From the print
ഹജ്ജ് 2025; നെടുമ്പാശ്ശേരിയില്‍ നിന്ന് രണ്ട് അധിക വിമാനങ്ങള്‍ കൂടി
നാളെയും മറ്റന്നാളുമാണ് ഈ വിമാനങ്ങള്‍ പുറപ്പെടുക.

നെടുമ്പാശ്ശേരി | വെയ്റ്റിംഗ് ലിസ്റ്റില്‍ നിന്ന് കുറേ പേര്‍ക്ക് കൂടി ഹജ്ജിന് പോകാന്‍ അവസരം ലഭിച്ചതോടെ സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള നെടുമ്പാശ്ശേരി ക്യാമ്പില്‍ നിന്ന് ഹാജിമാര്‍ക്ക് പുറപ്പെടാന്‍ രണ്ട് അധിക വിമാനങ്ങള്‍ കൂടി ഏര്‍പ്പെടുത്തി.
നാളെയും മറ്റന്നാളുമാണ് ഈ വിമാനങ്ങള്‍ പുറപ്പെടുക. നാളെ രാവിലെ 11.35നുള്ള പതിവ് വിമാനത്തിന് പുറമേ രാവിലെ 7.55ന് അഡീഷനല്‍ വിമാനം തീര്‍ഥാടകരുമായി പുറപ്പെടും. മറ്റന്നാള്‍ രാത്രി 8.20നുള്ള പതിവ് വിമാനത്തിന് പുറമേ പുലര്‍ച്ചെ മൂന്നിനാണ് അഡീഷനല്‍ വിമാനം പുറപ്പെടുക. ഇതോടെ 6,016 പേര്‍ പുറപ്പെടേണ്ടിയിരുന്ന നെടുമ്പാശ്ശേരിയില്‍ നിന്ന് 400ലധികം ഹജ്ജ് തീര്‍ഥാടകര്‍ കൂടി അധികമായി യാത്ര തിരിക്കും.
യാത്രക്കാരുടെ എണ്ണത്തില്‍ മാറ്റം വരാന്‍ സാധ്യതയുള്ളതിനാല്‍ അധിക വിമാനത്തിലെ തീര്‍ഥാടകരുടെ എണ്ണം ഇപ്പോഴും വ്യക്തമായിട്ടില്ല. സഊദി എയര്‍ലൈന്‍സിന്റെ 289 പേര്‍ക്ക് കയറാവുന്ന വിമാനങ്ങളാണ് നെടുമ്പാശ്ശേരിയില്‍ നിന്ന് സര്‍വീസ് നടത്തിവരുന്നത്.