Connect with us

International

18 കോടി വര്‍ഷം മുമ്പുള്ള 'കടല്‍ ഡ്രാഗണിന്റെ' ഫോസില്‍ കണ്ടെത്തി

ദിനോസറുകളെപ്പോലെ വംശനാശം സംഭവിച്ച ഇക്ത്യോസോറിന്റെ 10 മീറ്റര്‍ നീളമുള്ള ഫോസിലാണ് കണ്ടെത്തിയിരിക്കുന്നത്.

Published

|

Last Updated

ലണ്ടന്‍| ഇംഗ്ലണ്ടിലെ ഏറ്റവും വലിയ റിസര്‍വോയറായ റുത്‌ലാന്‍ഡ് റിസര്‍വോയറില്‍ നിന്ന് 18 കോടി വര്‍ഷം മുമ്പ് ജീവിച്ചിരുന്ന ഇക്ത്യോസോര്‍ എന്ന വലിയ ജലജീവിയുടെ ഫോസില്‍ കണ്ടെത്തി. ‘കടല്‍ ഡ്രാഗണെ’ന്ന് വിശേഷിപ്പിക്കപ്പെടുന്ന ദിനോസറുകളെപ്പോലെ വംശനാശം സംഭവിച്ച ഇക്ത്യോസോറിന്റെ 10 മീറ്റര്‍ നീളമുള്ള ഫോസിലാണ് കണ്ടെത്തിയിരിക്കുന്നത്.

റുത്‌ലാന്‍ഡ് വൈല്‍ഡ് ലൈഫ് ട്രസ്റ്റിലെ ഗവേഷകരാണ് ഈ ജീവിയുടെ ഫോസില്‍ കണ്ടെത്തിയത്. 100 വര്‍ഗങ്ങളുള്ള കടല്‍ ഉരഗങ്ങളായിരുന്നു ഇക്ത്യോസോറുകള്‍. 25 കോടി വര്‍ഷത്തിനും ഒമ്പത് കോടി വര്‍ഷത്തിനും ഇടയ്ക്ക് ഇവ ജീവിച്ചിരുന്നതായാണ് കണക്കാക്കുന്നത്. ഇക്ത്യോസോറുകളുടെ ഫോസില്‍ ഇംഗ്ലണ്ടില്‍ നിന്ന് നേരത്തെയും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇത്തവണ ലഭിച്ചത് ഏറ്റവും വലിയ ഫോസിലാണ്. ബ്രിട്ടീഷ് ഫോസില്‍ പഠനചരിത്രത്തിലെ ഏറ്റവും മികച്ച കണ്ടെത്തലുകളിലൊന്നാണിതെന്ന് ഗവേഷകന്‍ ഡോ. ഡീന്‍ ലോമാക്‌സ് വ്യക്തമാക്കി. 25 മീറ്റര്‍ വരെയാണ് ഈ ജീവിയുടെ പരമാവധി നീളം.

റുത്‌ലാന്‍ഡ് വൈല്‍ഡ് ലൈഫ് ട്രസ്റ്റിലെ ജോ ഡേവിസാണ് 2021 ഫെബ്രുവരിയില്‍ ആദ്യമായി ഫോസില്‍ അവശിഷ്ടം കണ്ടെത്തിയത്. ദിനോസര്‍ ഫോസിലാണെന്നായിരുന്നു ആദ്യം കരുതിയത്. ഇദ്ദേഹം അധികൃതരെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് വിശദമായ പഠനം നടത്തുകയായിരുന്നു. പിന്നീട് മുഴുവന്‍ ഫോസിലും കണ്ടെത്തി ജീവിവര്‍ഗത്തെ തിരിച്ചറിയുകയായിരുന്നു.

 

Latest