ഹാജിമാരിൽ നിന്നും ക്യാഷ് വാങ്ങി  കേന്ദ്ര സർക്കാർ സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി വിതരണം ചെയ്യുകയായിരുന്നു പതിവ്.  ഇവ വിതരണം ചെയ്യുവാനും അത് സമയത്ത് എത്തിക്കാനും കഴിഞ്ഞ വർഷം പ്രയാസം  നേരിട്ടത് കാരണം ഈ വർഷം ഇത്തരം സാധനങ്ങൾ സർക്കാർ നേരിട്ട് വിതരണം ചെയ്യുന്നില്ല. ഇത് കാരണം  മുൻ വർഷത്തേക്കാൾ ഈ വർഷം ഹജ്ജിന് ചിലവ് കുറയും. ചെറിയ ചില മാറ്റങ്ങൾ ഈ വർഷം ഹജ്ജ് യാത്രക്കുണ്ട്.  കഴിഞ്ഞ വർഷത്തെ പോലെ തന്നെ പുരുഷന്മാർ കൂടെ ഇല്ലാതെ  സ്ത്രീകൾക്ക് ഹജ്ജിന് പോകാനുള്ള അനുവാദം ഈ വർഷവും  കേന്ദ്ര, സംസ്ഥാന സർക്കാറുകൾ നൽകിയിട്ടുണ്ട്. ഒരു കവറിൽ നാല്  സ്ത്രീകൾ ഉണ്ടായാൽ ആ നാല് സ്ത്രീകൾക്ക് പുരുഷൻ ഇല്ലാതെ തന്നെ ഹജ്ജിന് പോകാവുന്നതാണ്. കഴിഞ്ഞ നാല് വർഷമായി അത് തുടരുകയുമാണെന്ന് ഹജ്ജ് കമ്മറ്റി ചെയർമാൻ പറഞ്ഞു.

ഇന്ത്യയിൽ കേരളത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ സ്ത്രീ അപേക്ഷകരുള്ളത്. 70 വയസ്സിന് മുകളിലുള്ളവർക്ക് നറുക്കെടുപ്പ് ഇല്ലാതെ തന്നെ പോകാനുള്ള അവസരം ലഭിക്കും. എന്നാൽ, കൊവിഡ് പോലുള്ള പകർച്ച വ്യാധി കാരണം സൗദി സർക്കാർ നിഷ്കർഷിച്ചത് കാരണം 12 വയസിന് താഴെയുള്ള കുട്ടികൾക്ക് ഈ വർഷവും  ഹജ്ജിന് പോകാനുള്ള അവസരം ലഭിക്കില്ല.  ഈ വർഷം ഏറ്റവും കൂടുതൽ വനിത ഹാജിമാർ ഹജ്ജിന് പോകുന്ന കോഴിക്കോട് വനിതകൾക്കായി പണികഴിപ്പിച്ച പുതിയ ബ്ലോക്ക് നിർമാണം പൂർത്തിയാക്കി ഉദ്ഘാടനത്തിനായി കാത്തിരിക്കുകയാണ്. ഒരുമാസത്തിനുള്ളിൽ അതിന്റെ ഉദ്ഘാടനം നടക്കുമെന്നും സി മുഹമ്മദ് ഫൈസി അറിയിച്ചു.

ഹാജിമാർ വിമാനം പുറപ്പെടുന്നതിന്റെ 24 മണിക്കൂറിന് മുമ്പ് എംബാർക്കേഷൻ പോയിന്റിൽ റിപ്പോർട്ട് ചെയ്യണം. ആ ഒരു ദിവസം ഹാജിമാർ കേന്ദ്രത്തിൽ താമസിക്കേണ്ടി വരും. ഇതിനുള്ള ഒരുക്കങ്ങൾ നിലവിൽ  കൊച്ചിയിലുണ്ട്. കോഴിക്കോട്ടും ആധുനിക കെട്ടിട സൗകര്യമുണ്ട്. കണ്ണൂരിൽ താത്കാലിക ഹജ്ജ്  ക്യാമ്പ് സജ്ജമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. 16 അംഗ  കമ്മിറ്റിയാണ് സംസഥാനത്ത് ഹജ്ജിന്  നേതൃത്വം നൽകുന്നത്. ലക്ഷ്വദ്വീപിൽ നിന്നുള്ള ഹാജിമാർ ഈ വർഷം കൊച്ചിയിൽ നിന്നും  ഹജ്ജിന് യാത്ര പുറപ്പെടും. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഹാജിമാർക്ക് വേണ്ടിയുള്ള എല്ലാ ഒത്താശകളും ചെയ്യാറുണ്ട്. ഇത് ഇന്ത്യയുടെ ഒരു പാരമ്പര്യമാണ്.

ഹജ്ജിന്റെ വിഷയത്തിൽ കേന്ദ്ര സംസ്ഥാന സർക്കാറുകൾക്ക് മുൻ വർഷത്തിലുണ്ടായ അതേ താല്പര്യം ഇത്തവണയുമുണ്ട്. യാതൊരു വിവേചനവും കൽപ്പിക്കുന്നില്ല. കാരണം, മനുഷ്യൻ സ്വന്തം നാട്ടിൽ നിന്നും പുറം നാടുകളിൽ വിവിധ വിഭാഗത്തിൽപ്പെട്ട ആളുകളെ കാണുകയും ബന്ധപ്പെടുകയും ചെയ്യുമ്പോൾ മനസ്സ് വിശാലമായി തീരുന്നു. അതാണ് തീർത്ഥാടനത്തിന്റെ ഏറ്റവും വലിയ തത്വം. ആ ഒരു മാനസിക  വിശാലത ലഭിക്കുകയാണ് ഹജ്ജിലൂടെ ആളുകൾക്ക് ലഭിക്കുന്നത്. അങ്ങനെ സമാധാനം ആഗ്രഹിക്കുന്ന എല്ലാവരോടും സഹകരിച്ചു പ്രവർത്തിക്കാൻ കഴിയുന്ന നല്ല മനസുകൾ തീർത്ഥാടനത്തിലൂടെ ലഭിക്കുമ്പോൾ അത് രാജ്യത്തിന് തന്നെ സൗഭാഗ്യവും സന്തോഷവുമാണെന്ന്  ചെയർമാൻ പറഞ്ഞു.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി