Connect with us

Saudi Arabia

ഭരണ ഘടന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക ഐ  സി എഫ്

ഭരണഘടനയുടെ അന്തസത്ത അത് ഉയര്‍ത്തുന്ന സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സോഷ്യലിസത്തിന്റെയും മതേതരത്വത്തിന്റെയും സമഭാവനയുടെയും ഘടകങ്ങള്‍ ഏറ്റവും കൂടുതല്‍ ചോദ്യം ചെയ്യപ്പെടുന്ന നാളുകളിലാണ് ഇന്ത്യ എന്ന മഹാരാജ്യം കടന്നുപോയിക്കൊണ്ടിരിക്കുന്നത്

Published

|

Last Updated

ദമാം |  മഹത്തായ ഭരണഘടനയെ ഉയര്‍ത്തിപ്പിടിക്കുകയും അതിന്റെ മൂല്യങ്ങളെ അന്തസത്ത ചോരാതെ രാഷ്ട്ര നിര്‍മ്മാണത്തിലും നിയമ രൂപീകരണത്തിലും പ്രതിഫലിപ്പിക്കുകയും ചെയ്യണമെന്ന് ഐ സി എഫ് ദമാം സെന്‍ട്രല്‍ കമ്മിറ്റി റിപ്പബ്ലിക് ദിനത്തോടനുമ്പന്ധിച്ച് സംഘടിപ്പിച്ച സൗഹൃദ സംഗമം അഭിപ്രായപ്പെട്ടു.

ഭരണഘടനയുടെ അന്തസത്ത അത് ഉയര്‍ത്തുന്ന സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സോഷ്യലിസത്തിന്റെയും മതേതരത്വത്തിന്റെയും സമഭാവനയുടെയും ഘടകങ്ങള്‍ ഏറ്റവും കൂടുതല്‍ ചോദ്യം ചെയ്യപ്പെടുന്ന നാളുകളിലാണ് ഇന്ത്യ എന്ന മഹാരാജ്യം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഭരണത്തില്‍ ഇരിക്കുന്നവരും നേതൃത്വം നല്‍കുന്നവരും ഒരുപക്ഷേ കോടതികളും തന്നെ ഭരണഘടനയുടെ അന്തസത്തയ്‌ക്കെതിരായ മൂല്യങ്ങള്‍ക്കെതിരായ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നു എന്ന ഭീതിതമായ അവസ്ഥയെ നാമഭിമുഖീകരിക്കുന്നു. ശാസ്ത്രബോധത്തെയും സമത്വത്തെയും നീതിയെയും വിവേചനരഹിതമായ നീതി നിര്‍വഹണത്തെയും ഉയര്‍ത്തിപ്പിടിക്കേണ്ട ഭരണഘടനയെ വ്യാഖ്യാനിക്കേണ്ട കോടതികള്‍ പോലും പലപ്പോഴും പൊതുബോധത്തിനും ബാഹ്യസമ്മര്‍ദ്ദങ്ങള്‍ക്കും വിധേയമായി ഭരണഘടനയുടെ അടിസ്ഥാനതത്വമായ എല്ലാവര്‍ക്കും നീതി എന്ന സങ്കല്പത്തെ അട്ടിമറിക്കുന്നത് നമ്മുടെ മുന്നില്‍ കാണുന്നുണ്ട്.

ഭരണഘടനയുടെ അടിസ്ഥാനത്തിലാണ് ഓരോ രാജ്യവും നിലനില്‍ക്കുന്നത് രാജ്യത്തിലെ ഓരോ പൗരന്റെയും ഭാവി ഭരണഘടനയെ ആസ്പദമാക്കി നിലനില്‍ക്കുന്നു. രാജ്യത്തിന്റെ നിയമ സംവിധാനങ്ങള്‍ ആധാരമാക്കുന്നത് ഭരണഘടനയാണ്. രാജ്യത്തിലെ പൗരന്റെ മനുഷ്യാവകാശങ്ങളും അവന്റെ ജീവിതവും എല്ലാം സംരക്ഷിക്കപ്പെടുന്നത് ഭരണഘടനയുടെ ബലത്തിലാണ്. ഒരു പൗരന്‍ എന്നുള്ള നിലയില്‍ ഭരണഘടന മനസ്സിലാക്കുകയും അതിന്റെ മൂല്യങ്ങള്‍ക്ക് വേണ്ടി പോരാടുകയും ചെയ്യേണ്ട ഒരു അവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. കാരണം ഭരണഘടന ലംഘിക്കപ്പെടുന്നത് അധികാരത്തിന്റെയും, മതത്തിന്റെയും പിന്‍ബലത്തിലാണ് എന്നുള്ളത് അങ്ങേയറ്റം ഖേദകരവും, ഭീതിജനകവുമാണ്.

ഇന്ത്യയുടെ പാര്‍ലമെന്റ് ഉദ്ഘാടനം പോലും തീര്‍ത്തും മത വല്‍ക്കരിക്കപ്പെട്ട പൂജാകര്‍മ്മങ്ങളിലൂടെ നിര്‍വഹിക്കപ്പെട്ടു എന്നത് നിസ്സാരമായ ഒരു കാര്യമല്ല. മതം രാഷ്ട്രത്തിന്റെ മേല്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നു എന്ന ദുരവസ്ഥയിലേക്ക് ഇന്ത്യ എത്തിപ്പെട്ടിരിക്കുകയാണ്. പ്രധാനമന്ത്രിയും രാഷ്ട്ര നിര്‍മാണത്തിലെ പ്രധാനപ്പെട്ട അംഗങ്ങളും ഒരു മതത്തിനെ പ്രമോട്ട് ചെയ്യുകയും ആ മതത്തിന്റെ ദേവാലയങ്ങളുടെ ഉദ്ഘാടകരും അതിനെ പൂജാരികളുമായി മാറുന്ന അവസ്ഥക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്

മനുഷ്യര്‍ തമ്മിലുള്ള സഹവര്‍ത്തിത്വമാണ് ഏതൊരു രാജ്യത്തിന്റെയും പുരോഗമന അടിത്തറക്ക് നിദാനം പരസ്പരം വിശ്വാസവും സ്‌നേഹവും വളര്‍ത്തിയെടുക്കേണ്ട ഉത്തരവാദിത്വം എല്ലാ ദേശീയ വാദികളുടെയും കടമയാണ് ,വെറുപ്പിന് സ്‌നേഹമല്ലാതെ മറ്റൊരു മരുന്നില്ല.സ്‌നേഹമാണ് മനുഷ്യരെ വേദനകളില്‍ നിന്നും ആശങ്കകളില്‍ നിന്നും മോചിപ്പിച്ച് സമാധാനപൂര്‍ണ്ണമായ ജീവിതം പ്രദാനം ചെയ്യുന്നത്.
നമ്മുടെ റിപ്പബ്ലിക് അജയ്യമായി നില നില്‍ക്കണമെന്നും സൗഹൃദ സംഗമത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു

സെന്‍ട്രല്‍ പ്രസിഡന്റ് ശംസുദ്ധീന്‍ സഅദിയുടെ അധ്യക്ഷതയില്‍ ,സെന്‍ട്രല്‍ വെല്‍ഫെയര്‍ സെക്രട്ടറി മുനീര്‍ തോട്ടട ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ ജനറല്‍ സെക്രട്ടറി അബ്ബാസ് മാസ്റ്റര്‍ തെന്നല കീ നോട്‌സ് അവതരിപ്പിച്ചു. മുഹമ്മദലി പാഴൂര്‍ (ഒ.ഐ.സി.സി ), ഹമീദ് വടകര (കെ.എം.സി.സി ), പ്രൊവിന്‍സ് വെല്‍ഫെയര്‍ സെക്രട്ടറി നാസര്‍ മസ്താന്‍ മുക്ക്, സിദ്ദീഖ് ഇര്‍ഫാനി എന്നിവര്‍ സംസാരിച്ചു

 

Latest