Connect with us

Siraj Article

ജന-രാഷ്ട്ര നന്മക്കായി, കരളുറപ്പോടെ

എണ്‍പതുകളുടെ ഒടുക്കത്തിലും തൊണ്ണൂറുകളുടെ തുടക്കത്തിലും കേരളത്തിലെ സുന്നി പ്രാസ്ഥാനിക രംഗത്ത് ആഞ്ഞുവീശിയ കാറ്റും കോളും നിഷ്പ്രഭമാക്കി സ്വയം പര്യാപ്ത സംഘശക്തിയായി മുന്നേറാന്‍ സമസ്ത കുടുംബത്തിനായതിനു പിന്നില്‍ ചാലകശക്തിയായി പ്രവര്‍ത്തിച്ചത് സിറാജായിരുന്നു. പ്രസ്ഥാനത്തിന്റെ നട്ടെല്ലെന്നും ജീവനെന്നുമൊക്കെ നേതൃത്വം പത്രത്തെ വിശേഷിപ്പിക്കുന്നതിനു പിന്നില്‍ പത്രത്തിന്റെ ഈ അതുല്യ പങ്കാളിത്തമാണ് അനാവരണം ചെയ്യപ്പെടുന്നത്

Published

|

Last Updated

ലയാളത്തിന്റെ പത്രപ്രവര്‍ത്തന ചരിത്രത്തിന് ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. 1847ല്‍ തലശ്ശേരിയില്‍ നിന്ന് പ്രസിദ്ധപ്പെടുത്തിയ “രാജ്യസമാചാര’മാണ് തുടക്കം. പത്രം, വിശിഷ്യാ ദിനപത്രം മലയാളിയുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ്, പത്രവായന ജീവിതചര്യയും തനതു സംസ്‌കാരവും. വാര്‍ത്തകളും വിവരങ്ങളും നിമിഷാര്‍ധം കൊണ്ട് കണ്‍മുമ്പിലെത്തുന്ന വിധത്തില്‍ വിവര സാങ്കേതിക വിദ്യകള്‍ സാര്‍വത്രികമായി വളര്‍ന്ന നൂതന കാലത്തും വായനാ സംസ്‌കാരം ജീവചര്യയായി കാത്തു പോരുന്നവരാണ് മലയാളികള്‍. അതുകൊണ്ട് തന്നെ ദിനപത്രങ്ങള്‍ ഉള്‍പ്പെടെയുള്ള മലയാള പ്രസിദ്ധീകരണങ്ങളുടെ എണ്ണം മുവായിരത്തിലേറെ വരുമെന്നാണ് കണക്ക്. സാമൂഹിക മാധ്യമങ്ങള്‍ വിവര വിനിമയ രംഗത്ത് സങ്കല്‍പ്പങ്ങള്‍ക്കപ്പുറത്തുള്ള കുതിച്ചു ചാട്ടം നടത്തുമ്പോഴും മലയാളിയുടെ വായനാ ത്വരക്കും പത്രങ്ങളോടുള്ള ആഭിമുഖ്യത്തിനും മങ്ങലേല്‍ക്കുന്നില്ല എന്നതു തന്നെയാണനുഭവം. വാണിജ്യാടിസ്ഥാനത്തില്‍ നടത്തുന്ന പത്രങ്ങളും സാമുദായികവും രാഷ്ട്രീയവുമായി പ്രസിദ്ധീകരിക്കുന്ന പത്രങ്ങളുമുണ്ട് കേരളത്തില്‍. എല്ലാം വായനാ ലോകത്ത് അനൽപ്പമായ സംഭാവനകള്‍ അര്‍പ്പിക്കുകയും മലയാളിയുടെ വായനാ സംസ്‌കാരം കാത്തു പോരുന്നവയുമാണ്. പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ളവയും അടുത്ത കാലത്ത് പ്രസാധനം തുടങ്ങിയവയും അൽപ്പായുസ്സില്‍ പൊലിഞ്ഞു പോയവയും ദിനപത്രങ്ങളിലുണ്ട്. മലയാളികള്‍ക്കിടയില്‍ ഇന്ന് ഏറെ പ്രചാരവും സ്ഥിരപ്രതിഷ്ഠയും നേടിയ പത്രമാണ് “സിറാജ്’. അറബി പേരുള്ള മലയാളത്തിലെ ഏക ദിനപത്രം.

സിറാജ് എന്ന അറബി പദത്തിന് ദീപം, വെളിച്ചം, സൂര്യന്‍ എന്നൊക്കെയാണര്‍ഥം. മറ്റു പല പദങ്ങളെയും പോലെ മലയാളവത്കരിക്കപ്പെട്ട ഒരു അറബി നാമമാണിത്. ഇന്ന് അറബി അറിയാത്ത ഏതൊരു മലയാളിക്കുമറിയാം ‘സിറാജ്’ എന്നാല്‍ മലയാള ദിനപത്രങ്ങള്‍ക്കിടയില്‍ മൂല്യങ്ങളും നിഷ്പക്ഷതയും കാത്തുസൂക്ഷിച്ചു പോരുന്ന അതുല്യമായൊരു പത്രമാണെന്ന്. ഒപ്പം ഇസ്‌ലാമിക മത മൂല്യങ്ങള്‍ക്കൊപ്പം ബഹുസ്വര- മതേതര-ജനാധിപത്യ ഇന്ത്യയുടെ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമായി നിലകൊള്ളുന്ന സുന്നി പ്രസ്ഥാനത്തിന്റെ മുഖപത്രമാണെന്നും. പിറവിയിലും വളര്‍ച്ചയിലും മുന്നേറ്റത്തിലും വേറിട്ട വിസ്മയങ്ങള്‍ തീര്‍ത്താണ് സിറാജിന്റെ പ്രയാണം. വര്‍ത്തമാനകാല ദിനപത്രങ്ങളുടെയും ആനുകാലികങ്ങളുടെയും നാടിമിടിപ്പ് മനസ്സിലാക്കുന്നവര്‍ക്ക് അറിയാവുന്നതാണ് ഈ യാഥാര്‍ഥ്യം. കേരളത്തില്‍ മുസ്‌ലിം മാനേജ്‌മെന്റിനാല്‍ തുടക്കം കുറിച്ച രണ്ടാമത്തെയും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ വിലാസമുള്ള ഒന്നാമത്തെയും ദിനപത്രമാണിത്.

എണ്‍പതുകളിലെ ചില സവിശേഷ സാഹചര്യങ്ങളാണ് സിറാജ് പ്രകാശിതമാകാന്‍ വഴിയൊരുക്കിയത്. ബ്രിട്ടീഷ് അധിനിവേശ കാലത്ത് അവരുടെ വിശ്വസ്ത വിധേയരായി നിന്നും ‘ഐക്യസംഘം’ എന്ന പേരില്‍ അനൈക്യ സംഘം ഉണ്ടാക്കിയുമൊക്കെ വഹാബിസം ഒളിച്ചു കടത്താന്‍ ശ്രമിച്ച മതപരിഷ്‌കരണ വാദികള്‍ സ്വാതന്ത്ര്യാനന്തരം അടവുമാറ്റി പ്രത്യക്ഷത്തില്‍ മുസ്‌ലിം മുഖ്യധാരയിലിടം നേടാന്‍ ആവതു ശ്രമിച്ചു. പക്ഷേ, സമസ്ത പണ്ഡിതന്മാരുടെ നേതൃത്വത്തിലുള്ള പ്രതിരോധം വിലങ്ങുതടിയായി. തലപൊക്കാന്‍ കഴിയാതെ വന്നപ്പോള്‍ അവര്‍ കണ്ടെത്തിയ വഴിയാണ് രാഷ്ട്രീയ-ഭരണ സംവിധാനങ്ങളുടെ ഏണിയില്‍ കയറി കാലുറപ്പിക്കുക എന്നത്. അത് ഒരു പരിധി വരെ വിജയിച്ചു. 1960ല്‍ കേരള വഖ്ഫ് ബോര്‍ഡ് നിലവില്‍ വന്നപ്പോള്‍ സുന്നി വഖ്ഫ് സ്വത്തുക്കള്‍ സംരക്ഷിക്കാനുള്ള ബോര്‍ഡില്‍ മുഴുവന്‍ അംഗങ്ങളും അസുന്നികളായിരുന്നു എന്നതും സര്‍ക്കാര്‍ ചെലവില്‍ യൂനിവേഴ്‌സിറ്റി അഫിലിയേഷനോടെ പ്രവര്‍ത്തിക്കുന്ന അറബിക് കോളജുകള്‍ മൗലവിമാരെ വാര്‍ത്തെടുക്കുന്ന വഹാബി ശരീഅത്തു കോളജുകളായി മാറിയതുമെല്ലാം ഇതിന്റെ പരിണതിയാണ്.

ഭരണ – ഉദ്യോഗ രംഗങ്ങളിലും സമുദായ രാഷ്ട്രീയത്തിന്റെ കുഞ്ചിക സ്ഥാനങ്ങളിലും പങ്കാളിത്തം നേടുക വഴി വഹാബി തീവ്രാശയങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടു. ഒപ്പം സത്യത്തെ തമസ്‌കരിക്കാനും ഇസ്‌ലാമിക പൈതൃകത്തെ അവഗണിക്കാനും ശ്രമങ്ങളുണ്ടായി. പൂര്‍വീകര്‍ ചോര നീരാക്കി വളര്‍ത്തിയെടുത്ത നിലവിലുള്ള ഏക സമുദായ ജിഹ്വയിലും ഇത്തരം നീക്കങ്ങളും കടന്നുകയറ്റങ്ങളുമുണ്ടായി. കേരള മുസ്‌ലിംകള്‍ക്ക് ദിശാബോധം നല്‍കിയ സമസ്ത പണ്ഡിത സഭയുടെയും അനുബന്ധ ഘടകങ്ങളുടെയും വാര്‍ത്തകളും പ്രസ്താവനകളും ലേഖനങ്ങളുമെല്ലാം നിരന്തരം തിരസ്‌കരിക്കപ്പെടുകയും പത്രാധിപരുടെ കാല്‍ക്കീഴിലെ ചവറ്റു കൊട്ടയിലെറിയപ്പെടുകയും പതിവായി.

എഴുപതുകളില്‍ സുന്നി പ്രസ്ഥാനം രാഷ്ട്രീയ- മതപരിഷ്‌കരണ കൂട്ടുകെട്ടിന്റെ തിട്ടൂരങ്ങളവഗണിച്ച് സ്വയം പര്യാപ്ത സമൂഹമാകാന്‍ ശ്രമിച്ചു. എല്ലാ മേഖലകളിലും മാറ്റങ്ങളുണ്ടായി. സത്യത്തിന്റെ സമ്പൂര്‍ണ വെളിച്ചം വിതറാന്‍ സ്വന്തമായൊരു പത്രം വേണമെന്നായി. മുന്നറിവോ അനുഭവങ്ങളോ മുതല്‍ മുടക്കോ ഇല്ലാതെ ആത്മാര്‍ഥതയും ആര്‍ജവവും കൈമുതലാക്കി തീരുമാനിച്ചിറങ്ങി. അങ്ങനെയാണ് 1984 ഏപ്രില്‍ 29ന് (തിരുനബിയുടെ വാനയാത്രയെ അനുസ്മരിക്കുന്ന മിഅ്റാജ് നാളില്‍) സിറാജ് പിറവിയെടുക്കുന്നത്. പ്രഥമ ലക്കത്തിലെ എഡിറ്റോറിയല്‍ സിറാജ് പ്രസിദ്ധീകരണ പശ്ചാത്തലത്തിനും ഇങ്ങനെയൊരു പത്രത്തിന്റെ അനിവാര്യതക്കും അടിവരയിടുന്നുണ്ട്.

സമസ്തയുടെ തലയെടുപ്പുള്ള പണ്ഡിത നേതാക്കളുടെ സാന്നിധ്യത്തില്‍ റഈസുല്‍ മുഹഖിഖീന്‍ കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ശംസുല്‍ ഉലമ ഇ കെ അബൂബക്കര്‍ മുസ്‌ലിയാരാണ് സിറാജ് പ്രകാശിപ്പിച്ചത്. “ഇത് കേവല സിറാജല്ല, സിറാജുല്‍ ഹുദാ (സന്‍മാര്‍ഗ ദീപം) ആണ്’- പ്രകാശനച്ചടങ്ങ് ഉദ്ഘാടനം ചെയ്ത് കൊണ്ടുള്ള കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രഖ്യാപനത്തെ അന്വര്‍ഥമാക്കുന്ന തരത്തിലായിരുന്നു സിറാജിന്റെ തുടര്‍ന്നുള്ള പ്രയാണം.

എണ്‍പതുകളുടെ ഒടുക്കത്തിലും തൊണ്ണൂറുകളുടെ തുടക്കത്തിലും കേരളത്തിലെ സുന്നി പ്രാസ്ഥാനിക രംഗത്ത് ആഞ്ഞുവീശിയ കാറ്റും കോളും നിഷ്പ്രഭമാക്കി സ്വയം പര്യാപ്ത സംഘശക്തിയായി മുന്നേറാന്‍ സമസ്ത കുടുംബത്തിനായതിനു പിന്നില്‍ ചാലകശക്തിയായി പ്രവര്‍ത്തിച്ചത് സിറാജായിരുന്നു. പ്രസ്ഥാനത്തിന്റെ നട്ടെല്ലെന്നും ജീവനെന്നുമൊക്കെ നേതൃത്വം പത്രത്തെ വിശേഷിപ്പിക്കുന്നതിനു പിന്നില്‍ പത്രത്തിന്റെ ഈ അതുല്യ പങ്കാളിത്തമാണ് അനാവരണം ചെയ്യപ്പെടുന്നത്.

പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം കേരളത്തിലെയും പുറത്തെയും ബഹുസ്വര സമൂഹത്തില്‍ അനുദിനം ചെയ്തു തീര്‍ക്കേണ്ട ഒട്ടനേകം അജന്‍ഡകള്‍ക്കിടയിലും പ്രസ്ഥാനത്തിന്റെ അസ്തിത്വം തകര്‍ക്കാനുള്ള നീക്കങ്ങളെ പ്രതിരോധിച്ച് പിടിച്ചു നില്‍ക്കാനുള്ള ശ്രമങ്ങള്‍ക്കുമിടയിലും പത്രത്തെ വളര്‍ത്താനുള്ള മനഃപൂര്‍വമുള്ള ശ്രമങ്ങളുണ്ടായിരുന്നില്ല. വെല്ലുവിളികളെയെല്ലാം അതിജയിച്ച് ഒറ്റക്കാലില്‍ നില്‍ക്കാന്‍ ഒന്നൊന്നര പതിറ്റാണ്ട് വേണ്ടി വന്നു പത്രത്തിനും പ്രസ്ഥാനത്തിനും. 2004ല്‍ പ്രസ്ഥാനത്തിന്റെ അജയ്യത വിളംബരം ചെയ്ത് കോഴിക്കോട്ട് നടന്ന എസ് വൈ എസ് ഗോള്‍ഡന്‍ ജൂബിലിക്കു ശേഷം 2006ല്‍ പത്രലോകത്തെ വിസ്മയപ്പെടുത്തി ഒറ്റയടിക്ക് കണ്ണൂര്‍, കൊച്ചി, തിരുവനന്തപുരം എഡിഷനുകളാരംഭിച്ചു. തുടര്‍ന്ന് രാജ്യത്തിനു പുറത്ത് യു എ ഇയിലും ഒമാനിലും ഖത്വറിലും യൂനിറ്റുകളായി. പിന്നെ ബെംഗളൂരുവിലും. വൈകാതെ ഓണ്‍ലൈന്‍ എഡിഷനും പ്രസിദ്ധീകരിക്കപ്പെട്ടു.

ഇനിയിപ്പോള്‍ കുതിച്ചു ചാട്ടത്തിന്റെ കാലയളവാണ്. ‘വായിക്കാം, അഭിമാനിക്കാം’ എന്ന സന്ദേശത്തില്‍ കഴിഞ്ഞ വര്‍ഷത്തെ പോലെ ഇത്തവണയും പ്രസ്ഥാന കുടുംബം ഒന്നിച്ചേറ്റെടുത്ത പ്രചാരണ ക്യാമ്പയിന്‍ നടക്കുകയാണ്. ക്യാമ്പയിന്‍ മുന്നൊരുക്കങ്ങളൊക്കെ പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനങ്ങള്‍ സജീവമായിക്കഴിഞ്ഞു. അതിന്റെ ഭാഗമാണ് ഇന്നത്തെ (ഒക്ടോബര്‍ 1) “സിറാജ് ഡേ’.

പൊതുജനമധ്യേ സിറാജ്മയം സൃഷ്ടിക്കുന്ന വൈവിധ്യമാര്‍ന്ന പ്രചാരണ പരിപാടികളും പദ്ധതികളുമാണിന്ന് നടത്തപ്പെടുന്നത്. പ്രമുഖരുള്‍പ്പെടെ പതിനായിരങ്ങളെ ഇന്ന് സിറാജ് വായനാ കുടുംബത്തില്‍ അണി ചേര്‍ക്കും.

ഇനിയിപ്പോള്‍ മുന്നേറ്റം മലപ്പുറത്താണ്. മുസ്‌ലിംകളുടെയും പ്രസ്ഥാനത്തിന്റെയും അഭിമാന കേന്ദ്രമായ മലപ്പുറത്ത് മഹാ മുന്നേറ്റത്തിനുള്ള ചുവടുകളുറപ്പിച്ചു കഴിഞ്ഞു.
മുസ്‌ലിം വൈകാരികത ചൂഷണം ചെയ്തും ആളിക്കത്തിച്ചും കലക്കു വെള്ളത്തില്‍ മീന്‍ പിടിക്കാനോ ഉള്ള സ്വാസ്ഥ്യവും തകര്‍ക്കാനോ മറ്റു പലരെയും പോലെ സിറാജ് ഒരു കാലത്തും ശ്രമിച്ചിട്ടില്ല. സങ്കുചിത താത്പര്യങ്ങള്‍ക്കു വേണ്ടി അഴകുഴമ്പന്‍ നിലപാട് സ്വീകരിച്ചില്ല. എന്നും ജനപക്ഷത്തുറച്ച് നിന്ന് ജന-രാഷ്ട്ര നന്മക്കായി പൊരുതി. നിഷ്പക്ഷ വായനാ സംസ്‌കാരം രൂപപ്പെടുത്തി.

ആരുടെയെങ്കിലും വാലായി നിസ്സഹായതയോടെ പിടഞ്ഞു തുള്ളേണ്ട ഗതികേടുണ്ടായില്ല. സാമ്പത്തിക പരാധീനതകള്‍ക്കിടയിലും കെടാതെയും മങ്ങാതെയും ഈ ദീപം പ്രകാശിച്ചു കൊണ്ടിരുന്നു. സത്യത്തിന്റെ സമ്പൂര്‍ണ വെളിച്ചമായി ജ്വലിച്ചുകൊണ്ടിരുന്നു.
‘രാഷ്ട്രീയ പാര്‍ട്ടികളോടൊന്നിനോടും ഞങ്ങള്‍ക്ക് പ്രത്യേക മമതയില്ല, വിദ്വേഷവുമില്ല. ഏതെങ്കിലും രാഷ്ട്രീയക്കാരുടെ ചട്ടുകങ്ങളായി സിറാജ് ഒരിക്കലും തരം താഴുകയുമില്ല. നന്മ ചെയ്താല്‍ നന്മയായും തിന്മ ചെയ്താല്‍ തിന്മയായും തന്നെ ഞങ്ങള്‍ വിലയിരുത്തും.’ (പ്രഥമ ലക്കത്തിലെ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച എഡിറ്റോറിയലില്‍ നിന്ന്) ഈ നിലപാടിലൂന്നി നിന്നുകൊണ്ടാണ് സിറാജ് എന്നും മുന്നേറുന്നത്.

‘പത്രം സമൂഹത്തിന്റെ കണ്ണാടി’യാണെങ്കില്‍ ഇന്നത്തെ വര്‍ത്തമാനകാല സമൂഹത്തില്‍ തിരിച്ചറിവോടെയും ദീര്‍ഘവീക്ഷണത്തോടെയും ഒട്ടേറെ ദൗത്യങ്ങള്‍ നിര്‍വഹിക്കാനുണ്ടെന്ന് സിറാജിനറിയാം. അധാര്‍മികതയോടും ഭീകരതയോടും തീവ്രവാദത്തോടും ഒരിക്കലും രാജിയാകാതെ എന്നും ബഹുസ്വര സമൂഹത്തിന്റെ പ്രതീക്ഷകള്‍ക്ക് നിറം പകര്‍ന്ന് രാജ്യത്തെ ജനങ്ങള്‍ക്കൊപ്പം സിറാജുണ്ടാകും. ധ്രുവീകരണത്തിന്റെ വിത്തു പാകി മനസ്സുകള്‍ക്കിടയില്‍ പകയുണ്ടാക്കി രാജ്യത്തെ ശിഥിലമാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ സിറാജിനൊപ്പം നമുക്കും കൈകോര്‍ത്ത് നില്‍ക്കാം, കരളുറപ്പോടെയും ആത്മാഭിമാനത്തോടെയും.

Latest