From the print
പേരാവൂരില്‍ നിര്‍ബന്ധിച്ച് മത്സരിപ്പിച്ചു; അതൃപ്തി അറിയിച്ച് ശൈലജ
മത്സരിക്കാന്‍ താത്പര്യമില്ലാതിരുന്നിട്ടും നിര്‍ബന്ധിച്ച് മത്സരിപ്പിച്ചു. ജയിക്കില്ലെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു.
തിരുവനന്തപുരം | പരാജയപ്പെടുമെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നിട്ടും പേരാവൂരില്‍ നിര്‍ബന്ധിച്ച് മത്സരിപ്പിച്ചുവെന്ന് കെ കെ ശൈലജ. കഴിഞ്ഞദിവസം നടന്ന സി പി എം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് കടുത്ത അതൃപ്തി അറിയിച്ച് കെ കെ ശൈലജ സംസാരിച്ചത്. മത്സരിക്കാന്‍ താത്പര്യമില്ലാതിരുന്നിട്ടും നിര്‍ബന്ധിച്ച് മത്സരിപ്പിച്ചു. ജയിക്കില്ലെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നുവെന്നുമാണ് കെ കെ ശൈലജ സെക്രട്ടേറിയറ്റില്‍ അഭിപ്രായപ്പെട്ടത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മട്ടന്നൂരില്‍ നിന്നും വന്‍ഭൂരിപക്ഷത്തോടെ വിജയിച്ച കെ കെ ശൈലജക്ക് ഇത്തവണ പേരാവൂരില്‍ സി പി എം കോട്ടകളില്‍ നിന്നുള്ള വോട്ട് പോലും ലഭിച്ചിരുന്നില്ല.
3,000 വോട്ടുകളുടെ ഭൂരിപക്ഷം പ്രതീക്ഷിച്ചിരുന്ന പായത്ത് നിന്ന് 1,500 വോട്ടിന്റെ ഭൂരിപക്ഷം പോലും ലഭിച്ചിരുന്നില്ല. നാട്ടുകാരിയായ കെ കെ ശൈലജ 13 ബൂത്തുകളിലാണ് മുന്നിട്ടുനിന്നതെങ്കില്‍ സണ്ണി ജോസഫ് 12 ഇടങ്ങളില്‍ ലീഡ് ചെയ്തു.
സി പി എം ഭരിക്കുന്ന ഇരിട്ടി നഗരസഭയിലും ശൈലജയെ പിന്നിലാക്കി സണ്ണി ജോസഫ് മുന്നേറി. 2,200 വോട്ടിന്റെ മേല്‍ക്കൈയാണ് നഗരസഭയില്‍ നിന്ന് മാത്രം യു ഡി എഫിന് ലഭിച്ചത്. 32 ബൂത്തുകളുള്ള നഗരസഭയില്‍ 20 ഡിവിഷനിലും സണ്ണി ജോസഫ് കരുത്തറിയിച്ചു. മുഴക്കുന്ന്, മുടക്കോഴി മല എന്നിവ ഉള്‍പ്പെടുന്ന മുഴക്കുന്ന പഞ്ചായത്തിലും ശൈലജക്ക് കാലിടറി. 700 വോട്ടിന്റെ ലീഡ് മാത്രമാണ് ഇവിടെ എല്‍ ഡി എഫിന് ലഭിച്ചത്. യു ഡി എഫിന്റെ പ്രധാന കേന്ദ്രമായ അയ്യന്‍കുന്നില്‍ സണ്ണി ജോസഫ് വന്‍ മുന്നേറ്റമുണ്ടാക്കി. 1,500ഓളം വോട്ടിന്റെ ഭൂരിപക്ഷം പ്രതീക്ഷിച്ച പേരാവൂരിലും ശൈലജക്ക് 300ല്‍ താഴെ വോട്ടിന്റെ ലീഡ് മാത്രമേ ഉയര്‍ത്താന്‍ കഴിഞ്ഞുള്ളൂ. പേരാവൂരിലെ 20ല്‍ 12 ബൂത്തിലും സണ്ണി ജോസഫ് ശക്തി തെളിയിച്ചു. അതേസമയം ആറളം, കേളകം, കൊട്ടിയൂര്‍, കണിച്ചാര്‍ പഞ്ചായത്തുകളില്‍ യഥാക്രമം 3,900, 1,477, 1,640, 2,184 വോട്ടിന്റെ ഭൂരിപക്ഷമാണ് യു ഡി എഫ് നേടിയത്.







