Connect with us

ആത്മായനം

മുറിവുകളിലൂടെയാണ് പ്രകാശം വരിക

നമ്മളേതു വിധേനയാണ് കാര്യങ്ങളെ സമീപിക്കുകയെന്നറിയാൻ ദുരിതങ്ങളും സന്തോഷങ്ങളും അവൻ നമുക്കു മുന്നിലിടുന്നു. അക്ഷമയോടെയും അഹങ്കാരത്തോടെയുമുള്ള സമീപനം പരാജയത്തെയും ക്ഷമയോടെയും നന്ദി ബോധത്തോടെയുമുള്ള സമീപനം വിജയത്തെയും കൊണ്ട് തരുന്നു. സത്യവിശ്വാസികൾ അങ്ങനെയാണ് പാകപ്പെടേണ്ടത്. തിരുനബി(സ)പറഞ്ഞില്ലേ "സത്യവിശ്വാസിയുടെ കാര്യം അത്ഭുതകരമാണ്.

Published

|

Last Updated

“അറ്റുപോകില്ല ഗസ്സ’ എന്ന തലവാചകത്തിൽ രിസാല അപ്ഡേറ്റിൽ പ്രസിദ്ധീകരിച്ച ഡോക്യുമെന്ററി കണ്ടാണ് ഈ കുറിപ്പെഴുതുന്നത്. വെന്തുരുകിയ കാലത്തെ ജീവിതത്തിന്റെ പുതിയ സാധ്യതയായി മാറ്റണമെന്ന് ഗസ്സയിലെ മനുഷ്യർ നമ്മെ പഠിപ്പിക്കുന്നു. ബോംബിംഗിൽ ചിതറിയ കൈകാലുകൾ, പൊട്ടിയ പൈപ്പുകൾ കൊണ്ടും പ്ലാസ്റ്റിക് തുണ്ടുകൾ കൊണ്ടും പൂരിപ്പിച്ച് അവർ മുന്നോട്ട് നടന്നു.

മുമ്പിൽ വന്ന ഇരുട്ടുകളെ മുഴുക്കെ ചെറുതിരികൾ കത്തിച്ച് കെടുത്തി. വേദനകളെ കളിപ്പാട്ടമാക്കി. അലറിക്കരച്ചിലുകളെ ആഹ്ലാദിപ്പിച്ച് തോൽപ്പിച്ചു. ഒരിക്കലും ജീവിതത്തെ പഴിച്ചില്ല. തകരും തോറും അതിനെ കെട്ടിപ്പൊക്കി കൊണ്ടിരുന്നു. തകർന്ന ഭൂമിയെ ക്ലാസ്സ്മുറികളും ആരാധനാലയങ്ങളും ഓഡിറ്റോറിയങ്ങളുമാക്കി. ഒന്നും മുടക്കിയില്ല. ഇല്ലായ്മകളെ അകമേ മായ്ച്ചു കളഞ്ഞു. തിരിച്ചുവരവിനെ, ശോഭന കാലത്തെ, അവർ വീണ്ടും വീണ്ടും കാത്തു കാത്തിരിക്കുന്നു.

കൂട്ടരേ…ഉടഞ്ഞുപോയിടത്ത് പര്യവസാനിക്കുന്നതല്ല ജീവിതം. ചിലപ്പോൾ ആ പരാജയമായിരിക്കും വിജയത്തിലേക്കുള്ള യഥാർഥ വഴി. ഈയടുത്ത് ഒരു വയോധികനോട് സംസാരിച്ചു. എന്നെപ്പോലെ സന്തോഷിക്കുന്ന മറ്റാരുമില്ലെന്ന് പറഞ്ഞ് തുടങ്ങിയ അദ്ദേഹം അതിന് കാരണമായി പറഞ്ഞത് എന്റെ കൈയിൽ ഒരു ചില്ലിക്കാശ് പോലുമില്ലെന്നും, ഒരു രൂപ കടമില്ലെന്നുമായിരുന്നു.

കഥയുടെ കെട്ടഴിച്ചപ്പോൾ ദാരിദ്ര്യത്തിന്റെ കൊടും വിഷപ്പും അംഗപരിമിതനായ മകനെ ചൊല്ലി ഏൽക്കേണ്ടി വന്ന അവഗണനകളും തുടങ്ങി നീറ്റലിന്റെ കുറെ അധ്യായങ്ങളുണ്ട് ആ ജീവിതത്തിൽ. എല്ലാറ്റിലും എനിക്കെന്റെ അല്ലാഹു തുറവി തന്നുവെന്നാണ് അദ്ദേഹത്തിന്റെ അടിവര.

ആശൂറാഇന്റെ ദിനം നമ്മളോർത്തില്ലേ? സായുധരായ വമ്പൻ സേന പിറകിൽ നിന്ന് ഇരമ്പി വരുന്നു, മുമ്പിൽ മഹാസമുദ്രം!? ഭയവിഹ്വലരായ പാവങ്ങളോട് കലീമുല്ലാഹി മൂസാ (അ) പറഞ്ഞു “അല്ല, എന്റെ കൂടെ എന്റെ രക്ഷിതാവുണ്ട്. അവനെനിക്ക് വഴി കാണിച്ച് തരും’ ഉടൻ കൈയിലെ വടി കൊണ്ട് സമുദ്രത്തിലടിക്കാൻ നിർദേശമുണ്ടായി. അത് പാലിച്ചു. രക്ഷാമാർഗം മുന്നിൽ സുഗമമായി..!

നമുക്ക് നമ്മുടെ റബ്ബു ണ്ടെന്ന ബോധത്തെക്കാൾ ജീവസുറ്റ മറ്റെന്തു മോട്ടിവേഷനുണ്ട്?
നമ്മളേതു വിധേനയാണ് കാര്യങ്ങളെ സമീപിക്കുകയെന്നറിയാൻ ദുരിതങ്ങളും സന്തോഷങ്ങളും അവൻ നമുക്കു മുന്നിലിടുന്നു. അക്ഷമയോടെയും അഹങ്കാരത്തോടെയുമുള്ള സമീപനം പരാജയത്തെയും ക്ഷമയോടെയും നന്ദി ബോധത്തോടെയുമുള്ള സമീപനം വിജയത്തെയും കൊണ്ട് തരുന്നു. സത്യവിശ്വാസികൾ അങ്ങനെയാണ് പാകപ്പെടേണ്ടത്. തിരുനബി(സ)പറഞ്ഞില്ലേ “സത്യവിശ്വാസിയുടെ കാര്യം അത്ഭുതകരമാണ്.

അവന് നന്മ സംഭവിച്ചാൽ അവൻ നന്ദി കാണിക്കുന്നു, അത് അവന് ഗുണകരമാകുന്നു. അവന് പ്രയാസം സംഭവിച്ചാൽ അവൻ ക്ഷമിക്കുന്നു, അതും അവന് ഗുണകരമാകുന്നു’ (മുസ്്ലിം). നമ്മുടെ ദൗർബല്യങ്ങളെയും വേദനകളെയും ഊതിവീർപ്പിച്ച് ജനങ്ങളുടെ സഹതാപം ചോദിച്ചു വാങ്ങുന്നത് ശരിയല്ല. ദുഃഖങ്ങളെ ആത്മവിശ്വാസത്തോടെ പരാജയപ്പെടുത്തണം. വിശുദ്ധ ഗ്രന്ഥത്തിന്റെ നിർദേശവുമതാണ്. “നിങ്ങൾ ദൗർബല്യം കാണിക്കരുത്, ദുഃഖിക്കുകയും ചെയ്യരുത്; നിങ്ങൾ സത്യവിശ്വാസികളാണെങ്കിൽ നിങ്ങൾ തന്നെയാണ് ഉന്നതർ.’ (ഖുർആൻ 3:139). സത്യവിശ്വാസം എന്ന ഘടകം മനുഷ്യരിൽ ഉത്പാദിപ്പിക്കുന്ന പ്രതീക്ഷയും ധൈര്യവും അപരിമേയമാണ്.

ജീവനൊടുക്കാൻ അവന്റെ മനസ്സിൽ തീരെ തോന്നുകയില്ല. മുറിവുകളെ പുതിയ വഴികളുടെ തുടക്കമായവൻ കാണും. അതുകൊണ്ടാണ് റൂമി “നിന്റെ മുറിവുകളിലൂടെയാണ് പ്രകാശം നിനക്കുള്ളിലേക്ക് കടന്നുവരുന്നത്’ എന്ന് പറഞ്ഞത്. ഇമാം ഷാഫി (റ) നമ്മെ പഠിപ്പിക്കുന്നത്: “വിഷമങ്ങൾ നീങ്ങുന്നത് വരെ നീ ക്ഷമിക്കുക. വിധി അല്ലാഹുവിന്റെ കൈകളിലാണ്, എല്ലാം മനോഹരമായിത്തീരും’ എന്നാണ്.

ഓർത്ത് നോക്കൂ..നമ്മളൊരുപാട് പട്ടിണി കിടന്നിട്ടുണ്ടോ. ബോംബുകളുടെ നടുത്തളത്തിൽ മനസ്സ് പൊട്ടി നിന്നിട്ടുണ്ടോ. നഷ്‌ടപ്പെട്ട കൈകാലുകൾ കൊണ്ട് ദൂരേന്ന് വെള്ളം ചുമന്ന് നടന്നിട്ടുണ്ടോ. ചിതറിയ മാംസത്തിന്റെയും ചോരയുടെയും രൂക്ഷമായ ഗന്ധം അനുഭവിച്ചിട്ടുണ്ടോ?
ഇല്ല , നമ്മെ അല്ലാഹു സുരക്ഷിതരാക്കി. അൽഹംദുലില്ലാഹ്. തീ തിന്നുന്ന മനുഷ്യർക്ക് അവൻ മുന്തിയ പ്രതിഫലം നൽകട്ടെ. സ്‌നേഹിതരേ… ജീവിതത്തിൽ എന്നും സന്തോഷമായിരിക്കുമെന്ന് ധരിച്ച് വശാവരുത്. സന്തോഷം പോലെ ദുഃഖവുമെത്തും. എല്ലാ നേരവും നമ്മൾ മികച്ചവരാകണം. അതിന് മാറ്റ് കൂടുകയല്ലാതെ കീഴ്പോട്ട് പോകരുത്. അല്ലാഹു സഹായിക്കട്ടെ.

Content Highlights:
The resilience of the people in Gaza serves as a powerful testament to finding new possibilities amid absolute devastation. Islamic teachings emphasize that absolute faith and patience during trials transform severe hardships into ultimate success. True believers look at life’s profound wounds as pathways for divine light and spiritual growth.

 

---- facebook comment plugin here -----

Latest