Editorial
സഹകരണ ബേങ്കുകളിലെ തട്ടിപ്പും വെട്ടിപ്പും
സഹകരണ ബേങ്കുകളുടെ പ്രവര്‍ത്തനം കാര്യക്ഷമവും അഴിമതി മുക്തവും ആയാല്‍ മാത്രമേ കേന്ദ്രത്തിന്റെ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഇടപെടലുകളെ സമൂഹ മധ്യത്തില്‍ തുറന്നു കാണിക്കാനും ജനകീയ പിന്തുണയോടെ പ്രതിരോധിക്കാനും സാധിക്കുകയുള്ളൂ. സഹകരണ സ്ഥാപനങ്ങളെ രാഷ്ട്രീയാതിപ്രസരത്തില്‍ നിന്ന് മുക്തമാക്കുകയാണ് ഇതിന് മുഖ്യമായും വേണ്ടത്.

കരുവന്നൂര്‍ സഹകരണ ബേങ്കിലെ വന്‍ തട്ടിപ്പിനെക്കുറിച്ചുള്ള അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കെ, തൃശൂര്‍ ജില്ലയിലെ മറ്റൊരു സഹകരണ സ്ഥാപനത്തിലും കോടികളുടെ തട്ടിപ്പ് നടന്നതായി ആരോപണമുയര്‍ന്നിരിക്കുന്നു. കാട്ടാകാമ്പാല്‍ മള്‍ട്ടി പര്‍പസ് സര്‍വീസ് സഹകരണ സൊസൈറ്റി ബേങ്കിലാണ് തട്ടിപ്പ് അരങ്ങേറിയത്. സഹകരണ അസ്സിസ്റ്റന്റ് രജിസ്ട്രാറുടെ പരാതിയില്‍ സംഘം ഭരണ സമിതി മുന്‍ സെക്രട്ടറിക്കെതിരെ കുന്നംകുളം പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
ജൂണില്‍ മാറഞ്ചേരി സ്വദേശിനി നല്‍കിയ പരാതിയിലാണ് തട്ടിപ്പിന്റെ കഥകള്‍ ആദ്യം പുറത്ത് വന്നത്. 73 പാക്കറ്റുകളിലായി ബേങ്കില്‍ സൂക്ഷിച്ചിരുന്ന 775 ഗ്രാം സ്വര്‍ണം സഹകരണ സംഘം സെക്രട്ടറി ബേങ്കില്‍ നിന്ന് കടത്തി തിരിമറി ചെയ്തു എന്നാണ് പരാതി. രണ്ട് ലക്ഷം രൂപക്ക് ആധാരം പണയം വെച്ച ഒരു വ്യക്തിയുടെ ആധാരം ഉപയോഗിച്ച് സെക്രട്ടറി എട്ട് ലക്ഷം രൂപയുടെ രണ്ട് ലോണുകള്‍ ബേങ്കില്‍ നിന്ന് കൈക്കലാക്കിയതായും ആരോപിക്കപ്പെടുന്നു. മൂന്ന് കേസുകളിലായി 40 ലക്ഷം രൂപയുടെ തട്ടിപ്പും 40 ലക്ഷം രൂപയുടെ സ്വര്‍ണ തിരിമറിയുമാണ് ഇതിനകം പുറത്ത് വന്നത്. രണ്ട് കോടിയിലധികം രൂപയുടെ തട്ടിപ്പും അതിലേറെ തിരിമറിയും നടന്നതായാണ് അനുമാനം. സെക്രട്ടറിയുടെ തട്ടിപ്പിന് ചില ബേങ്ക് ജീവനക്കാര്‍ കൂട്ടുനിന്നതായും ആരോപിക്കപ്പെടുന്നു.
സംസ്ഥാനത്തെ സഹകരണ സംഘങ്ങളില്‍ നടന്ന ഏറ്റവും വലിയ തട്ടിപ്പായിരുന്നു കരുവന്നൂര്‍ ബേങ്കിലേത്. ഏകദേശം 300 കോടിയുടെ തട്ടിപ്പ് നടന്നതായാണ് വിലയിരുത്തല്‍. 2021 ജൂലൈയിലാണ് ഈ ബേങ്കിലെ തട്ടിപ്പ് വാര്‍ത്ത പുറത്തുവന്നത്. നീണ്ട പ്രവാസ ജീവിതത്തില്‍ നിന്ന് മിച്ചം പിടിച്ച പണം, സര്‍വീസില്‍ നിന്ന് വിരമിച്ചവരുടെ പെന്‍ഷന്‍ തുക, മകളുടെ കല്യാണത്തിനും മക്കളുടെ വിദ്യാഭ്യാസത്തിനും നിക്ഷേപിച്ച തുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി നിക്ഷേപിച്ച നിരവധി പേരുടെ പണമാണ് ബേങ്ക് മാനേജര്‍, അക്കൗണ്ടന്റ്, കമ്മീഷന്‍ ഏജന്റ്, സൂപ്പര്‍ മാര്‍ക്കറ്റ് കാഷ്യര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് തട്ടിയെടുത്തത്. മുന്‍ മന്ത്രി എ സി മൊയ്തീനും പ്രതിയാണ് ഈ കേസില്‍. അദ്ദേഹത്തിന്റെ വീട്ടില്‍ ഇ ഡി നടത്തിയ റെയ്ഡില്‍ ചില രേഖകള്‍ പിടിച്ചെടുത്തതായി പറയപ്പെടുന്നു. റെയ്ഡിനു പിന്നാലെ അദ്ദേഹത്തിന്റെ ബേങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തു.
വളപ്പട്ടണം സഹകരണ ബേങ്ക്, കാടാച്ചിറ സഹകരണ ബേങ്ക്, പുല്‍പ്പള്ളി സഹകരണ ബേങ്ക്, പത്തനംതിട്ട മൈലപ്രം സഹകരണ ബേങ്ക്, കോട്ടയം വെള്ളൂര്‍ സഹകരണ ബേങ്ക് തുടങ്ങി വേറെയും നിരവധി ബേങ്കുകളുമായി ബന്ധപ്പെട്ട് തട്ടിപ്പു കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. സഹകരണ പ്രസ്ഥാനങ്ങളുടെയും ബേങ്കുകളുടെയും വിശ്വാസ്യതയെ തകര്‍ക്കുന്നതാണ് വര്‍ധിച്ചു വരുന്ന ഈ വെട്ടിപ്പുകള്‍. ഗ്രാമീണ ജനതയെയും സാധാരണക്കാരെയും ലക്ഷ്യമാക്കി സ്ഥാപിതമായതാണ് സഹകരണ പ്രസ്ഥാനങ്ങളും ധനകാര്യ സ്ഥാപനങ്ങളും. ബ്ലേഡ് കമ്പനിക്കാരുടെയും വട്ടി പലിശക്കാരുടെയും കഴുത്തറുപ്പില്‍ നിന്ന് സാധാരണക്കാരെ രക്ഷിക്കുകയും ഗ്രാമീണ ജനതയുടെ സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുകയുമാണ് സഹകരണ ബേങ്കുകളുടെ സ്ഥാപിത ലക്ഷ്യങ്ങള്‍. കര്‍ഷകര്‍, കൈത്തൊഴിലാളികള്‍, ചെറുകിട സംരംഭകര്‍ തുടങ്ങിയവരാണ് പ്രധാനമായും സഹകരണ ബേങ്കുകളുടെ സേവനം പ്രയോജനപ്പെടുത്തുന്നത്. സാധാരണക്കാര്‍ക്കാണ് സഹകരണ മേഖലയിലെ ആകെ നിക്ഷേപത്തിന്റെ 75 ശതമാനവും വായ്പയായി നല്‍കിയതെന്നും സാധാരണക്കാരില്‍ ഭൂരിഭാഗവും സമ്പാദ്യങ്ങള്‍ നിക്ഷേപിക്കുന്നത് സഹകരണ ബേങ്കുകളിലാണെന്നും ഔദ്യോഗിക രേഖകള്‍ വെളിപ്പെടുത്തുന്നു. 2.5 ലക്ഷം കോടിയോളം നിക്ഷേപം ഈ മേഖലയിലുണ്ടെന്നും അത്രത്തോളം തന്നെ വായ്പ നല്‍കിയെന്നുമാണ് റിപോര്‍ട്ട്.
കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നാണ് ഇടതു മുന്നണി കുറ്റപ്പെടുത്തുന്നത്. എന്നാല്‍ അതിന് വഴിയൊരുക്കുന്നത് സംസ്ഥാനത്തെ സഹകരണ ബേങ്കുകളെ നിയന്ത്രിക്കുന്നവര്‍ തന്നെയാണെന്ന കാര്യം വിസ്മരിക്കരുത്. സഹകരണ ബേങ്കുകളുടെ പ്രവര്‍ത്തനം കാര്യക്ഷമവും അഴിമതി മുക്തവും ആയാല്‍ മാത്രമേ കേന്ദ്രത്തിന്റെ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഇടപെടലുകളെ സമൂഹ മധ്യത്തില്‍ തുറന്നു കാണിക്കാനും ജനകീയ പിന്തുണയോടെ പ്രതിരോധിക്കാനും സാധിക്കുകയുള്ളൂ.
സഹകരണ സ്ഥാപനങ്ങളെ രാഷ്ട്രീയാതിപ്രസരത്തില്‍ നിന്ന് മുക്തമാക്കുകയാണ് ഇതിന് മുഖ്യമായും വേണ്ടത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ തൊടുപുഴ പ്രൈമറി കോ-ഓപറേറ്റീവ് അഗ്രികള്‍ച്ചറല്‍ റൂറല്‍ ഡെവലപ്‌മെന്റ് ബേങ്ക് ഭരണ സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി ചൂണ്ടിക്കാട്ടിയതു പോലെ, രാഷ്ട്രീയാതിപ്രസരമാണ് ഇന്ന് സഹകരണ മേഖല നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. അമിത രാഷ്ട്രീയവത്കരണമാണ് സഹകരണ സ്ഥാപനങ്ങളില്‍ വന്‍തോതിലുള്ള അഴിമതിക്കും ക്രമക്കേടുകള്‍ക്കും ഇടയാക്കുന്നത്. സമീപകാലത്തെ വലിയ സഹകരണ ബേങ്ക് തട്ടിപ്പുകള്‍ക്കെല്ലാം പിന്നില്‍ രാഷ്ട്രീയ കൈകടത്തലുകള്‍ വ്യക്തമായതാണ്. രാഷ്ട്രീയാതിപ്രസരം ഇല്ലാത്ത കാലത്താണ് സംസ്ഥാനത്ത് സഹകരണ പ്രസ്ഥാനം പിറവിയെടുത്തതും വളര്‍ച്ച പ്രാപിച്ചതും രാജ്യത്തെ ഏറ്റവും വിശ്വാസ്യതയുള്ള സഹകരണ സ്ഥാപനങ്ങളെന്ന ഖ്യാതി നേടിയതും. കക്ഷി രാഷ്ട്രീയം സഹകരണ മേഖലയിലും പിടിമുറുക്കാന്‍ തുടങ്ങിയതോടെയാണ് ചിത്രം മാറി അഴിമതിയും തട്ടിപ്പും കടന്നു വരാന്‍ തുടങ്ങിയത്. നിലവിലെ സാഹചര്യത്തില്‍ സഹകരണ പ്രസ്ഥാനങ്ങളെ കക്ഷിരാഷ്ട്രീയ മുക്തമാക്കുക പ്രയാസകരമാണ്. സത്യസന്ധതയും സ്ഥാപനങ്ങളെ നയിക്കാന്‍ കാര്യശേഷിയും ആര്‍ജവവും പ്രവര്‍ത്തന മികവുമുള്ള ആളുകളെയാണ് സഹകരണ പ്രസ്ഥാനങ്ങളുടെ വിശിഷ്യാ ബേങ്കുകളുടെ ഭരണ സമിതിയിലേക്ക് തിരഞ്ഞെടുക്കേണ്ടത്. ബേങ്ക് ഭരണത്തിലും ഇടപാടുകളിലും ക്രമക്കേടുകള്‍ കണ്ടാല്‍ മുഖം നോക്കാതെ നടപടിയെടുക്കാനുള്ള ആര്‍ജവവും ബന്ധപ്പെട്ടവര്‍ കാണിക്കണം.