From the print
ഹജ്ജ് ക്യാമ്പ്; സെല്‍ ഉദ്യോഗസ്ഥര്‍ ചുമതലയേറ്റു
ക്യാമ്പ് ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍.

കോഴിക്കോട് | സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനം ശനിയാഴ്ച ആരംഭിക്കാനിരിക്കെ കരിപ്പൂര്‍ ഹജ്ജ് ക്യാമ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സര്‍ക്കാറിന്റെ വിവിധ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഹജ്ജ് ക്യാമ്പില്‍ ചുമതലയേറ്റു.
കോഴിക്കോട് ക്രൈം ബ്രാഞ്ച് പോലീസ് സൂപ്രണ്ട് കെ കെ മൊയ്തീന്‍ കുട്ടിയുടെ നേതൃത്വത്തില്‍ 36 അംഗ ഉദ്യോഗസ്ഥരാണ് കരിപ്പൂരില്‍ ഡ്യൂട്ടിയിലുള്ളത്. കണ്ണൂര്‍ പുറപ്പെടല്‍ കേന്ദ്രത്തില്‍ തൃശൂര്‍ പോലീസ് അക്കാദമിയിലെ അസ്സി. ഡയറക്ടറും പോലീസ് സുപ്രണ്ടുമായ എസ് നജീബിന്റെ നേതൃത്വത്തിലുള്ള 34 ഉദ്യോഗസ്ഥരാണ് ഡ്യൂട്ടിയിലുണ്ടാകുക. ഇവരും ഇന്നലെ കരിപ്പൂരില്‍ റിപോര്‍ട്ട് ചെയ്തു. ഉദ്യോഗസ്ഥര്‍ക്കുള്ള പ്രത്യേക പരിശീലന ക്ലാസ്സും ചുമതല നിര്‍ണയവും ഹജ്ജ് സെല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ നടത്തി. കൊച്ചി പുറപ്പെടല്‍ കേന്ദ്രത്തിലേക്കുള്ള ഉദ്യോഗസ്ഥര്‍ മേയ് 12ന് ചുമതലയേല്‍ക്കും. തിരുവനന്തപുരം സ്പെഷ്യല്‍ ആംഡ് പോലീസിലെ ഡെപ്യൂട്ടി കമാന്‍ഡന്റ്ൈ്വ ശമീര്‍ ഖാനാണ് ഹജ്ജ് സെല്‍ ഓഫീസര്‍ ചുമതല വഹിക്കുക.
സംസ്ഥാനത്തെ മൂന്ന് പുറപ്പെടല്‍ കേന്ദ്രങ്ങളിലെയും ഹജ്ജ് സെല്‍ പ്രവര്‍ത്തനങ്ങല്‍ ഏകോപിപ്പിക്കുന്നതിനായി യു അബ്ദുല്‍ കരീം ഐ പി എസ് (റിട്ട.) നേരത്തേ ചുമതലയേറ്റ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഹജ്ജ് ഹൗസിന്റെ ഇരു കെട്ടിടങ്ങളിലെയും പ്രാര്‍ഥനാ ഹാളുകളിലും താമസ മുറികളിലും ഭക്ഷണ പാചക- വിതരണ സ്ഥലങ്ങളിലും ആവശ്യമായ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി വരികയാണ്.
കരിപ്പൂരില്‍ നിന്ന് ശനിയാഴ്ച പുലര്‍ച്ചെ 1.05നും കണ്ണൂരില്‍ നിന്ന് ഞായറാഴ്ച പുലര്‍ച്ചെ നാലിനും ആദ്യ വിമാനങ്ങള്‍ പുറപ്പെടും. കോഴിക്കോട് നിന്ന് 173ഉം കണ്ണൂരില്‍ നിന്ന് 171ഉം പേര്‍ വീതമാണ് ഓരോ വിമാനങ്ങളിലും പുറപ്പെടുക. കോഴിക്കോട്, കണ്ണൂര്‍ എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്ന് എയര്‍ ഇന്ത്യാ എക്സ്പ്രസ്സും കൊച്ചിയില്‍ നിന്ന് സഊദി എയര്‍ലൈന്‍സുമാണ് സര്‍വീസ് നടത്തുന്നത്.
ഹജ്ജ് ക്യാമ്പിന്റെ ഒരുക്കങ്ങള്‍ ചെയര്‍മാന്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോടിന്റെ നേതൃത്വത്തില്‍ വിലയിരുത്തി. മെമ്പര്‍മാരായ അഡ്വ. പി മൊയ്തീന്‍ കുട്ടി, അശ്കര്‍ കോറാട്, അസ്സി. സെക്രട്ടറി ജഅ്ഫര്‍ കക്കൂത്ത്, ഹജ്ജ് സെല്‍ സ്പെഷ്യല്‍ ഓഫീസര്‍ യു അബ്ദുല്‍ കരീം ഐ പി എസ് (റിട്ട.), എസ് നജീബ്, കെ കെ മൊയ്തീന്‍ കുട്ടി സംബന്ധിച്ചു.