Connect with us

Uae

ലോക സർവകലാശാലാ റാങ്കിംഗിൽ മികച്ച നേട്ടവുമായി ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റി

പഠന നിലവാരം, തൊഴിൽ മേഖലയിലെ സർവകലാശാലയുടെ സ്വീകാര്യത എന്നിവ മുൻനിർത്തിയാണ് ക്യുഎസ് റാങ്കിംഗ് നിശ്ചയിക്കുന്നത്.

Published

|

Last Updated

അജ്മാൻ|ആഗോള വിദ്യാഭ്യാസ രംഗത്തെ പ്രശസ്തമായ ക്യുഎസ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗിൽ തിളക്കമാർന്ന നേട്ടം കൈവരിച്ച് അജ്മാനിലെ ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റി. 2026-ലെ സബ്ജക്ട് റാങ്കിംഗിൽ ഫാർമസി & ഫാർമക്കോളജി വിഭാഗത്തിൽ ലോകത്തെ മികച്ച 351–400 സർവകലാശാലകളുടെ പട്ടികയിലാണ് ജിഎംയു ഇടംപിടിച്ചത്. യുഎഇയിലെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് വലിയ അഭിമാനമായി മാറിയ ഈ നേട്ടം, സർവകലാശാലയുടെ അക്കാദമിക് മികവിനും ഗവേഷണ പ്രവർത്തനങ്ങൾക്കുമുള്ള ആഗോള അംഗീകാരമാണ്. യുഎഇയിൽ ഫാർമസി ബിരുദ കോഴ്‌സുകൾ നൽകുന്ന പത്ത് സർവകലാശാലകളിൽ ഈ റാങ്കിംഗ് സ്വന്തമാക്കാൻ സാധിച്ചത് അഞ്ച് സ്ഥാപനങ്ങൾക്ക് മാത്രമാണ്. കൂടാതെ, ഈ വിഭാഗത്തിൽ ആഗോളതലത്തിൽ തിരഞ്ഞെടുക്കപ്പെട്ട 32 അറബ് സർവകലാശാലകളിൽ ഒന്നാകാനും ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റിക്ക് സാധിച്ചു.
പഠന നിലവാരം, തൊഴിൽ മേഖലയിലെ സർവകലാശാലയുടെ സ്വീകാര്യത എന്നിവ മുൻനിർത്തിയാണ് ക്യുഎസ് റാങ്കിംഗ് നിശ്ചയിക്കുന്നത്. ജിഎംയുവിന്റെ ഈ ചരിത്ര നേട്ടം സർവകലാശാലയുടെ ആഗോള സാന്നിധ്യം വർദ്ധിപ്പിക്കുമെന്ന് ചാൻസലർ പ്രൊഫ. മന്ദ വെങ്കട്ടരമണ പറഞ്ഞു. ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തോടൊപ്പം ഗവേഷണത്തിനും ക്ലിനിക്കൽ പരിശീലനത്തിനും നൽകുന്ന മുൻഗണനയാണ് ഈ വിജയത്തിന് പിന്നിലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഫാർമസി കോളേജിലെ ഫാക്കൽറ്റികളുടെയും വിദ്യാർത്ഥികളുടെയും കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ അംഗീകാരമെന്ന് കോളേജ് ഓഫ് ഫാർമസി ഡീൻ പ്രൊഫ. ഡോ. മുഹമ്മദ് അൽ ഷൊർബാഗി അഭിപ്രായപ്പെട്ടു. നൂതനമായ പാഠ്യപദ്ധതിയും അത്യാധുനിക ലാബ് സൗകര്യങ്ങളും മികച്ച ഫാർമസി പ്രൊഫഷണലുകളെ സൃഷ്ടിക്കാൻ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ 111 രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പഠിക്കുന്ന ജിഎംയുവിൽ മെഡിസിൻ, ഡെന്റിസ്ട്രി, ഹെൽത്ത് സയൻസ്, നഴ്‌സിംഗ് തുടങ്ങി 45-ഓളം കോഴ്‌സുകളിലേക്ക് പ്രവേശനം തുടരുകയാണ്. പുതിയ റാങ്കിംഗ് നേട്ടത്തോടെ കൂടുതൽ അന്താരാഷ്ട്ര വിദ്യാർത്ഥികളെ ആകർഷിക്കാനും ആഗോള ആരോഗ്യമേഖലയിൽ തങ്ങളുടെ സ്വാധീനം ഉറപ്പിക്കാനും സർവകലാശാലയ്ക്ക് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

Latest