Connect with us

Ongoing News

ഷാര്‍ജയില്‍ മാര്‍ബിള്‍ കല്ലുകള്‍ക്കുള്ളില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച സംഘത്തെ പിടികൂടി

226 കിലോയിലധികം ഹാഷിഷ്, സൈക്കോട്രോപിക് ലഹരിവസ്തുക്കള്‍, മയക്കുമരുന്ന് എന്നിവ കണ്ടെത്തി.

Published

|

Last Updated

ഷാര്‍ജ | മാര്‍ബിള്‍ കല്ലുകള്‍ക്കുള്ളില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച സംഘത്തെ ഷാര്‍ജ പോലീസ് അറസ്റ്റ് ചെയ്തു. ഏഷ്യന്‍ പൗരന്‍മാരായ മൂന്ന് പേരാണ് അറസ്റ്റിലായത്. രാജ്യത്തിന് പുറത്തുള്ള ഇടപാടുകാരുടെ നിര്‍ദേശപ്രകാരം മയക്കുമരുന്ന് കടത്തുകയായിരുന്നു ഇവര്‍.

226 കിലോയിലധികം ഹാഷിഷ്, സൈക്കോട്രോപിക് ലഹരിവസ്തുക്കള്‍, മയക്കുമരുന്ന് എന്നിവ കണ്ടെത്തി. മാര്‍ബിള്‍ കല്ലുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച് രാജ്യത്തിനകത്ത് വില്‍ക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് ഷാര്‍ജ പോലീസിലെ ആന്റി നാര്‍ക്കോട്ടിക് ഡിപ്പാര്‍ട്ട്മെന്റ്ഡയറക്ടര്‍ കേണല്‍ മജീദ് സുല്‍ത്താന്‍ അല്‍ അസം വ്യക്തമാക്കി. രാജ്യത്തിന് പുറത്തുള്ള ഡീലര്‍മാര്‍ നിയന്ത്രിക്കുന്ന ഒരു സംഘത്തെ സൂചിപ്പിക്കുന്ന വിവരങ്ങള്‍ ലഭിച്ചതില്‍ നിന്നാണ് അന്വേഷണം.

അതനുസരിച്ച്, സംഘാംഗങ്ങളെ കണ്ടെത്താനും അവരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും പ്രാദേശിക, അന്തര്‍ദേശീയ മയക്കുമരുന്ന് കള്ളക്കടത്ത് ശൃംഖലകളുമായുള്ള ബന്ധം നിര്‍ണയിക്കാനും ആന്റി നാര്‍ക്കോട്ടിക് വിഭാഗം ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

പോലീസിന്റെ കണ്ണുവെട്ടിച്ച് രാജ്യത്തെ തുറമുഖങ്ങളിലേക്ക് അയച്ച മാര്‍ബിള്‍ സ്ലാബുകള്‍ക്കുള്ളില്‍ മയക്കുമരുന്ന് ഒളിപ്പിച്ചതിനാല്‍ കള്ളക്കടത്ത് രീതികള്‍ പാരമ്പര്യേതരമാണെന്ന് കണ്ടെത്തി. എന്നാല്‍, പോലീസ് തിരച്ചില്‍ നടത്തിയതോടെ ഓരോരുത്തരായി പിടിയിലായി. ഷാര്‍ജ പോലീസ് ഡെപ്യൂട്ടി കമാന്‍ഡര്‍-ഇന്‍-ചീഫ് മേജര്‍ ജനറല്‍ അബ്ദുല്ല മുബാറക് ബിന്‍ അമര്‍ പോലീസ് ശ്രമങ്ങളെ പ്രശംസിച്ചു.

മയക്കുമരുന്ന് കടത്തുകാര്‍, പ്രൊമോട്ടര്‍മാര്‍, ഡീലര്‍മാര്‍ എന്നിവര്‍ക്കെതിരെയുള്ള ഫലപ്രദമായ മുന്‍കരുതലിലൂടെയും സമൂഹത്തിന്റെ സുരക്ഷയെയും സ്ഥിരതയെയും ബാധിക്കുന്ന ഏത് ഭീഷണിയെയും നേരിടാന്‍ ഫീല്‍ഡ് ഉദ്യോഗസ്ഥരുടെയും സാങ്കേതികവിദ്യയുടെയും നിരന്തരമായ സന്നദ്ധതയിലൂടെയും ഷാര്‍ജ പോലീസ് ശക്തമായ സുരക്ഷാവേലി ശക്തിപ്പെടുത്തുന്നത് തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.