Connect with us

editorial

കുടിയൊഴിപ്പിക്കേണ്ടത് ഫാസിസത്തെയാണ്

രണ്ടാഴ്ച മുമ്പെങ്കിലും നോട്ടീസ് നല്‍കണം, താമസക്കാരുടെ വാദം കേള്‍ക്കാന്‍ അവസരം, മതിയായ പുനരധിവാസം ഉറപ്പാക്കല്‍ തുടങ്ങി കൈയേറ്റ ഭൂമി കുടിയൊഴിപ്പിക്കാന്‍ സുപ്രീം കോടതി ചില നിര്‍ദേശങ്ങള്‍ വെച്ചിട്ടുണ്ട്. ഇതൊന്നും പാലിക്കാതെയാണ് സര്‍ക്കാറിന്റെ കണ്ണില്‍ ചോരയില്ലാത്ത നടപടി.

Published

|

Last Updated

കുടിയൊഴിപ്പിക്കല്‍ നിര്‍ത്തിവെക്കാനുള്ള സുപ്രീം കോടതി ഉത്തരവ് അസമിലെ ബംഗാളി മുസ്‌ലിംകള്‍ക്ക് താത്കാലിക ആശ്വാസമാണെങ്കിലും അവരുടെ നിലനില്‍പ്പ് ഇപ്പോഴും ഭീഷണിയിലാണ്. പതിറ്റാണ്ടുകളായി ഈ വിഭാഗം നേരിടുന്ന കുടിയിറക്ക് ഭീഷണി പല തവണ കോടതികള്‍ കയറിയിട്ടുണ്ട്. ഇതുവരെ ശാശ്വത പരിഹാരമായിട്ടില്ല. കോടതി ഉത്തരവുകളെ മറികടക്കാന്‍ ഫാസിസ്റ്റ് ഭരണകൂടം പുതിയ ന്യായങ്ങള്‍ നിരത്തുകയും ബുള്‍ഡോസര്‍ രാജ് തുടരുകയും ചെയ്യുന്നു.

സംരക്ഷിത വനഭൂമിയാണെന്ന സാങ്കേതിക കാരണം പറഞ്ഞാണ് ഹിമന്ത ബിശ്വ ശര്‍മയുടെ നേതൃത്വത്തിലുള്ള സംഘ്പരിവാര്‍ സര്‍ക്കാര്‍ ആയിരക്കണക്കിന് കുടുംബങ്ങളെ കുടിയൊഴിപ്പിച്ചു കൊണ്ടിരിക്കുന്നത്. അസം ഗൊലാഘട്ട് ജില്ലയിലെ ഉരിയാംഘട്ടിലും സമീപപ്രദേശങ്ങളിലുമാണ് ഇപ്പോഴത്തെ കുടിയൊഴിപ്പിക്കല്‍. നോട്ടീസ് നല്‍കി രണ്ട് ദിവസത്തിനകം തന്നെ ഉദ്യോഗസ്ഥരെത്തി താമസക്കാരെ നിര്‍ബന്ധിതമായി കുടിയിറക്കുകയും ബുള്‍ഡോസര്‍ ഉപയോഗിച്ച് കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുകയുമാണ്. രണ്ടാഴ്ച മുമ്പെങ്കിലും നോട്ടീസ് നല്‍കണം, താമസക്കാരുടെ വാദം കേള്‍ക്കാന്‍ അവസരം, മതിയായ പുനരധിവാസം ഉറപ്പാക്കല്‍ തുടങ്ങി കൈയേറ്റ ഭൂമി കുടിയൊഴിപ്പിക്കാന്‍ സുപ്രീം കോടതി ചില നിര്‍ദേശങ്ങള്‍ വെച്ചിട്ടുണ്ട്. ഇതൊന്നും പാലിക്കാതെയാണ് സര്‍ക്കാറിന്റെ കണ്ണില്‍ ചോരയില്ലാത്ത നടപടി.

ഉരിയാംഘട്ട് മേഖലയിലെ സംരക്ഷിത വനഭൂമിയെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്ന പ്രദേശത്ത് നിന്ന് 2,700 കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനാണ് പദ്ധതി. ഈ നീക്കമാണ് ശനിയാഴ്ച ജസ്റ്റിസുമാരായ പി എസ് നരസിംഹ, അതുല്‍ എസ് ചന്ദുക്കര്‍ എന്നിവരടങ്ങിയ സുപ്രീം കോടതി ബഞ്ച് താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടത്. നേരത്തേ ജൂണ്‍, ജൂലൈ മാസങ്ങളില്‍ പൈകാന്‍ സംരക്ഷിത വനപ്രദേശത്തെ 140 ഹെക്ടര്‍ സ്ഥലത്ത് നിന്ന് 1,080 കുടുംബങ്ങളെയും ധ്രൂബിയിലെ 450 ഹെക്ടര്‍ ഭൂമിയില്‍ നിന്ന് 1,400 കുടുംബങ്ങളെയും ഹിമന്ത ബിശ്വ ശര്‍മ സര്‍ക്കാര്‍ കുടിയൊഴിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബറില്‍ നാഗോണ്‍ ജില്ലയില്‍ 250 കുടുംബങ്ങളുടെയും ബാര്‍പേട്ട് ജില്ലയില്‍ 47 കുടുംബങ്ങളുടെയും വീട് തകര്‍ത്തു അധികൃതര്‍. വനം കൈയേറിയാണ് വീട് നിര്‍മിച്ചതെന്ന് സംസ്ഥാന സര്‍ക്കാര്‍ ആരോപിക്കുമ്പോള്‍, 70 വര്‍ഷത്തോളമായി തങ്ങള്‍ ഇവിടെ സ്ഥിരതാമസക്കാരാണെന്നാണ് വീട്ടുകാര്‍ പറയുന്നത്. ഇത് തെളിയിക്കുന്ന സര്‍ക്കാര്‍ രേഖകളുമുണ്ട് മിക്കപേരുടെയും കൈവശം. വിഭജനത്തിനു മുമ്പ് ബംഗ്ലാദേശ് ഇന്ത്യയുടെ ഭാഗമായിരുന്ന കാലത്ത് അവിടെ നിന്ന് കുടിയേറിയവരാണ് ഇവരില്‍ പലരും.

ഇതിനകം കുടിയിറക്കപ്പെട്ട ആയിരക്കണക്കിനു കുടുംബങ്ങള്‍ തെരുവുകളില്‍ അലയുകയാണ്. കുട്ടികളുടെ പഠനം മുടങ്ങി. ജീവിക്കാന്‍ ജോലിയില്ലാതെ, രോഗികള്‍ക്ക് മരുന്ന് കിട്ടാതെ തീര്‍ത്തും ദുരിതക്കയത്തിലാണവര്‍. പൊതുവെ കൊടും ദാരിദ്ര്യത്തിലാണ് അസമിലെ മുസ്‌ലിംകള്‍. ദേശീയ ശരാശരിയേക്കാള്‍ വളരെ താഴെയാണ് ദാരിദ്ര്യ നിരക്ക്. പരമ്പരാഗതമായി വിവേചനം നേരിടുന്ന ദളിത്, ഗോത്രവര്‍ഗക്കാരായ ഹിന്ദുക്കളേക്കാള്‍ മോശമാണ് മുസ്‌ലിംകളുടെ അവസ്ഥയെന്ന് സര്‍വേകള്‍ തുറന്നു കാട്ടുന്നു. കുടിയിറക്ക് അവരുടെ അവസ്ഥ കൂടുതല്‍ പരിതാപകരമാക്കും. കുടിയിറക്കപ്പെട്ട ചില കുടുംബങ്ങള്‍ റോഡരികില്‍ താത്കാലിക ടാര്‍പോളിന്‍ ടെന്റുകള്‍ കെട്ടിയപ്പോള്‍ അതും പൊളിച്ചുനീക്കുകയായിരുന്നു പോലീസ്. കൊടും വെയിലിലും മഴയത്തും തുറസ്സായ സ്ഥലത്ത് കിടന്നുറങ്ങാന്‍ നിര്‍ബന്ധിതരാകുന്നു അവര്‍. ഭക്ഷണവും ശുദ്ധജലം പോലും ലഭ്യമല്ല. സ്ത്രീകള്‍ക്ക് ടോയ്‌ലറ്റ് സൗകര്യവുമില്ല. കിരാതവും നിഷ്ഠൂരവുമാണ് ഹിമന്ത ബിശ്വ ശര്‍മ സര്‍ക്കാര്‍ നടപടി.

മാധ്യമങ്ങളില്‍ വരുന്നതിനേക്കാള്‍ കഷ്ടമാണ് കുടിയിറക്കപ്പെടുന്നവരുടെ അവസ്ഥയെന്നാണ് പ്രദേശം സന്ദര്‍ശിച്ച വസ്തുതാന്വേഷണ ഏജന്‍സികളും പ്രവര്‍ത്തകരും പറയുന്നത്. മുഖ്യവാര്‍ത്താ മാധ്യമങ്ങള്‍ ശരിയായ ചിത്രം പുറത്തുകൊണ്ടുവരാറില്ല. ന്യൂനപക്ഷങ്ങളെ പ്രതിനിധാനം ചെയ്യുന്ന പൊതുപ്രവര്‍ത്തകര്‍ക്ക് മുഖ്യധാരാ മാധ്യമങ്ങളില്‍ ഇടമില്ല. ഭൂരിപക്ഷത്തെ പ്രതിനിധാനം ചെയ്യുന്ന സിവില്‍ സമൂഹം നിശബ്ദവുമാണ്. “ഞങ്ങളെ എന്തിന് ഇവ്വിധം കഷ്ടപ്പെടുത്തുന്നു. പോകാന്‍ ഒരിടമില്ല. സര്‍ക്കാര്‍ ഞങ്ങളെ വെടിവെച്ചു കൊന്നോട്ടെ’ എന്നായിരുന്നു കുടിയിറക്ക് മേഖല സന്ദര്‍ശിച്ച നാഗാലാന്‍ഡ് സര്‍വകലാശാലയിലെ പൊളിറ്റിക്കല്‍ അനലിസ്റ്റും സോഷ്യോളജി അസ്സിസ്റ്റന്റ് പ്രൊഫസറുമായ നിസാമുദ്ദീന്‍ സിദ്ദീഖിനോട്, കുടിയിറക്കപ്പെട്ടവരില്‍ ഒരാളായ അബ്ദുല്‍ഖലീഖ് പറഞ്ഞത്. അല്‍ജസീറയില്‍ എഴുതിയ ലേഖനത്തിലാണ് നിസാമുദ്ദീന്‍ സിദ്ദീഖ് ഈ സംഭവം വിവരിക്കുന്നത്.

നിര്‍ധന കുടുംബങ്ങളും കര്‍ഷകരും വനങ്ങളോട് ചേര്‍ന്ന പ്രദേശങ്ങളില്‍ കുടില്‍വെച്ച് താമസിക്കുന്നത് രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും കണ്ടുവരുന്ന പ്രവണതയാണ്. ഇതിന്റെ ഭാഗമാണ് അസമിലെ പല വനമേഖലാ പ്രദേശങ്ങളിലെയും കുടിയേറ്റവും താമസവും. ബംഗാളികള്‍ മാത്രമല്ല, വെള്ളപ്പൊക്കം, നദീതീരങ്ങളിലെ മണ്ണൊലിപ്പ് തുടങ്ങിയ കാരണങ്ങളാല്‍ ഭവനരഹിതരായ പാവങ്ങളും വനമേഖലയില്‍ താമസമുറപ്പിക്കാറുണ്ട്. ഇത്തരം പ്രദേശങ്ങളില്‍ മുസ്‌ലിം ഭൂരിപക്ഷ ഇടങ്ങള്‍ തിരഞ്ഞു പിടിച്ചാണ് സര്‍ക്കാറിന്റെ കുടിയൊഴിപ്പിക്കല്‍.

മുസ്‌ലിംകള്‍ക്കെതിരായ രാജ്യത്തെ വര്‍ഗീയ ഫാസിസ്റ്റ് ഭരണകൂടങ്ങളുടെ പുതിയ ആയുധമാണ് കുടിയൊഴിപ്പിക്കലും കെട്ടിടങ്ങള്‍ പൊളിക്കലും. പൗരത്വ പ്രശ്‌നം, വനഭൂമി കൈയേറ്റം, റോഡ് കൈയേറ്റം തുടങ്ങിയ കാര്യങ്ങളുന്നയിച്ച് ബി ജെ പി ഭരണത്തിലുള്ള സംസ്ഥാനങ്ങളില്‍ മുസ്‌ലിംകള്‍ കുടിയൊഴിപ്പിക്കപ്പെടുകയും വീടുകളും കച്ചവട സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തകര്‍ക്കുകയും ചെയ്തു വരുന്നു. വിഷയം കോടതിയിലെത്തിയാലും രക്ഷയില്ല. കോടതി ഉത്തരവുകള്‍ക്ക് അശേഷവും വില കല്‍പ്പിക്കുന്നില്ല ഫാസിസ്റ്റ് ഭരണകൂടങ്ങള്‍. യു പിയില്‍ കോടതി ഉത്തരവുകള്‍ കാറ്റില്‍ പറത്തി നൂറുകണക്കിന് മുസ്‌ലിം വീടുകളും സ്ഥാപനങ്ങളുമാണ് യോഗി സര്‍ക്കാര്‍ തകര്‍ത്തത്.

Latest