Connect with us

Kerala

ഹജ്ജ് തീര്‍ത്ഥാടനം; കരിപ്പൂരിലെ വിമാനകൂലി കുറക്കാന്‍ ഇടപെടലുകള്‍ തുടരുമെന്ന് ഹജ്ജ് കമ്മിറ്റി

നിരക്ക് കുറക്കുന്നതില്‍ ഇടപെടലുകള്‍ നടത്തിയതില്‍ സംസ്ഥാന സര്‍ക്കാറിനെ കമ്മിറ്റി യോഗം അഭിനന്ദിച്ചു.

Published

|

Last Updated

കോഴിക്കോട് | ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടന യാത്രക്ക് കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നുള്ള വിമാനകൂലി കുറക്കുന്നതിനുള്ള ഇടപെടലുകളും സമ്മര്‍ദ്ധങ്ങളും തുടരുമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം അറിയിച്ചു. സംസ്ഥാന സര്‍ക്കാറിന്റെയും ഹജ്ജ് കമ്മിറ്റിയുടേയും ജന പ്രതിനിധികളുടേയും ഇടപെടലിന്റെ ഫലമായി നേരത്തെയുള്ള നിരക്കില്‍ മാറ്റം വരുത്താന്‍ അധികൃതര്‍ തയ്യാറായത് ആശ്വാസകരമാണ്. തുടര്‍ന്നും നിരക്ക് കുറച്ച് കേരളത്തിലെ മറ്റു എംബാര്‍ക്കേഷന്‍ പോയിന്റുകളിലേതിനു തുല്യമാക്കാന്‍ ഇടപെടലുകള്‍ തുടരും. നിരക്ക് കുറക്കുന്നതില്‍ ഇടപെടലുകള്‍ നടത്തിയതില്‍ സംസ്ഥാന സര്‍ക്കാറിനെ കമ്മിറ്റി യോഗം അഭിനന്ദിച്ചു.

സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനു പുറപ്പെടുന്നവരുടെ യാത്രയും അനുബന്ധ പ്രവര്‍ത്തനങ്ങളും സമയബന്ധിതമായും കാര്യക്ഷമമായും പൂര്‍ത്തിയാക്കുന്നതിനാവശ്യമായ മുന്നൊരുക്കങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. ഹജ്ജിന് അവസരം ലഭിച്ചവരുടെ പണം അടക്കല്‍, രേഖകളുടെ സമര്‍പ്പണം, ട്രൈനിങ്ങ് ക്ലാസ്സുകള്‍, ഹജ്ജ് ക്യാമ്പ് മുന്നൊരുക്കങ്ങള്‍ തുടങ്ങി യാത്ര പുറപ്പെടുന്നത് വരെയുള്ള വിവിധ തലങ്ങളിലുള്ള പ്രവര്‍ത്തനങ്ങളുടെ നിര്‍വ്വഹണ സംബന്ധമായ കാര്യങ്ങളാണ് ചര്‍ച്ച ചെയ്തത്.

തെരഞ്ഞെടുക്കപ്പട്ടവര്‍ക്ക് പാസ്‌പോര്‍ട്ട് ഉള്‍പ്പടെയുള്ള രേഖകള്‍ സമര്‍പ്പിക്കുന്നതിന് കോഴിക്കോട് ഹജ്ജ് ഹൗസിലൊരുക്കിയ വിപുലമായ ക്രമീകരണങ്ങള്‍ക്ക് പുറമെ കൊച്ചി, കണ്ണൂര്‍ എന്നിവിടങ്ങളിലും കോഴിക്കോട് പുതിയറ റീജണല്‍ ഓഫീസിലും പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതു വരെ 15140 പേരാണ് രേഖകള്‍ സമര്‍പ്പിച്ചത്. പണം അടക്കാനുള്ള സമയ പരിധി പതിനഞ്ചാം തിയ്യതി വരെ നീട്ടിയതിനാല്‍ ശേഷിക്കുന്നവര്‍ അടുത്ത ദിവസങ്ങളില്‍ രേഖകള്‍ സമര്‍പ്പിക്കും. അവധി ദിനങ്ങളായിരുന്ന കഴിഞ്ഞ ശനി ഞായര്‍ ദിവസങ്ങളിലും ഹജ്ജ് ഹൗസ്, കോഴിക്കോട് പുതിയറ, എറണാകുളം കളമശ്ശേരി, കണ്ണൂര്‍ കലക്‌ട്രേറ്റ് ഹാള്‍ എന്നിവിടങ്ങളില്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു.

ഹാജിമാര്‍ക്കുള്ള ഒന്നാം ഘട്ട പരിശീലന ക്ലാസ്സുകളുടെ സംസ്ഥാനതല ഉദ്ഘാടനം അടുത്ത ആഴ്ച ഹജ്ജ് ഹൗസില്‍ സംസ്ഥാന ഹജ്ജ് കാര്യവകുപ്പ് മന്ത്രി വി.അബ്ദു റഹ്‌മാന്‍ ഉദ്ഘാടനം ചെയ്യും. റമളാനിനു മുമ്പായി ജില്ലാ/ മണ്ഡലതലങ്ങളില്‍ ഹജ്ജ് കമ്മിറ്റി ട്രൈനര്‍മാര്‍ മുഖേന ഒന്നാം ഘട്ട പരിശീലന ക്ലാസ്സുകള്‍ പൂര്‍ത്തിയാക്കും. സംസ്ഥാന തലത്തില്‍ ട്രൈനിങ്ങ് ക്ലാസ്സുകള്‍ കോര്‍ഡിനേറ്റ് ചെയ്യുന്നതിനായി സ്റ്റേറ്റ് ട്രൈനിങ്ങ് കോര്‍ഡിനേറ്റര്‍മാരായി അഹമ്മദ് കുട്ടി എന്ന ബാപ്പു ഹാജി കോഴിക്കോട് (ചീഫ് കോര്‍ഡിനേറ്റര്‍), അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍മാരായി മുജീബ് മാസ്റ്റര്‍ മലപ്പുറം, അസ്‌കര്‍ എറണാകുളം എന്നിവരെയും ചുമതലപ്പെടുത്തി.

സംസ്ഥാന തലത്തില്‍ ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നതിന് ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ പതിനഞ്ച് പേരടങ്ങുന്ന ട്രൈനിങ്ങ് ഫ്വാകല്‍റ്റീസിനേയും തെരഞ്ഞെടുത്തിട്ടുണ്ട്. ഇവര്‍ക്കുള്ള പരിശീലന ശില്‍പശാല ഫെബ്രുവരി 16 ന് വെള്ളിയാഴ്ച പുതിയറയില്‍ നടക്കും.

ഹജ്ജ് ക്യാമ്പ് ആരംഭിക്കുന്നതിനു മുന്നോടിയായി ഹജ്ജ് ഹൗസിലെ മുഴുവന്‍ അറ്റുകുറ്റ പണികളും പൂര്‍ത്തിയാക്കും. ഇതിനുള്ള ടെന്‍ഡര്‍ നടപടികള്‍ അടുത്ത ദിവസം ആരംഭിക്കും. യാത്രക്കാരായ വനിതകള്‍ക്കും മറ്റും പ്രാഥികാവശ്യങ്ങള്‍ക്കും നിസ്‌കാരം നിര്‍വ്വഹിക്കുന്നിതിനുമായി പ്രത്യേക റൂം സജ്ജീകരിക്കും.

ഹജ്ജ് ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒരു കോടി രൂപ ക്യാമ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും. തുക അനുവദിച്ചതില്‍ സംസ്ഥാന സര്‍ക്കാറിനെ പ്രത്യേകം അഭിനന്ദിച്ചു. സംസ്ഥാനത്തെ മൂന്ന് എംബാര്‍ക്കേഷന്‍ പോയിന്റുകളിലും പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനായി ചെയര്‍മാന്റെ നേതൃത്വത്തില്‍ ഓരോ കേന്ദ്രത്തിലേക്കും കമ്മിറ്റി അംഗങ്ങള്‍ക്ക് പ്രത്യേക ചുമതല നല്‍കി. കോഴിക്കോട് എംബാര്‍ക്കേഷന്‍ പോയിന്റില്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, അഡ്വ.പി.മൊയ്തീന്‍ കുട്ടി, ഡോ. ഐ.പി അബ്ദുല്‍ സലാം, മുഹമ്മദ് ഖാസിം കോയ, കണ്ണൂരില്‍ അഡ്വ. പി.ടി.എ റഹീം എം.എല്‍.എ, പി.പി മുഹമ്മദ് റാഫി, പി.ടി അക്ബര്‍ കൊച്ചിയില്‍ മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ, സഫര്‍ കയാല്‍. ഹജ്ജ് കമ്മിറ്റി പ്രതിനിധി സംഘം അടുത്ത ആഴ്ചകളില്‍ എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ പ്രാഥമിക സന്ദര്‍ശനം നടത്തി ഒരുക്കങ്ങള്‍ വിലയിരുത്തും.

ഹജ്ജ് ഹൗസില്‍ അടുത്ത ആഴ്ച സന്ദര്‍ശകര്‍ക്കായി ലൈബ്രറി ഉദ്ഘാടനം ചെയ്യും. ഹജ്ജ്, ഉംറ കര്‍മ്മങ്ങള്‍ ആസ്പദമാക്കിയുള്ള കനപ്പെട്ട ഗ്രന്ഥങ്ങള്‍ക്ക് പുറമെ വിവിധ വിഷയങ്ങളിലുള്ള പുസ്തകങ്ങളും ലഭ്യമാക്കും. ലൈബ്രറിയിലേക്ക് ഇതിനകം തന്നെ ഹജ്ജ് സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന ഏതാനും പേര്‍ പുസ്തകങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തിട്ടുണ്ട്. വിവിധ പ്രസാധകരില്‍ നിന്നും സന്നദ്ധ സംഘടനകള്‍ മുഖേനയും കൂടുതല്‍ പുസ്തകങ്ങള്‍ ലഭ്യമാക്കുക വഴി മികച്ച റഫന്‍സ് കേന്ദ്രമാക്കി ലൈബ്രറിയെ ഉയര്‍ത്തും.

കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ കീഴിലുള്ള ട്രൈനര്‍മാരുടെ പട്ടിക അന്തിമമാക്കി. ഇവര്‍ക്ക് ഡല്‍ഹിയില്‍ വെച്ച് നല്‍കുന്ന ട്രൈനിങ്ങ് പരിപാടികളില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി പ്രതിനിധികളായി മെമ്പര്‍മാരായ അഡ്വ.പി.മൊയ്തീന്‍ കൂട്ടി. പി.പി. മുഹമ്മ് റാഫി, പി.ടി അക്ബര്‍ എന്നിവര്‍ പങ്കെടുക്കും.

ചെയര്‍മാന്‍ സി.മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. മെമ്പര്‍മാരായ അഡ്വ. പി. മൊയ്തീന്‍ കുട്ടി, ഡോ. ഐ. പി അബ്ദുല്‍ സലാം, കെ. ഉമര്‍ ഫൈസി മുക്കം, മുഹമ്മദ് ഖാസിം കോയ, സഫര്‍ കയാല്‍, പി.ടി അക്ബര്‍, പി.പി മുഹമ്മദ് റാഫി, എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി. എം ഹമീദ്, അസി. സെക്രട്ടറി എന്‍. മുഹമ്മദലി സംബന്ധിച്ചു.