Bahrain
ആദ്യ ബഹ്റൈന്‍ ഗോള്‍ഡന്‍ വിസ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിക്ക്

മനാമ | ബഹ്റൈന്‍ പ്രഖ്യാപിച്ച 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ നേടുന്ന ആദ്യ വ്യക്തിയായി പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലി. ഇന്ന് ഗുദൈബിയ പാലസില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ആദ്യ ഗോള്‍ഡന്‍ വിസ 001 നമ്പറില്‍ എം എ യൂസഫലിക്ക് നല്‍കാന്‍ തീരുമാനമായത്.
ഈ ബഹുമതി ലഭിച്ചത് എന്റെ ജീവിതത്തിലെ ഏറെ അഭിമാനകരവും എളിമയുള്ളതുമായ നിമിഷമാണെന്നും രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫക്കും പ്രധാന മന്ത്രിയും കിരീടാവകാശിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫക്കും ബഹ്റൈന്‍ സര്‍ക്കാറിനും ആത്മാര്‍ഥമായി നന്ദി പറയുന്നതായും യൂസഫലി പറഞ്ഞു. ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ച ഭരണാധികാരികളുടെ തീരുമാനം ഈ മേഖലയിലെ പ്രധാന നിക്ഷേപ-വ്യാപാര കേന്ദ്രങ്ങളിലൊന്നായി ബഹ്റൈന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കുമെന്നും പുതിയ നിക്ഷേപകരെ ആകര്‍ഷിക്കുകയും നിലനിര്‍ത്തുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ, കിരീടാവകാശിയും പ്രധാന മന്ത്രിയുമായ സല്‍മാന്‍ രാജകുമാരന്‍ എന്നിവരുമായും യൂസഫലി ഇന്ന് മനാമയില്‍ വച്ച് കൂടിക്കാഴച നടത്തി. നിക്ഷേപ വര്‍ധനക്കൊപ്പം ആഗോള പ്രതിഭകളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ ഗോള്‍ഡന്‍ റെസിഡന്‍സി വിസ നല്‍കുമെന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് ബഹ്റൈന്‍ പ്രഖ്യാപിച്ചത്. വിഷന്‍ 2030ന് അനുസൃതമായി ഈ വിസയുടെ സമാരംഭം എല്ലാ തലങ്ങളിലും കുതിച്ചുചാട്ടമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രഖ്യാപന വേളയില്‍ അധികൃതര്‍ ചൂണ്ടിക്കാട്ടിയിരുന്നു.