Connect with us

mujahid

പോരടിച്ച് മുജാഹിദ് വിഭാഗങ്ങൾ; വിട്ടൊഴിയാതെ "സിഹ്റ് ബാധ'

സിഹ്‌റ്, ജിന്ന്, പിശാച് തുടങ്ങിയ വിഷയങ്ങളെച്ചൊല്ലിയാണ് രണ്ട് പതിറ്റാണ്ട് മുമ്പ് മുജാഹിദ് വിഭാഗം രണ്ടായി പിളർന്നത്.

Published

|

Last Updated

കോഴിക്കോട് | മുജാഹിദ് ഗ്രൂപ്പുകളെ വിട്ടൊഴിയാതെ വീണ്ടും സിഹ്‌റ് (മാരണം) വിവാദം. സിഹ്‌റിന് ഫലസിദ്ധിയുണ്ടോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അതേക്കുറിച്ച് അറിയില്ലെന്ന മുജാഹിദ് ഔദ്യോഗിക വിഭാഗം പ്രസിഡന്റ് അബ്ദുല്ലക്കോയ മദനിയുടെ പ്രസ്താവനക്കെതിരെ കെ എൻ എം മർകസുദ്ദഅ്‌വ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തി. മാരണത്തിന് യാതൊരു ഫലസിദ്ധിയുമില്ലെന്ന മുജാഹിദ് പ്രസ്ഥാനത്തിന്റെ ഉറച്ച നിലപാടിൽ എന്തിനാണ് മാറ്റംവരുത്തിയതെന്ന് അബ്ദുല്ലക്കോയ മദനി വ്യക്തമാക്കണമെന്നും പ്രസ്ഥാനത്തിന്റെ മറവിൽ മാരണവും കൂടോത്രവും ബാധയിറക്കലും ജിന്ന് ചികിത്സയും അനുവദിക്കുകയില്ലെന്നും മർകസുദ്ദഅ്‌വ പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി.

സിഹ്‌റ്, ജിന്ന്, പിശാച് തുടങ്ങിയ വിഷയങ്ങളെച്ചൊല്ലിയാണ് രണ്ട് പതിറ്റാണ്ട് മുമ്പ് മുജാഹിദ് വിഭാഗം രണ്ടായി പിളർന്നത്. കുറേകാലം ഇരു വിഭാഗങ്ങൾ തമ്മിൽ പോരടിച്ചെങ്കിലും പ്രസ്ഥാനം നേരിട്ട തീവ്രവാദ ആരോപണങ്ങളെത്തുടർന്ന് വീണ്ടും യോജിപ്പിലെത്തി. എന്നാൽ, ജിന്ന്, സിഹ്‌റ് തുടങ്ങിയ തർക്ക വിഷയങ്ങളിൽ കൃത്യമായ ധാരണയിലെത്താതെയായിരുന്നു ഐക്യം. ഈ വിഷയത്തിൽ പൊതുചർച്ച പാടില്ലെന്നും പണ്ഡിതസഭ ചർച്ച ചെയ്ത് തീരുമാനമെടുക്കും വരെ ആരും അഭിപ്രായം പറയരുതെന്നുമായിരുന്നു ഐക്യ സമയത്ത് എടുത്തിരുന്ന തീരുമാനം. ഇതിന് വിരുദ്ധമായി കെ എൻ എം ഔദ്യോഗിക പ്രസിദ്ധീകരണത്തിൽ ലേഖനം വന്നതോടെ അന്ന് അഭിപ്രായ ഭിന്നതകൾ മറനീക്കി പുറത്തുവന്നു. ലേഖനമെഴുതിയ കെ എൻ എം സംഘടനാ സെക്രട്ടറിയായിരുന്ന എ അസ്ഗറലിക്ക് ഇതിന്റെ പേരിൽ രാജിവെക്കേണ്ടിയും വന്നു.

തുടർന്ന് 2017 മെയ് 23ന് മുജാഹിദ് പണ്ഡിത സഭയായ കേരള ജംഇയ്യത്തുൽ ഉലമ യോഗം ചേർന്ന് സിഹ്‌റ് സംബന്ധിച്ച് സർക്കുലർ പുറത്തിറക്കി. കാര്യകാരണ ബന്ധങ്ങൾക്കതീതമായ വിധത്തിൽ സിഹ്റിന് പ്രതിഫലനമുണ്ടാകാമെന്ന വിശ്വാസം ശിർക്ക് (ബഹുദൈവ വിശ്വാസം) ആണെന്നും എന്നാൽ, കാര്യകാരണ ബന്ധം അവ്യക്തമായ വിധത്തിൽ പ്രതിഫലനമുണ്ടാകാമെന്നത് ശിർക്കല്ലെന്നുമായിരുന്നു സർക്കുലറിലെ പ്രധാന ഭാഗം. സിഹ്റിന്റെ വിഷയത്തിൽ വ്യത്യസ്തമായ അഭിപ്രായമുണ്ടെങ്കിലും സാധാരണക്കാർക്കിടയിൽ ആശയക്കുഴപ്പമുണ്ടാകുന്ന തരത്തിലുള്ള ഇടപെടൽ പാടില്ലെന്നും സർക്കുലറിൽ നിർദേശിക്കുകയുണ്ടായി.

ഇതേത്തുടർന്ന് സിഹ്‌റ് വിഷയത്തിലെ നിലപാട് അംഗീകരിക്കാനാകില്ലെന്നും സിഹ്‌റ് ഫലിക്കില്ലെന്നും പറഞ്ഞ് ഒരു വിഭാഗം സി പി ഉമർ സുല്ലമിയുടെ നേതൃത്വത്തിൽ മർകസുദ്ദഅ്‌വ പുനരുജ്ജീവിപ്പിച്ചു. എന്നാൽ, കൂടെയുണ്ടായിരുന്ന ഹുസൈൻ മടവൂർ അടക്കമുള്ളവർ ഔദ്യോഗിക പക്ഷത്ത് തന്നെ നിലയുറപ്പിക്കുകയും ചെയ്തു.

കെ എൻ എം ഔദ്യോഗിക വിഭാഗത്തോടൊപ്പം തുടരുന്ന പല പ്രമുഖർക്കും സിഹ്‌റ് വിഷയത്തിൽ വ്യത്യസ്ത അഭിപ്രായമാണ്. സിഹ്‌റിന് ഫലസിദ്ധിയുണ്ടെന്ന സർക്കുലറിന് നേതൃത്വം നൽകിയ പഴയ സംസ്ഥാന സെക്രട്ടറി അബ്ദുർറഹ്മാൻ സലഫിയെ ഇത്തവണ സംഘടനാ തിരഞ്ഞെടുപ്പിൽ ഭാരവാഹിത്വത്തിൽ നിന്ന് തഴഞ്ഞിരുന്നു. ഇതോടെ സിഹ്‌റ് ബാധിക്കില്ലെന്ന് വാദിക്കുന്നവർക്ക് കെ എൻ എമ്മിൽ മേൽക്കൈ വരികയും ചെയ്തു. അതേസമയം, മറുപക്ഷത്തിനും സംഘടനയിൽ സ്വാധീനമുണ്ട്. ഈ സാഹചര്യത്തിൽ ഇരു വിഭാഗത്തേയും പിണക്കാതിരിക്കാൻ കൂടിയാണ് ടി പി അബ്ദുല്ലക്കോയ മദനിയുടെ പ്രതികരണമെന്നാണ് വിലയിരുത്തൽ.

Latest