Connect with us

National

മഹാരാഷ്ട്രയിലെ അഹമ്മദ് നഗറില്‍ പൂച്ചയെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങിയ അഞ്ച് പേര്‍ മരിച്ചു

ഒരു കുടുംബത്തിലെ അഞ്ചുപേരാണ് മരിച്ചത്.

Published

|

Last Updated

പൂനെ | മഹാരാഷ്ട്രയിലെ അഹമദ് നഗര്‍ വികാഡി ഗ്രാമത്തില്‍ ഉപേക്ഷിക്കപ്പെട്ട പൊട്ടക്കിണറ്റില്‍ വീണ പൂച്ചയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അഞ്ചുപേര്‍ മരിച്ചു.ആറുപേരില്‍ അഞ്ചുപേര്‍ മരിക്കുകയും ഒരാളെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷിക്കുകയും ആയിരുന്നു. ഒരു കുടുംബത്തിലെ അഞ്ചുപേരാണ് മരിച്ചത്. രക്ഷപ്പെട്ട യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ചൊവ്വാഴ്ച വെെകീട്ടാണ് സംഭവം.

പൊട്ടക്കിണറ്റില്‍ പൂച്ച വീണ ശബ്ദം ആദ്യം കുടുംബത്തിലെ ഒരു യുവാവ് കേള്‍ക്കുകയും തുടര്‍ന്ന്  ഇയാള്‍  പൂച്ചയെ രക്ഷിക്കാന്‍ കിണറില്‍ ഇറങ്ങുകയുമായിരുന്നു.കിണറില്‍ ഇറങ്ങിയ ഉടനെ  ഇയാള്‍ ബോധരഹിതനായി. തുടര്‍ന്ന് യുവാവ് കിണറ്റില്‍ കുടുങ്ങിയെന്ന് മനസ്സിലായതോടെ മറ്റ് അഞ്ചുപേരും രക്ഷിക്കാനിറങ്ങി.എന്നാല്‍   ഇവരും ബോധരഹിതരായതിനെ തുടര്‍ന്ന്  അപകടത്തില്‍ പെടുകയായിരുന്നു.ബുധനാഴ്ച പുലർച്ചെ വരെ ശ്രമിച്ചാണ് കിണറിൽ നിന്ന് മൃതദേഹങ്ങൾ പുറത്തെടുത്തത്.

കിണര്‍ ചതുപ്പ് നിറഞ്ഞ അവസ്ഥയിലായിരുന്നു. ഇത് കരയ്ക്ക് കയറാന്‍ കഴിയാത്ത അവസ്ഥയുണ്ടാക്കിയെന്നും വായു സഞ്ചാരം ഇല്ലാതായതുമാണ് അപകടത്തിനു കാരണമെന്നാണ് ദൃസാക്ഷികള്‍ വ്യക്തമാക്കുന്നത്.