Connect with us

murder attempt

ജപ്പാന്‍ മുന്‍പ്രധാനമന്ത്രി ഷിന്‍സോ ആബെ വെടിയേറ്റു മരിച്ചു

നാരാ പട്ടത്തില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്

Published

|

Last Updated

ടോക്കിയോ | ജപ്പാന്‍ മുന്‍പ്രധാനമന്ത്രി ഷിന്‍സോ ആബെക്ക് വെടിയേറ്റു മരിച്ചു. നാരാ പട്ടത്തില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുമ്പോൾ അദ്ദേഹം അബോധാവസ്ഥയിലായിരുന്നു. ഇതിനിടെ  ഷിന്‍സോക്ക് ഹൃദയാഘാതവും സംഭവിച്ചിരുന്നു.

കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പ്രസംഗിക്കാൻ എഴുന്നേൽക്കുന്ന ഷിൻസോ ആബെ

വെള്ളിയാഴ്ച രാവിലെയാണ് മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെക്ക് വെടിയേറ്റത്. നാരാ നഗരത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രസംഗിക്കുകയായിരുന്നു ആബെ. പ്രസംഗം തുടർന്നുകൊണ്ടിരിക്കെ 42 കാരനായ അക്രമി പിന്നിൽ നിന്ന് വെടിയുതിർക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെടിയൊച്ച കേട്ടതായും അബെയുടെ ശരീരത്തിൽ നിന്ന് രക്തം ഒലിച്ചിറങ്ങുന്നത് കണ്ടതായും ദൃക്‌സാക്ഷികൾ പറഞ്ഞു. ഇന്ത്യൻ സമയം രാവിലെ 8 മണിയോടെയാണ് സംഭവം. ജപ്പാൻ സമയം 11.30.

വെടിയേറ്റു വീണ ഷിൻസോ ആബെക്ക് പ്രാഥമിക ശുഷ്രൂഷ നൽകുന്നു

രണ്ട് വെടിയുണ്ടകളാണ് ആബേയുടെ നെഞ്ച് തുളച്ചുകയറിയത്. വെടിയേറ്റ തൊട്ടുപിന്നാലെ ആബെ കുഴഞ്ഞുവീണു. ഉടൻ തന്നെ ഹെലികോപ്റ്ററിൽ നാരാ മെഡിക്കൽ യൂണിവേഴ്സിറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി. 6 മണിക്കൂറോളം മെഡിക്കൽ സംഘം അദ്ദേഹത്തെ രക്ഷിക്കാൻ തീവ്ര ശ്രമം നടത്തി. ചികിത്സയ്ക്കിടെ ആബെയ്ക്ക് ഹൃദയാഘാതമുണ്ടായതായും പറയപ്പെടുന്നു.

പ്രതിയെ സംഭവ സ്ഥലത്ത് വെച്ച് തന്നെ അറസ്റ്റ് ചെയ്തിട്ടുണ്ട്. യമഗാമി തെത്സുയയാണ് പിടിയിലായത്. ആബെയുടെ നയങ്ങളിൽ അതൃപ്തിയുള്ളയാളാണ് ഇയാളെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇയാളിൽ നിന്ന് തോക്ക് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഒരു ടിവി ക്യാമറ പോലെ തോന്നിപ്പിക്കുന്ന തോക്കാണ് പ്രതി കൃത്യം നടത്താൻ ഉപയോഗിച്ചത്. കൈകൊണ്ട് നിർമ്മിച്ച തോക്കാണ് ഇതെന്ന് ജാപ്പനീസ് മാധ്യമങ്ങൾ പറയുന്നു.

ഞായറാഴ്ച ജപ്പാനിലെ ഉപരിസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ദുഖകരമായ സംഭവം ഉണ്ടായത്. തിരഞ്ഞെടുപ്പിന്റെ ഭാഗമായി തെരുവിൽ പ്രചാരണ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. നൂറിലധികം ആളുകൾ പരിപാടിയിൽ പങ്കെടുത്തിരുന്നു.

ഷിൻസോ ആബേയെ ആശുപത്രിയിലേക്ക് മാറ്റുന്നു

രാഷ്ട്രീയ വിരോധം തന്നെയാകാം ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.പൊതുവരെ രാഷ്ട്രീയ രംഗത്ത് വലിയ ആക്രമണങ്ങളൊന്നുമുണ്ടാകാത്ത രാജ്യമാണ് ജപ്പാന്‍. വെടിവെപ്പ് കേസുകള്‍ തന്നെ അപൂര്‍വമായാണ് റിപ്പോര്‍ട്ട് ചെയ്യാറുള്ളത്. അത്തരം ഒരു രാജ്യത്തെ മുന്‍പ്രധാനമന്ത്രിക്ക് നേരെയുണ്ടായ വെടിവെപ്പ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്‌.

ജപ്പാൻ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായ വ്യക്തിയാണ് ഷിൻസോ ആബേ. ഏകദേശം പതിനഞ്ച് വർഷക്കാലം അദ്ദേഹം പ്രധാനമന്ത്രി പദത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2020ലാണ് ഷിന്‍സോ പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞത്. അനാരോഗ്യത്തെ തുടര്‍ന്ന് രാജിവെക്കുകയായിരുന്നു.

ആബെയുടെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഇന്ത്യ-ജപ്പാൻ ബന്ധത്തിലും ആഗോള പങ്കാളിത്തത്തിലും ആബെ പ്രധാന പങ്ക് വഹിച്ചുവെന്ന് മോദി ട്വീറ്റിൽ പറഞ്ഞു. ഇന്ത്യ മുഴുവൻ ദുഃഖത്തിലാണ്. ഈ ദുഷ്‌കരമായ സമയത്ത് ഞങ്ങൾ ജപ്പാനീസ് സഹോദരങ്ങൾക്കൊപ്പം നിൽക്കുന്നുവെന്നും മോദി ട്വീറ്റ് ചെയ്തു.

Latest