Connect with us

Kerala

സത്വര നടപടിയുമായി സർക്കാർ; തെരുവ്നായകൾക്ക് മാസീവ് വാക്സിനേഷൻ നടപ്പാക്കും

തെരുവ് നായക്കൾക്കായി പഞ്ചായത്ത് തലത്തിൽ ഷെൽട്ടർ ആരംഭിക്കും

Published

|

Last Updated

തിരുവനന്തപുരം| പേവിഷബാധ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ തെരുവുനായകൾക്ക് സെപ്റ്റംബർ 20 മുതൽ ഒരു മാസം നീണ്ടുനിൽക്കുന്ന വാക്സിനേഷൻ യജ്ഞം നടപ്പാക്കും. തെരുവുകളിൽനിന്നു നായകളെ മാറ്റുന്നതിനു ഷെൽട്ടറുകൾ തുറക്കും. തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്യോഗസ്ഥതല യോഗത്തിലാണു തീരുമാനം. തെരുവുനായ ശല്യം പൂർണമായി ഇല്ലാതാക്കാൻ അടിയന്തര, ദീർഘകാല പരിപാടികൾ നടപ്പാക്കുമെന്നു യോഗ ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.

നായയുടെ കടിയേൽക്കുന്നവർക്കു പേവിഷബാധയുണ്ടാകുന്ന സാഹചര്യം പൂർണമായി ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണു വിപുലമായ വാക്സിനേഷൻ യജ്ഞം നടപ്പാക്കുന്നതെന്നു മന്ത്രി പറഞ്ഞു. സെപ്റ്റംബർ 20 മുതൽ ഒക്ടോബർ 20 വരെയാണു ഡ്രൈവ്. ഇതിനായി ബ്ലോക്ക് പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ എന്നിവർക്കു പ്രത്യേക വാഹനങ്ങൾ വാടകയ്ക്കെടുക്കാൻ അനുമതി നൽകും. നിലവിൽ പരിശീലനം ലഭിച്ചിട്ടുള്ള ആളുകളെ ഉപയോഗിച്ചാകും ഡ്രൈവ് ആരംഭിക്കുക. തുടർന്നു കൂടുതൽ പേർക്കു പരിശീലനം നൽകും. കോവിഡ് കാലത്ത് രൂപീകരിച്ച സന്നദ്ധ സേനാംഗങ്ങളിൽ താത്പര്യമുള്ളവർക്കും കുടുംബശ്രീ അംഗങ്ങൾക്കും പരിശീലനം നൽകാനാണു തീരുമാനം. വെറ്ററിനറി സർവകലാശാലയുമായി ചേർന്നു സെപ്റ്റംബറിൽത്തന്നെ ഒമ്പതു ദിവസത്തെ പരിശീലനം നൽകും. തെരുവുനായകളുടെ വാക്സിനേഷൻ പൂർത്തിയാകുന്നതോടെ കടിയേറ്റാലും അപകട സാധ്യത ഒഴിവാക്കാനാകും. വാക്സിൻ എമർജൻസി പർച്ചേസ് നടത്താനുള്ള നടപടി മൃഗസംരക്ഷണ വകുപ്പ് സ്വീകരിക്കും. ഓറൽ വാക്സിനേഷന്റെ സാധ്യതകളും തേടുന്നുണ്ട്. ഗോവ, ഛണ്ഡിഗഡ് തുടങ്ങിയിടങ്ങളിൽ ഈ രീതി വിജയകരമായി നടപ്പാക്കിയിട്ടുണ്ട്.

തെരുവു നായകൾക്കായി പഞ്ചായത്ത്തലത്തിൽ പ്രത്യേക ഷെൽട്ടറുകൾ ആരംഭിക്കും. നേരത്തേ ബ്ലോക് തലത്തിൽ ആരംഭിക്കാൻ തീരുമാനിച്ചിരുന്നു. ഒഴിഞ്ഞ കെട്ടിടങ്ങൾ, സ്ഥലങ്ങൾ തുടങ്ങിയിടങ്ങൽലാകും ഷെൽട്ടറുകൾ തുറക്കുക. അതതു സ്ഥലങ്ങളിൽ എത്രയും പെട്ടെന്ന് ഇതിനായുള്ള സ്ഥലം കണ്ടെത്തും. തെരുവുനായ് ശല്യം രൂക്ഷമായ ഹോട്ട്സ്പോട്ടുകളിലും ആവശ്യമാണെങ്കിൽ ഷെൽട്ടറുകൾ തുറക്കും. മാലിന്യ നീക്കം യഥാസമയം നടക്കാത്തതു തെരുവുനായ ശല്യം രൂക്ഷമാകുന്നതിനു കാരണമായിട്ടുണ്ട്. മാലിന്യ നീക്കം കൃത്യസമയത്തു നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാർ, കളക്ടർമാർ എന്നിവരുടെ നേതൃത്വത്തിൽ ഹോട്ടൽ, റസ്റ്ററന്റ്, കല്യാണ മണ്ഡപങ്ങൾ, മീറ്റ് മർച്ചന്റ്സ് തുടങ്ങിയവരുടെ യോഗം വിളിച്ചു ചേർക്കും. വിപുലമായ ജനകീയ ഇടപെടലും ഇതിന്റെ ഭാഗമായി നടപ്പാക്കും. മഴ മാറിയാലുടൻ ഇതു പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.

മാലിന്യ നീക്കവുമായി ബന്ധപ്പെട്ടു ജില്ലാ ആസൂത്രണ സമിതി ഭാരവാഹികളായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരുടേയും കളക്ടർമാരുടേയും യോഗം ചൊവ്വാഴ്ച വൈകിട്ടു മൂന്നിന് ഓൺലൈനായി ചേരും. കോവിഡ് മഹാമാരിയെ നേരിട്ട രൂപത്തിൽ തെരുവു നായ ശല്യത്തെയും നേരിടണമെന്നാണു തീരുമാനിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി എം.എൽ.എമാരുടെ നേതൃത്വത്തിൽ മണ്ഡലാടിസ്ഥാനത്തിൽ വിപുലമായ യോഗങ്ങൾ വിളിച്ചു ചേർക്കും. രാഷ്ട്രീയ കക്ഷികളുടേയും സന്നദ്ധ സംഘടനകളുടേയും പങ്കാളിത്തം ഉറപ്പാക്കും.

ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ അനിമൽ ബെർത്ത് കൺട്രോൾ (എ.ബി.സി.) കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനു തീരുമാനിച്ചിരുന്നു. രണ്ടു ബ്ലോക്കുകൾക്ക് ഒന്ന് എന്ന കണക്കിൽ തുറക്കാൻ തീരുമാനിച്ചിരുന്ന കേന്ദ്രങ്ങൾ ഇതുവരെ 37 ഇടങ്ങളിൽ പൂർത്തിയായിട്ടുണ്ട്. മറ്റുള്ളവയും ഉടൻ പൂർത്തിയാക്കും. എ.ബി.സി. കേന്ദ്രങ്ങൾ തുറക്കുന്നതിനു പ്രൊജക്ടുകൾ വയ്ക്കാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു തുക വകയിരുത്താൻ വാർഷിക പദ്ധതി ഭേദഗതിക്ക് അനുവാദം നൽകും. സെപ്റ്റംബർ 15നും 20നും ഇടയിൽ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഭരണ സമിതി യോഗം ചേർന്നു തെരുവു നായ ശല്യം പരിഹരിക്കുന്നതിനു സംബന്ധിച്ചു ചർച്ച ചെയ്യും. പ്രൊജക്ട് ഭേദഗതിയും ആക്ഷൻ പ്ലാനും സംബന്ധിച്ച് ഈ യോഗത്തിൽ തീരുമാനമെടുക്കും.

സംസ്ഥാനത്തെ എല്ലാ വളർത്തുനായകൾക്കും ഒക്ടോബർ 30നകം വാക്സിനേഷനും ലൈസൻസും പൂർണമാക്കാൻ നടപടിയെടുക്കും. ആവശ്യമെങ്കിൽ പ്രത്യേക ക്യാംപ് സംഘടിപ്പിക്കും. വളർത്തുനായകൾക്കുള്ള ലൈസൻസ് അപേക്ഷ ഐ.എൽ.ജി.എം.എസ്. സിറ്റിസൺ പോർട്ടൽ മുഖേന ഓൺലൈനാക്കും. അപേക്ഷിച്ച് ഏഴു ദിവസത്തിനകം ലൈസൻസ് ലഭിക്കുന്നവിധത്തിലാകും സംവിധാനം. തദ്ദേശ സ്വയംഭരണ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയും പഞ്ചായത്ത്, നഗരകാര്യ ഡയറക്ടർമാരും ഇതിനു മേൽനോട്ടം വഹിക്കും. എ.ബി.സി. പദ്ധതി നടപ്പാക്കുന്നതിനു കുടുംബശ്രീയ്ക്ക് അനുമതി നൽകുന്ന കാര്യവും പേ പിടിച്ചതും അക്രമകാരികളുമായ നായകളെ കൊല്ലാനുള്ള അനുമതിയും ഈ മാസം 28നു സുപ്രീംകോടതിയിൽ കേസ് പരിഗണിക്കുമ്പോൾ കേരളം ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരനും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, മൃഗസംരക്ഷണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ എം.ജി. രാജമാണിക്യം, നഗരകാര്യ ഡയറക്ടർ അരുൺ കെ. വിജയൻ, തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടർ അബ്ദുൾ നാസർ, കുടുംബശ്രീ എക്സിക്യൂട്ടിവ് ഡയറക്ടർ ജാഫർ മാലിക്, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ കൗശികൻ, തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരുടെ സംസ്ഥാതല സംഘടനാ പ്രതിനിധികൾ, വെറ്ററിനറി സർവകലാശാല, കാർഷിക സർവകലാശാല, ശുചിത്വ മിഷൻ, തൊഴിലുറപ്പ് പദ്ധതി, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് എന്നിവയിൽനിന്നുള്ള ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.