From the print
ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും പരിധിയുണ്ടെന്ന് കോടതി
പരാമര്‍ശം സ്റ്റാന്‍ഡ്- അപ് കൊമേഡിയന്‍ സമയ് റെയ്ന ഉള്‍പ്പെടെ അഞ്ച് സാമൂഹിക മാധ്യമ ഹാന്‍ഡിലുകള്‍ ഭിന്നശേഷിക്കാരെ പരിഹസിക്കുന്ന തരത്തില്‍ അസംബന്ധമായ തമാശകള്‍ പറഞ്ഞതായി ആരോപിച്ച് സമര്‍പ്പിച്ച ഹരജിയില്‍.

ന്യൂഡല്‍ഹി | അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും മൗലികാവകാശമാണെങ്കിലും അത് പരിധിയില്ലാത്തതല്ലെന്ന് സുപ്രീം കോടതി. സ്റ്റാന്‍ഡ്- അപ് കൊമേഡിയന്‍ സമയ് റെയ്ന ഉള്‍പ്പെടെ അഞ്ച് സാമൂഹിക മാധ്യമ ഹാന്‍ഡിലുകള്‍ ഭിന്നശേഷിക്കാരെ പരിഹസിക്കുന്ന തരത്തില്‍ അസംബന്ധമായ തമാശകള്‍ പറഞ്ഞതായി ആരോപിച്ച് സമര്‍പ്പിച്ച ഹരജി പരിഗണിച്ച് ജസ്റ്റിസുമാരായ സൂര്യകാന്ത്, എന്‍ കോടീശ്വര്‍ സിംഗ് എന്നിവരടങ്ങിയ ബഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മെസ്സേജ് ക്യൂര്‍ എസ് എം എ ഫൗണ്ടേഷന്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ച് ഹാസ്യനടന്മാരായ സമയ് റെയ്‌ന, വിപുന്‍ ഗോയല്‍, ബല്‍രാജ് പരംജീത് സിംഗ് ഘായ്, സോണാലി തക്കര്‍ എന്ന സോണാലി ആദിത്യ ദേശായി, നിഷാന്ത് ജഗദീഷ് തന്‍വാര്‍ എന്നിവര്‍ക്ക് കോടതിയില്‍ ഹാജരാകാന്‍ ബഞ്ച് നോട്ടീസ് അയച്ചു.
കേസ് പരിഗണിക്കുന്ന അടുത്ത തീയതിയില്‍ ഇവര്‍ കോടതിയില്‍ ഹാജരാകുന്നുവെന്ന് ഉറപ്പാക്കാന്‍ മുംബൈ പോലീസ് കമ്മീഷണര്‍ക്ക് നോട്ടീസ് അയക്കാനും ബഞ്ച് ഉത്തരവിട്ടു. ഹാജരാകാതിരുന്നാല്‍ നിര്‍ബന്ധിത നടപടികള്‍ സ്വീകരിക്കുമെന്ന മുന്നറിയിപ്പും ബഞ്ച് നല്‍കി. ഇത്തരം പരിഹാസങ്ങള്‍ ഇതിനകം തന്നെ ദുര്‍ബലരായ വിഭാഗങ്ങള്‍ക്ക് മാനസികാഘാതമുണ്ടാക്കുന്നതാണെന്നും ബഞ്ച് പറഞ്ഞു. വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് കോടതിയെ സഹായിക്കാന്‍ അറ്റോര്‍ണി ജനറലിന്റെ സഹായം ബഞ്ച് ആവശ്യപ്പെട്ടു.