factcheck
സെക്രട്ടേറിയറ്റിൽ ടിഫിൻ ബോക്സ് തുറന്ന് ഭക്ഷണം കഴിക്കുന്ന തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്; ചിത്രം വ്യാജമോ?
മുഖ്യമന്ത്രി വിജയ് മേശപ്പുറത്ത് ടിഫിൻ ബോക്സ് തുറന്നു വെച്ചിരിക്കുന്ന രീതിയിലുള്ള ചിത്രമാണ് 'ലളിത ഭക്ഷണം, ലളിത ജീവിതം' എന്ന അടിക്കുറിപ്പോടെ ഒരു ഇംഗ്ലീഷ് പത്രം എക്സിൽ പങ്കുവെച്ചത്.
ചെന്നൈ | തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് ലളിത ജീവിതം നയിക്കുന്നതിന്റെ ഭാഗമായി സെക്രട്ടേറിയറ്റിലേക്ക് സ്വന്തമായി ഉച്ചഭക്ഷണം ടിഫിൻ ബോക്സിൽ കൊണ്ടുവരുന്നു എന്ന പേരിൽ പ്രചരിക്കുന്ന ചിത്രം വ്യാജമാണെന്ന് കണ്ടെത്തൽ. ചില പ്രമുഖ പത്ര സ്ഥാപനങ്ങൾ അടക്കം തങ്ങളുടെ എക്സ് (ട്വിറ്റർ) ഹാൻഡിലിൽ പങ്കുവെച്ച ചിത്രമാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന് വ്യക്തമായിട്ടുള്ളത്.
മുഖ്യമന്ത്രി വിജയ് മേശപ്പുറത്ത് ടിഫിൻ ബോക്സ് തുറന്നു വെച്ചിരിക്കുന്ന രീതിയിലുള്ള ചിത്രമാണ് ‘ലളിത ഭക്ഷണം, ലളിത ജീവിതം’ എന്ന അടിക്കുറിപ്പോടെ ഇംഗ്ലീഷ് പത്രം എക്സിൽ പങ്കുവെച്ചത്. എന്നാൽ ഈ ചിത്രം യഥാർത്ഥമല്ലെന്നും കൃത്രിമമായി നിർമ്മിച്ചതാണെന്നും പ്രമുഖ ഫാക്ട് ചെക്കറും ഓൾട്ട് ന്യൂസ് (Alt News) സഹസ്ഥാപകനുമായ മുഹമ്മദ് സുബൈർ വ്യക്തമാക്കി. ഒരു പ്രമുഖ മാധ്യമ സ്ഥാപനം എന്തിനാണ് എ ഐ നിർമ്മിത ചിത്രം പങ്കുവെക്കുന്നത് എന്ന് അദ്ദേഹം എക്സിലൂടെ ചോദ്യമുന്നയിച്ചു.
വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായതിന് പിന്നാലെ ടി വി കെ (തമിഴക വെട്രി കഴകം) പാർട്ടിയും അതിന്റെ ഇൻഫ്ലുവൻസർമാരും വ്യാപകമായി വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയാണെന്ന് സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നുണ്ട്. ജനശ്രദ്ധ ആകർഷിക്കുന്നതിനായി പി ആർ തന്ത്രങ്ങളുടെ ഭാഗമായാണ് ഇത്തരം ചിത്രങ്ങൾ പ്രചരിപ്പിക്കപ്പെടുന്നത് എന്ന് ഡി എം കെ അനുകൂലികളും ആരോപിക്കുന്നു.
Why is @xpresstn sharing an AI generated image? 🤔 pic.twitter.com/W2pZ8yIPpV
— Mohammed Zubair (@zoo_bear) May 16, 2026
എന്നാൽ, മുഖ്യമന്ത്രി ടിഫിൻ ബോക്സിൽ ഭക്ഷണം കൊണ്ടുവരുന്നു എന്ന വിവരത്തെ സൂചിപ്പിക്കാൻ മാത്രമാണ് പ്രതീകാത്മകമായി ഈ എ ഐ ചിത്രം ഉപയോഗിച്ചതെന്നാണ് വിജയ് അനുകൂലികളുടെ വാദം. യഥാർത്ഥ ചിത്രങ്ങൾ ഔദ്യോഗിക ഗവൺമെന്റ് പേജുകളിൽ ലഭ്യമല്ലാത്തതിനാലാണ് മാധ്യമം ഇത്തരമൊരു ചിത്രം നൽകിയതെന്നും ചിലർ വ്യക്തമാക്കുന്നു. തമിഴ്‌നാട്ടിൽ രാഷ്ട്രീയ മാറ്റത്തിനൊപ്പം സോഷ്യൽ മീഡിയയിലും ഡിജിറ്റൽ പ്രചാരണങ്ങളിലും വലിയ മാറ്റങ്ങളാണ് ഇതിലൂടെ പ്രകടമാകുന്നത്.
Summary
A fact check has revealed that the viral photo of Tamil Nadu Chief Minister Joseph Vijay holding a tiffin box at the secretariat is AI-generated. The image was shared by a prominent media house to depict his simple lifestyle, sparking widespread criticism online. Fact-checker Mohammed Zubair called out the outlet for using artificial intelligence instead of an authentic photograph. Critics allege it as part of a political PR drive, while supporters claim it was only used representationally.







