Connect with us

Articles

ഇടിയുന്ന രൂപയും ആഘാതങ്ങളും

ഇന്ത്യന്‍ രൂപയുടെ മൂല്യത്തകര്‍ച്ച നമ്മുടെ സമ്പദ് വ്യവസ്ഥയെ ഏതൊക്കെ തരത്തില്‍ ബാധിക്കുന്നുണ്ടെന്നും അത് എങ്ങനെയൊക്കെ ഒരു സമൂഹത്തെയും സാധാരണ ജനജീവിതത്തെയും സ്വാധീനിക്കുന്നുണ്ടെന്നുമാണ് ഇവിടെ പരിശോധിക്കുന്നത്

Published

|

Last Updated

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രൂപയുടെ മൂല്യം അന്താരാഷ്ട്ര വിപണിയില്‍ നിരന്തരം ഇടിയുകയാണ്. ഏകദേശം ഒരു ഡോളര്‍ 79.77 രൂപയിലേക്ക് ഉയര്‍ന്നിട്ടുണ്ട്. മാസാവസാനമാകുമ്പോഴേക്കും അത് 80 മുതല്‍ 82 രൂപ വരെ എത്തുമെന്നും നിരീക്ഷിക്കുന്നുണ്ട്. യു എസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തിയതും അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിലെ വര്‍ധനവും മൂല്യം ഇടിയാനുള്ള കാരണങ്ങളായി വിപണി നിരീക്ഷകര്‍ എണ്ണുന്നുണ്ട്. എന്നാല്‍ ഇന്ത്യന്‍ രൂപയുടെ മൂല്യത്തകര്‍ച്ച നമ്മുടെ സമ്പദ് വ്യവസ്ഥയെ ഏതൊക്കെ തരത്തില്‍ ബാധിക്കുന്നുണ്ടെന്നും അത് എങ്ങനെയൊക്കെ ഒരു സമൂഹത്തെയും സാധാരണ ജനജീവിതത്തെയും സ്വാധീനിക്കുന്നുണ്ടെന്നുമാണ് ഇവിടെ പരിശോധിക്കുന്നത്.
ലോകമിന്ന് ഒരു ആഗോള ഗ്രാമമാണ്. ഒരു രാഷ്ട്രത്തിനും സ്വന്തം ആഭ്യന്തര വിഭവങ്ങള്‍ മാത്രം ഉപയോഗിച്ച് ഒറ്റയാനായി ഈ ലോകത്ത് നിലനില്‍ക്കാന്‍ സാധ്യമല്ല. കാരണം ഒരു രാജ്യവും വിഭവങ്ങളുടെ കാര്യത്തില്‍ സ്വയംപര്യാപ്തരല്ല. ആയതിനാല്‍ ഓരോ രാജ്യവും മറ്റ് രാജ്യങ്ങളില്‍ നിന്ന് ചരക്കുകളും സേവനങ്ങളും ഇറക്കുമതിയും കയറ്റുമതിയും ചെയ്യുന്നു. ഈ വ്യാപാര ഇടപാടുകള്‍ക്കായി ഒന്നുകില്‍ കയറ്റുമതി ചെയ്യുന്ന രാജ്യത്തിന്റെ കറന്‍സിയുടെ അടിസ്ഥാനത്തിലോ അല്ലെങ്കില്‍ യു എസ് ഡോളറിന്റെ അടിസ്ഥാനത്തിലോ ആണ് പണമിടപാടുകള്‍ നടത്തുക. ഇവിടെയാണ് കറന്‍സിയുടെ മൂല്യത്തിലുള്ള ഏറ്റക്കുറച്ചിലുകള്‍ കാര്യമായ ചര്‍ച്ചാവിഷയമാകുന്നത്.

അമേരിക്കയിലുള്ള ഏതെങ്കിലുമൊരു കമ്പനിയില്‍ നിന്ന് എന്തെങ്കിലുമൊരു സാധനം നിങ്ങള്‍ക്ക് വാങ്ങണമെന്നിരിക്കട്ടെ. 10 ഡോളര്‍ ആണ് സാധനത്തിന്റെ വില. ഒരു ഡോളറിന് നൂറ് രൂപയാണ് നിലവിലെ വിനിമയ നിരക്കെങ്കില്‍, സാധനത്തിന്റെ വില 1,000 രൂപ. സമാനമായ സാധനം അതേ വിലക്ക് വീണ്ടും വാങ്ങാന്‍ പോയപ്പോള്‍ അമേരിക്കന്‍ മാര്‍ക്കറ്റില്‍ സാധനത്തിന് അതേ വില തന്നെയാണ്. അഥവാ 10 ഡോളര്‍. എന്നാല്‍ ഇന്ത്യന്‍ ഉപഭോക്താവായതിനാലോ അല്ലെങ്കില്‍ ഇന്ത്യന്‍ രൂപ കൊണ്ടുള്ള പണമിടപാടായതിനാലോ 1,000 രൂപക്ക് പകരം 1,500 രൂപ കൊടുക്കേണ്ടി വന്നു. കാരണം, നിലവിലെ വിനിമയ നിരക്ക് അനുസരിച്ച് ഒരു ഡോളറിന് 150 രൂപയായി. ഇതിനെയാണ് നാണയത്തിന്റെ മൂല്യത്തകര്‍ച്ച അഥവാ (Depreciation ) എന്ന് പറയുന്നത്. പ്രത്യക്ഷത്തില്‍ പൂര്‍ണമായും പ്രതികൂലമാണെന്ന് തോന്നിയാലും പരോക്ഷമായി ചില അനുകൂലതകളുണ്ട്.
രാഷ്ട്രത്തിന്റെ കയറ്റുമതിയില്‍ ക്രമാതീതമായി വര്‍ധനവുണ്ടാകുന്നു എന്നതാണ് സുപ്രധാനമായൊരു നേട്ടം. ഒരു വില്‍പ്പനക്കാരന്‍ തന്റെ കൈയിലുള്ള ചരക്കുകള്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കാന്‍ ആഗ്രഹിക്കുന്നത് എപ്പോഴാണ്? തനിക്ക് ഏറ്റവും മികച്ച ലാഭം പ്രതീക്ഷിക്കുമ്പോള്‍. എന്നാല്‍ ഇന്ത്യന്‍ കറന്‍സിയുടെ മൂല്യം ഇടിയുക എന്നതിനര്‍ഥം, ഒരു ഡോളറിന് കൂടുതല്‍ ഇന്ത്യന്‍ രൂപ നല്‍കേണ്ടി വരുന്നു എന്നതാണ്. അഥവാ, ഇന്ത്യയില്‍ നിന്ന് കയറ്റി അയക്കുന്ന സാധനങ്ങള്‍ക്ക് തിരിച്ച് കൂടുതല്‍ ഇന്ത്യന്‍ രൂപ ലഭിക്കുന്നു. 100 രൂപക്ക് ഇടപാട് നടത്തിയിരുന്ന ഉത്പന്നത്തിന്, തത‍്സ്ഥാനത്ത് 150 രൂപ ലഭിക്കുന്നു. 50 രൂപയോളം ലാഭം കിട്ടുന്നു. ആയതിനാല്‍, കറന്‍സിയുടെ മൂല്യം ഇടിയുന്ന സാഹചര്യത്തില്‍ കയറ്റുമതിയില്‍ ക്രമാതീതമായി വര്‍ധനവുണ്ടാകും. കഴിഞ്ഞ ജൂണ്‍ മാസത്തിലെ കയറ്റുമതി നിരക്കും ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്കും പരിശോധിക്കുമ്പോള്‍ ഇത് കൂടുതല്‍ വ്യക്തമാകും. 2022 ജൂണില്‍ ഇന്ത്യയുടെ ചരക്ക് കയറ്റുമതി 16.8 ശതമാനം ഉയര്‍ന്ന് 37.9 ബില്യണ്‍ യു എസ് ഡോളറിലെത്തിയിരുന്നു. ഈ വര്‍ഷത്തെ ഏറ്റവും മികച്ച കയറ്റുമതിയായിരുന്നു അത്. എന്നാല്‍ വിനിമയ നിരക്കിലേക്ക് വരുമ്പോള്‍ ജൂലൈ മാസത്തിലെ നിരക്കുകള്‍ മാറ്റി നിര്‍ത്തിയാല്‍ ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന മൂല്യത്തകര്‍ച്ച കാണിക്കുന്നത് ജൂണ്‍ മാസത്തിലാണ്. അഥവാ ഒരു ഡോളറിന് 79.05 രൂപ നിരക്കിലായിരുന്നു. മൂല്യത്തകര്‍ച്ച നേരിടുമ്പോള്‍ കയറ്റുമതി നിരക്ക് ഉയരുമെന്നതിന്റെ ഏറ്റവും നല്ലൊരു ഉദാഹരണമാണിത്.

വ്യാപാര കമ്മി (Trade deficit ) കുറക്കാന്‍ മൂല്യത്തകര്‍ച്ച കാരണമായി മാറാറുണ്ട്. ഒരു രാഷ്ട്രത്തിന്റെ ഇറക്കുമതി കയറ്റുമതിയെയും മറികടക്കുന്ന സാഹചര്യമാണ് യഥാര്‍ഥത്തില്‍ വ്യാപാര കമ്മി. മൂല്യത്തകര്‍ച്ച നേരിടുന്ന സാഹചര്യത്തില്‍ കയറ്റുമതിയില്‍ അഭിവൃദ്ധിയുണ്ടാകുമെന്ന് മേല്‍പറയപ്പെട്ടു. അതായത് രാഷ്ട്രത്തിന്റെ കയറ്റുമതിയില്‍ വര്‍ധനവുണ്ടാകുമ്പോള്‍ സ്വാഭാവികമായും വ്യാപാര കമ്മിയില്‍ ക്രമാതീതമായി കുറവ് വരുന്നു. ഒരു ഉദാഹരണം നോക്കാം. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം ഇന്ത്യയുടെ ചരക്ക് കയറ്റുമതിയുടെ പ്രതിമാസ മൂല്യം 2022 മെയ് മാസത്തില്‍ 37.29 ബില്യണ്‍ യു എസ് ഡോളര്‍ ആയിരുന്നു. 2021 മെയ് മാസത്തിലെ 32.30 ബില്യണ്‍ ഡോളറിനെ അപേക്ഷിച്ച് 15.46 ശതമാനം വര്‍ധനവാണ് ഇത് കാണിക്കുന്നത്. എന്നാല്‍ 2022 മെയ് മാസത്തിലെ വിനിമയ നിരക്ക് പരിശോധിക്കുകയാണെങ്കില്‍, വലിയ രീതിയില്‍ മൂല്യത്തകര്‍ച്ച നേരിട്ടിരുന്ന മാസമായിരുന്നു അതെന്ന് വ്യക്തമാകും. കൃത്യമായി പറഞ്ഞാല്‍ ശരാശരി വിനിമയ നിരക്ക് 77.32 യു എസ് ഡോളറായിരുന്നു.

രൂപയുടെ മൂല്യത്തകര്‍ച്ച സാധാരണക്കാരെ ബാധിക്കുമോ?

ഒരു നാണയത്തിന്റെ മൂല്യത്തകര്‍ച്ചയില്‍ സമ്പദ് വ്യവസ്ഥ ഒന്നടങ്കം പങ്കാളികളാകും. അതില്‍ ഉത്പാദകരും ഉപഭോക്താക്കളും നിക്ഷേപകരും സര്‍ക്കാറും തുടങ്ങി രാജ്യത്തെ സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്ന ഓരോ വ്യക്തികളും ഉള്‍പ്പെടുന്നു. വ്യത്യസ്ത രൂപത്തിലും ഭാവത്തിലുമാകും ഓരോരുത്തരും പങ്കാളിയാകുക എന്ന് മാത്രം. മാര്‍ക്കറ്റിലുള്ള സകല ഉപഭോക്തൃ വസ്തുക്കളുടെയും വില ഉയരുന്നതാണ് സാധാരണക്കാരെ ബാധിക്കുന്ന ഗൗരവമേറിയ വിഷയങ്ങളിലൊന്ന്. പ്രധാനമായും മൂന്ന് കാരണങ്ങളാണ് ഇതിന് പിന്നില്‍. ഒന്ന്, ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ വിലയിലെ വര്‍ധനവ്. രണ്ട്, കയറ്റുമതിയിലെ വര്‍ധനവ് മൂലം ആഭ്യന്തര കമ്പോളത്തില്‍ ഉത്പന്നങ്ങളുടെ കുറവ്. മൂന്ന്, അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിലിന്റെ വിലയിലുള്ള വര്‍ധനവ് കാരണമായി ഇന്ധനത്തിന്റെ വിലക്കയറ്റം. ഇന്ധന വിലയിലുള്ള ഏറ്റക്കുറച്ചിലുകള്‍ ഒരു സമ്പദ് വ്യവസ്ഥയെ വളരെയധികം സ്വാധീനിക്കുന്നുണ്ട്. നിര്‍മാണം, ഗതാഗതം, സേവനം, വിതരണം തുടങ്ങിയ മുഴുവന്‍ മേഖലകളെയും അത് ബാധിക്കും. ഈ കാരണങ്ങള്‍ കൊണ്ട് തന്നെ മാര്‍ക്കറ്റില്‍ നിലവിലുള്ള സാധനങ്ങളുടെ വിലയില്‍ വര്‍ധനവുണ്ടാകും. അഥവാ, 100 രൂപക്ക് വാങ്ങിക്കൊണ്ടിരുന്ന ഒരു വസ്തുവിന് 150 രൂപ കൊടുക്കേണ്ട അവസ്ഥയുണ്ടാകും. തുടരെയുള്ള ഇത്തരം വിലക്കയറ്റങ്ങളാണ് പണപ്പെരുപ്പം അഥവാ ഇന്‍ഫ്‌ളാഷന്‍ എന്ന പേരില്‍ അറിയപ്പെടുന്നത്.

മാര്‍ക്കറ്റിലെ ഏകദേശ വിലക്കയറ്റം കണക്കാക്കാനായി നിലവില്‍ സ്ഥിതിവിവരക്കണക്ക് മന്ത്രാലയം (Ministry of Statistics and Programme Implementation – MoSPI) ഉപയോഗിക്കുന്ന ഒരു ടൂളാണ് ഉപഭോക്തൃ വില സൂചിക അഥവാ കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സ്(സി പി ഐ). നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന ഒരു കൂട്ടം ഉപഭോക്തൃ വസ്തുക്കളുടെ വിലയിലുള്ള മാറ്റങ്ങളാണ് ഈ സൂചികയിലുള്ളത്. നിലവിലെ മാര്‍ക്കറ്റിന്റെ സ്വഭാവം ഒറ്റ നോട്ടത്തില്‍ മനസ്സിലാക്കാന്‍ ഈ സൂചിക ഉപയോഗിക്കാവുന്നതാണ്. സ്ഥിതിവിവര കണക്ക് മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്ക് (ജൂലൈ 12, 2022) പ്രകാരം 2022 ജൂണ്‍ മാസത്തിലെ സി പി ഐ നിരക്ക് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 8.8 ശതമാനവും പ്രതിമാസ അടിസ്ഥാനത്തില്‍ 1.1 ശതമാനവുമാണ് വര്‍ധിച്ചിരിക്കുന്നത്. ജൂണ്‍ മാസത്തിലെ രൂപയുടെ വിനിമയ മൂല്യവും വളരെ ഉയര്‍ന്നതാണ്. ആകയാല്‍, നമ്മുടെ മാര്‍ക്കറ്റിലെ സാധനങ്ങള്‍ക്കും മൂല്യത്തകര്‍ച്ചയുടെ ആഘാതം ബാധിച്ചിട്ടുണ്ടെന്ന നിഗമനത്തില്‍ എത്താം. സാധാരണക്കാരനായ ഓരോ വ്യക്തിയെയും ഇത്തരം വിഷയങ്ങള്‍ എത്രമാത്രം ബാധിക്കുന്നുണ്ടെന്ന യാഥാര്‍ഥ്യമാണ് ഇതില്‍ നിന്ന് ബോധ്യപ്പെടുന്നത്.
ഒരു രാജ്യത്തിനും സ്വന്തം അധികാര പരിധിയില്‍ മാത്രമായി ഒതുക്കാന്‍ കഴിയുന്ന ഒന്നല്ല സാമ്പത്തിക വിഷയങ്ങള്‍. ഒരു രാജ്യത്തിനും അതിനെ പൂര്‍ണമായും നിയന്ത്രിക്കാനും സാധ്യമല്ല. കാരണം, ഭൂമിശാസ്ത്രപരമായി സര്‍വ വിഭവങ്ങളും അടങ്ങിയ ഒരു രാഷ്ട്ര പരിധിയും ഈ ലോകത്തില്ല. അതിനാല്‍ തന്നെ ഉത്പന്നങ്ങളുടെ വില വര്‍ധനവ്, മൂല്യത്തകര്‍ച്ച, പണപ്പെരുപ്പം, ട്രേഡ് അക്കൗണ്ട് കമ്മി തുടങ്ങിയ സാമ്പത്തിക പ്രശ്‌നങ്ങള്‍ എന്നും മാറിമറിഞ്ഞ് കൊണ്ടിരിക്കും. ഒരു പരിധി വരെ അതിന്റെ ആഘാതങ്ങള്‍ കുറക്കാന്‍ ചില രാഷ്ട്രങ്ങള്‍ക്ക് സാധിച്ചേക്കാം. എന്നാല്‍ പൂര്‍ണമായി ഇത്തരം സാമ്പത്തിക ആഘാതങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ നിലവില്‍ ഒരു രാഷ്ട്രത്തിനും കെല്‍പ്പില്ല.
(കാര്‍ണടക കേന്ദ്ര സര്‍വകലാശാലയിലെ
സാമ്പത്തിക ശാസ്ത്ര വിദ്യാര്‍ഥിയാണ് ലേഖകന്‍)