Connect with us

Kerala

വ്യാജ നമ്പര്‍ പ്‌ളേറ്റ് ഉപയോഗിച്ചുള്ള തട്ടിപ്പ്; ജാഗ്രത നിര്‍ദേശവുമായി മോട്ടോര്‍ വാഹന വകുപ്പ്

രാജ്യത്ത് 2019 ഏപ്രില്‍ ഒന്നിന് ശേഷം രജിസ്റ്റര്‍ ചെയ്ത എല്ലാ വാഹനങ്ങള്‍ക്കും അതി സുരക്ഷ നമ്പര്‍ പ്ലേറ്റുകള്‍ ആണ് ഉള്ളത്.

Published

|

Last Updated

കൊല്ലം| കൊല്ലത്ത് നിന്നും കുട്ടിയെ തട്ടികൊണ്ടുപോയ വാഹനം നിലമ്പൂര്‍ പരിധിയില്‍ ഉണ്ടെന്ന വിവരം ലഭിച്ച സാഹര്യത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം നടത്തി. സിസിടിവി ദൃശ്യങ്ങളില്‍ കണ്ട, കുറ്റകൃത്യം ചെയ്യാന്‍ വേണ്ടി ഉപയോഗിച്ചതായി സംശയിക്കുന്ന നമ്പറില്‍ ഉള്ള ഒരു വാഹനം മലപ്പുറത്ത് നിലമ്പൂരിനടുത്ത് തന്നെ ഉണ്ട്. ഉടമസ്ഥരുടെ കൈവശം തന്നെ, പക്ഷേ അവര്‍ ആരും ഇത് അറിഞ്ഞിട്ടുപോലും ഇല്ല എന്നതാണ് വസ്തുത. അതൊരു വെള്ള സ്വിഫ്റ്റ് ഡിസയര്‍ കാറാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇതേ നമ്പര്‍ പ്ലേറ്റ് വെച്ച് ഇതേ പോലെ ഒരു കാര്‍ മറ്റെവിടെയോ ഓടുന്നുണ്ട് എന്ന് വ്യക്തം. ആ വാഹന നമ്പര്‍ ഉപയോഗിച്ചാണ് കുറ്റ കൃത്യം നടത്തിയത്. ഈ സാഹചര്യത്തില്‍ വാഹന ഉടമകള്‍ക്കായി മോട്ടോര്‍ വാഹന വകുപ്പ് ജാഗ്രത നിര്‍ദേശം പുറത്തിറക്കി. എംവി ഡി കേരളയുടെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലാണ് നിര്‍ദേശമുള്ളത്.

വ്യാജനമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ചിട്ടുള്ള വാഹനങ്ങള്‍ പോലീസിന്റേയും മോട്ടോര്‍ വാഹന വകുപ്പിന്റേയും വാഹന പരിശോധനകളില്‍ പെടാറുണ്ട്. രാജ്യത്ത് 2019 ഏപ്രില്‍ ഒന്നിന് ശേഷം രജിസ്റ്റര്‍ ചെയ്ത എല്ലാ വാഹനങ്ങള്‍ക്കും അതി സുരക്ഷ നമ്പര്‍ പ്ലേറ്റുകള്‍ ആണ് ഉള്ളത്. ദയവായി അത് ഇളക്കി മാറ്റുകയോ, പകരം ഫാന്‍സി നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിക്കുകയോ ചെയ്യരുത്. വാഹനത്തിന്റെ നിറം അനധികൃതമായി മാറ്റുന്നത് കുറ്റകരം ആണ്.നിറം മാറ്റാന്‍ മുന്‍കൂര്‍ അനുമതി വാങ്ങി ചെയ്യാവുന്നതാണ്.

നിരീക്ഷണ കാമറകള്‍ വഴി, നിങ്ങളുടെ കൈവശം ഇല്ലാത്ത, നിങ്ങള്‍ക്ക് അറിയാത്ത ഒരു വാഹനത്തിന്റെ പിഴ നോട്ടീസ് നിങ്ങള്‍ക്ക് ലഭിച്ചാല്‍ ഉടന്‍ തന്നെ അടുത്തുള്ള എംവിഡി/ പോലീസ് അധികാരികളുമായി ബന്ധപെടുക. കാരണം നിങ്ങളുടെ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ചു മറ്റൊരു വാഹനം ഓടുന്നുണ്ട് എന്ന് സാരം. നിങ്ങളുടെ മൊബൈല്‍ നമ്പര്‍ പരിവാഹന്‍ വെബ് സൈറ്റിലെ നിങ്ങളുടെ വാഹന വിവരങ്ങളുമായി ലിങ്ക് ചെയ്തു വെക്കാന്‍ ശ്രദ്ധിക്കുക.

നിങ്ങളുടെ മൊബൈല്‍ നമ്പരില്‍ ലഭ്യമാകുന്ന ഒടിപി ഇല്ലാതെ പ്രസ്തുത വാഹനം മറ്റൊരാള്‍ക്ക് വില്‍ക്കാന്‍ സാധിക്കില്ല എന്നതു കൂടാതെ, വാഹനം മോഷ്ടിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകുന്ന പക്ഷം നിയമപാലകര്‍ക്ക് വാഹന ഉടമയുമായി ഉടനടി ബന്ധപ്പെടുന്നതിന് സൗകര്യപ്പെടുകയും ചെയ്യും. (പരിവാഹന്‍ വെബ്‌സൈറ്റിലൂടെ മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്.)

വാഹനത്തില്‍ ഫാസ്ടാഗ് വെക്കുക. ഏതൊക്കെ ടോള്‍ പ്ലാസ വഴി വാഹനം കടന്നു പോയി എന്ന് നിങ്ങള്‍ക്ക് എസ്.എം.എസ് വഴി അറിയാന്‍ സാധിക്കും. വാഹന പരിശോധനാ സ്ഥലം, ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനായുള്ള കാമറകള്‍ വെച്ചിട്ടുള്ളസ്ഥലം, എന്നിവ മുന്‍കൂട്ടി അറിയുന്നതിനുള്ള ആപ്പുകള്‍ ക്രിമിനല്‍ കുറ്റങ്ങളില്‍ ഏര്‍പ്പെടുന്നവരേയും രക്ഷപ്പെടാന്‍ സഹായിക്കാറുണ്ട് എന്നത് പൊതുസമൂഹം കൂടിബോധ്യപ്പെടേണ്ട വസ്തുതയാണെന്നും മോട്ടോര്‍ വാഹനവകുപ്പിന്റെ കുറിപ്പില്‍ പറയുന്നു.