Editorial
കാലം തെറ്റിയ മഴയിൽ താളം തെറ്റി കർഷകർ
തിരുവനന്തപുരത്തെ കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിന്റെ പഠന റിപോർട്ടിൽ പറയുന്നത് നെല്ലിന്റെയും തോട്ടവിളകളുടെയും ഉത്പാദനത്തിൽ കാലാവസ്ഥാ വ്യതിയാനം ഗണ്യമായ കുറവ് സൃഷ്ടിക്കുമെന്നാണ്.

തെക്കു പടിഞ്ഞാറൻ മൺസൂണിന്റെ തുടക്കത്തിൽ മഴ കുറവായിരുന്നെങ്കിലും സെപ്തംബർ പാതി പിന്നിട്ടതോടെ സംസ്ഥാനത്ത് മഴ ശക്തമാണ്. അറബിക്കടലിൽ കൊങ്കൺ- ഗോവ തീരത്തും വടക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിലും ചക്രവാതച്ചുഴി രൂപപ്പെട്ട പശ്ചാത്തലത്തിൽ അടുത്ത അഞ്ച് ദിവസം കൂടി ഇടിമിന്നലോടുകൂടിയ മഴ തുടർന്നേക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തുടർച്ചയായ തീവ്രമഴയുടെ ഫലമായി ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ, താഴ്ന്ന പ്രദേശങ്ങളിലും നഗരങ്ങളിലും വെള്ളക്കെട്ട് തുടങ്ങിയവക്ക് സാധ്യതയുണ്ടെന്നും പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും അറിയിപ്പിൽ പറയുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്വാറീംഗ്- മൈനിംഗ് പ്രവർത്തനങ്ങളും മലയോര, കടലോര, കായലോര മേഖലയിലേക്ക് ആവശ്യ സർവീസുകൾ ഒഴികെയുള്ള ഗതാഗതവും വിനോദവും നിരോധിച്ചിട്ടുണ്ട്.
ദിവസങ്ങളും ആഴ്ചകളും നീണ്ടു നിൽക്കുന്ന ശക്തികുറഞ്ഞ മഴയായിരുന്നു മുൻകാലങ്ങളിലെ സംസ്ഥാനത്തെ കാലവർഷ രീതിയെങ്കിൽ തീവ്രതയേറിയ ഒറ്റപ്പെട്ട കനത്ത മഴയാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി അനുഭവപ്പെടുന്നത്. ഒരു മാസം കൊണ്ടു പെയ്യേണ്ട മഴ ഒരാഴ്ചകൊണ്ട് പെയ്യുന്നു. ഒരു ദിവസത്തിനുള്ളിൽ കിട്ടേണ്ട മഴ രണ്ടോ മൂന്നോ മണിക്കൂറിൽ പെയ്തുതീരുന്നു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ കൊണ്ട് വിവക്ഷക്കുന്നത്. മഴപ്പെയ്ത്തിന്റെ രീതിയിലെ ഈ മാറ്റം കേരളത്തിലോ ഇന്ത്യയിലോ മാത്രമല്ല, ലോകമെമ്പാടും അനുഭവപ്പെടുന്ന പ്രതിഭാസമാണ്.
കാലവർഷത്തിൽ മഴപ്പെയ്ത്തിന്റെ രീതിയിൽ മാത്രമല്ല, കാലയളവിലുമുണ്ട് മാറ്റം. മുൻകാലങ്ങളിൽ പലപ്പോഴും ജൂൺ ആദ്യത്തിൽ കാലവർഷം ആരംഭിക്കുന്നത് കനത്ത മഴയോടെയായിരുന്നു. ചിലപ്പോൾ ആഴ്ചകളോളം അത് നീണ്ടു നിൽക്കുകയും പ്രളയത്തിനു വഴിയൊരുക്കുകയും ചെയ്യുന്നു. ജൂണിൽ ഒന്നോ അതിൽ കൂടുതലോ പ്രളയങ്ങൾക്കു സാക്ഷ്യം വഹിച്ചവരാണ് പഴയ തലമുറ. എന്നാൽ അടുത്ത ഏതാനും വർഷങ്ങളായി കാലവർഷത്തിന്റെ തുടക്കം ദുർബലമാണ്. ആഗസ്റ്റിലും സെപ്തംബറിലുമാണ് മഴ ശക്തിപ്പെടുന്നതും പ്രളയങ്ങളുണ്ടാകുന്നതും. മഴയൊഴിഞ്ഞു മഞ്ഞുവീഴ്ചയുണ്ടാകേണ്ട ഡിസംബർ, ജനുവരി മാസങ്ങളിൽ ശക്തമായ മഴപ്പെയ്ത്തും ഈ കാലത്തിന്റെ പുത്തൻ അനുഭവമാണ്.
സംസ്ഥാനത്തെ പ്രളയത്തിലാഴ്ത്തിയ 2018ലെയും 2019ലെയും തീവ്രമഴയെപ്പറ്റി കൊച്ചിൻ യൂനിവേഴ്സിറ്റിയിലെ ഒരുകൂട്ടം ശാസ്ത്രജ്ഞർ പഠനം നടത്തിയിരുന്നു.ആഗസ്റ്റ് 14 മുതൽ 18 വരെ പെയ്ത ശക്തമായ മഴയാണ് 2018ലെ പ്രളയത്തിന് വഴിവെച്ചതെങ്കിൽ ആഗസ്റ്റ് ഏഴ് മുതൽ 10 വരെ പെയ്ത മഴയായിരുന്നു 2019ൽ പ്രളയത്തിൽ കലാശിച്ചതെന്നു പഠനറിപോർട്ടിൽ പറയുന്നു. പ്രധാനമായും ആഗസ്റ്റ് എട്ടിനായിരുന്നു 2019 ൽ വലിയ അളവിൽ മഴ ലഭിച്ചത്. രണ്ട് മണിക്കൂറിൽ അഞ്ച്- ആറ് സെന്റീമീറ്റർ എന്ന തീവ്രതയിലാണ് അന്ന് വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളിൽ പെയ്തിറങ്ങിയത്. ഇത്രയും തീവ്രതയേറിയ മഴ സംസ്ഥാനത്ത് ആദ്യമാണെന്നു വിദഗ്ധർ നിരീക്ഷിക്കുന്നു. “മേഘവിസ്‌ഫോടന’ (cloudbustr)ത്തിന്റെ ശക്തികുറഞ്ഞ രൂപമായാണ് ഇതിനെ വിലയിരുത്തുന്നത്. മണിക്കൂറിൽ 10 സെന്റീമീറ്ററിലധികം മഴയുണ്ടെങ്കിലാണ് മേഘവിസ്‌ഫോടനമായി കണക്കാക്കുന്നത്.
വൈകി വന്ന കനത്ത മഴ കർഷകരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പല പ്രദേശങ്ങളിലും നെല്ല് നടാനായി ഒരുക്കിയ ഞാറ്റടികളും നടീൽ പൂർത്തിയായ സ്ഥലങ്ങളും വെള്ളക്കെട്ടിലാണ്. മുണ്ടകൻ പോലുള്ള നെൽകൃഷി കന്നി മാസത്തിൽ നടീൽ പൂർത്തിയാക്കി മകരത്തിൽ വിളവെടുക്കലാണ് പതിവ്. എന്നാൽ കൃഷി ഒരുക്കം തുടങ്ങാറുള്ള ചിങ്ങത്തിൽ മഴ കുറവായതിനാൽ വയലുകളിൽ വെള്ളം ഇല്ലാത്ത അവസ്ഥയായിരുന്നു ഈ വർഷം. തോടുകളിൽ നിന്നും കായലുകളിൽ നിന്നും മറ്റും മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്താണ് പലരും നിലം ഒരുക്കിയത്. നിലവിൽ മഴ ശക്തിപ്പെട്ടതോടെ വയലുകളിൽ വെള്ളക്കെട്ടും രൂപപ്പെട്ടു. നേരത്തേ മോട്ടോർ പമ്പ് ഉപയോഗിച്ചു വയലിലേക്ക് വെള്ളം അടിച്ചവർക്കു ഇപ്പോൾ വെള്ളക്കെട്ട് ഒഴിവാക്കാൻ പമ്പ് ഉപയോഗിക്കേണ്ടി വരുന്നു. ഇത് കർഷകന് അധിക സാമ്പത്തിക ബാധ്യത വരുത്തി വെക്കും. നാളികേരം, കശുമാവ്, കുരുമുളക്, കവുങ്ങ്, വാഴ, ഏലം തുടങ്ങിയ തോട്ടവിളകളെയും ബാധിക്കുന്നു കാലം തെറ്റിയ മഴ, താപനിലയിലെ ഏറ്റക്കുറച്ചിൽ തുടങ്ങിയ കാലാവസ്ഥാ വ്യതിയാനം. തിരുവനന്തപുരത്തെ കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിന്റെ പഠന റിപോർട്ടിൽ പറയുന്നത് നെല്ലിന്റെയും തോട്ടവിളകളുടെയും ഉത്പാദനത്തിൽ കാലാവസ്ഥാ വ്യതിയാനം ഗണ്യമായ കുറവ് സൃഷ്ടിക്കുമെന്നാണ്. നെല്ലുത്പാദനത്തിൽ 40 ശതമാനത്തിന്റെ വരെ കുറവിന് സാധ്യതയുണ്ടെന്ന് കഴിഞ്ഞ മുപ്പത് വർഷത്തെ കാലാവസ്ഥാ വിവരങ്ങളും കാർഷിക ഉത്പാദന തോതും വിശകലനം ചെയ്തു തയ്യാറാക്കിയ റിപോർട്ടിൽ പറയുന്നു. കൃഷി മുഖ്യ ഉപജീവന മാർഗമായ കർഷകർക്കു ഇത് തിരിച്ചടിയും സംസ്ഥാനത്തിന്റെ ഭക്ഷ്യ, സമ്പദ് സുരക്ഷക്കു ഭീഷണിയുമാണ്.
പകർച്ചവ്യാധികളാണ് ശക്തമായി തുടരുന്ന മഴ ഉയർത്തുന്ന മറ്റൊരു ഭീഷണി. ഡെങ്കിപ്പനിക്കും എലിപ്പനിക്കും സാധ്യതയുള്ളതിനാൽ കൊതുകുകടി ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും കൊതുകിന്റെ ഉറവിടങ്ങൾ നശിപ്പിക്കാനുള്ള നടപടി സ്വീകരിക്കുകയും ചെയ്യണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചെളിയിലോ മലിനജലത്തിലോ കെട്ടിക്കിടക്കുന്ന മഴവെള്ളത്തിലോ ഇറങ്ങിയാൽ നിർബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിൻ കഴിക്കണമെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു. എലിപ്പനിയുടെ കാര്യത്തിൽ പ്രതിരോധമാണ് പ്രധാനം.