Connect with us

Kerala

ഗര്‍ഭച്ഛിദ്രത്തിനു നിര്‍ബന്ധിക്കല്‍; രാഹുലിന്റെ ശബ്ദം എ ഐ സൃഷ്ടിയാകാമെന്ന് അടൂര്‍ പ്രകാശ്

ലൈംഗികാരോപണക്കേസില്‍ ഇരകളെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കുന്നതായി ആരോപണം ഉയര്‍ന്നു

Published

|

Last Updated

തിരുവനന്തപുരം | രാഹുല്‍ മാങ്കൂട്ടത്തില്‍ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ഓഡിയോ സന്ദേശം എ ഐ സൃഷ്ടിയെന്ന് യു ഡി എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. എ ഐയുടെ കാലഘട്ടമല്ലേ, ആരെക്കുറിച്ചും എന്തും ഏതുതരത്തിലും നിര്‍മ്മിച്ചെടുക്കാന്‍ പറ്റുന്ന കാലമെന്ന് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞു.

പാര്‍ട്ടിയില്‍ നിന്നു സസ്‌പെന്‍ഷനു വിധേയനായ രാഹുല്‍ മാങ്കൂട്ടത്തിലിനെ തിരികെ എത്തിക്കാനുള്ള നീക്കം ശക്തമായതിനു പിന്നാലെയാണ് അടൂര്‍ പ്രകാശിന്റെ പ്രതികരണം. പലരെയും ക്രൂശിക്കുന്നതുപോലെ രാഹുല്‍ മാങ്കൂട്ടത്തിലിനെയും ക്രൂശിക്കുന്നു. രാഹുല്‍ നിയമസഭയില്‍ വരരുതെന്ന് പറയാനുള്ള അവകാശം എം വി ഗോവിന്ദനും ഡി വൈ എഫ് ഐക്കും ഇല്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

അതിനിടെ, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണക്കേസില്‍ ഇരകളെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കുന്നതായി ആരോപണം ഉയര്‍ന്നു. ഇതടക്കം വിശദമായ പരിശോധനയ്ക്കുള്ള ക്രൈംബ്രാഞ്ച് നീങ്ങുകയാണ്. രാഹുലിന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷണസംഘം പരിശോധിക്കും. മാധ്യമ പ്രവര്‍ത്തകരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും. നാല് വനിതാ മാധ്യമപ്രവര്‍ത്തകരുടെ മൊഴിയെടുക്കും. രാഹുല്‍ മാങ്കൂട്ടത്തില്‍ ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്ന പരാതിയിലാണ് നടപടി.

പരാതിയുടെ അടിസ്ഥാനത്തില്‍ സ്ത്രീകളെ അവരുടെ താത്പര്യത്തിന് വിരുദ്ധമായി സോഷ്യല്‍മീഡിയ വഴി പിന്തുടര്‍ന്ന് ശല്യം ചെയ്തു, സ്ത്രീകള്‍ക്ക് മാനസിക വേദനയ്ക്ക് ഇടയാക്കുന്ന വിധത്തില്‍ പ്രവര്‍ത്തിച്ചു, നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന വിധത്തില്‍ സന്ദേശങ്ങള്‍ അയച്ചു, ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു പോലീസ് കേസെടുത്തത്.

രാഹുലിനെതിരെ പരാതി നല്‍കിയ അഭിഭാഷകന്‍ ഷിന്റോ സെബാസ്റ്റ്യനെ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തി. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫീസിലാണ് മൊഴിയെടുപ്പ് നടന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചുവെന്ന് കാണിച്ച് എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലാണ് ഷിന്റോ പരാതി നല്‍കിയത്. ഗുരുതര വകുപ്പുകള്‍ ചുമത്തേണ്ട കുറ്റകൃത്യമാണ് രാഹുല്‍ നടത്തിയതെന്ന് ഷിന്റോ സെബാസ്റ്റ്യന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഗര്‍ഭഛിദ്രം നടത്താന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നിര്‍ബന്ധിച്ച യുവതിയുടെ മൊഴിയും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തുമെന്ന് വിവരമുണ്ട്. നേരിട്ട് പരാതി നല്‍കിയിട്ടില്ലെങ്കിലും അതിജീവിത മൊഴി നല്‍കുമെന്ന പ്രതീക്ഷയിലാണ് പ്രത്യേക അന്വേഷണ സംഘം.

ലൈംഗിക പരാതി അന്വേഷിക്കുന്ന പ്രത്യേക സംഘം ഇക്കാര്യത്തില്‍ ഉടന്‍ നടപടി സ്വീകരിക്കും. രാഹുലിനെതിരെ ആരോപണം ഉന്നയിച്ച സിനിമാതാരവും മുന്‍ മാധ്യമപ്രവര്‍ത്തകയുമായ റിനി ആന്‍ ജോര്‍ജ്, ട്രാന്‍സ് വുമണ്‍ അവന്തിക അടക്കമുള്ളവരില്‍ നിന്ന് മൊഴിയെടുക്കുമെന്നാണ് വിവരം.

പൊതുപ്രവര്‍ത്തകന്‍ എ എച്ച് ഹഫീസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ് 27നാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പോലീസ് കേസെടുത്തത്. നാല് മാസം വളര്‍ച്ചയെത്തിയ ശിശുവിനെ ഭ്രൂണഹത്യ ചെയ്യാന്‍ ഭീഷണിപ്പെടുത്തി, അനുനയം വിജയിക്കാതെ വന്നപ്പോള്‍ ചവിട്ടിക്കൊല്ലാന്‍ അധിക സമയം വേണ്ടെന്ന് പറഞ്ഞു തുടങ്ങിയ കാര്യങ്ങളായിരുന്നു പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.

---- facebook comment plugin here -----

Latest