Connect with us

Health

അത്യപകടം ന്യൂജനറേഷൻ ലഹരി

കീറ്റമിൻ മൂത്രസഞ്ചിയിൽ അസുഖമുണ്ടാക്കുന്നു. കിഡ്‌നിക്ക് തകരാറും ഓർമക്കുറവും വരുത്തുന്നു. പി സി പി ലഹരി സംസാര വൈകല്യം, ഓർമക്കുറവ്, തൂക്കം കുറയുക, ഉത്കണ്ഠ, വിഷാദരോഗം, ആത്മഹത്യ എന്നിവ ഉണ്ടാക്കാം. മേൽപറഞ്ഞ ലഹരികൾ ഉപയോഗിച്ചാൽ സൈക്കോസിസ്, കാഴ്ചാപ്രശ്‌നങ്ങൾ, ചിന്താവൈകല്യം, സംശയരോഗം, വൈകാരിക പ്രശ്‌നങ്ങൾ, മിഥ്യാ അനുഭവങ്ങൾ എന്നിവ ഉണ്ടാകാം.

Published

|

Last Updated

ഇല്ലാത്ത ശബ്ദങ്ങൾ കേൾക്കുക, ഇല്ലാത്ത കാഴ്ചകൾ കാണുക എന്നീ വിഭ്രാന്തജനകമായ അനുഭവങ്ങൾ ഹാലൂസിനോജൻസ് ഉപയോഗിക്കുമ്പോൾ ഉണ്ടാകാം. ഇവ ഇന്ദ്രിയങ്ങളെ മയക്കുന്നു, ചിന്തകളെ മാറ്റിമറിക്കുന്നു. സെക്കഡലിക് അവസ്ഥ എന്നാണ് ഇതിനെ വിളിക്കുന്നത്. ഇവ ഉപയോഗിച്ചുകൊണ്ട് ഒരാൾ ഒരു പാട്ടു കേൾക്കുകയാണെങ്കിൽ ഇന്ദ്രിയങ്ങളിൽ ഒന്ന് മറ്റൊന്നിനോട് ലയിക്കുന്നതുമൂലം പാട്ടിനെ മണക്കാനും തൊടാനുമൊക്കെ മുതിരുന്നു.
ഈ ലഹരിമരുന്നുകൾ തലച്ചോറിലെ ആശയവിനിമയ സംവിധാനത്തെ പാടെ തകറാറിലാക്കുന്നു. ഇവ തലച്ചോറിലെ രാസപരിവാഹകരാൽ ഡോപ്പമിൻ, സിറടോണിൻ, ഗ്ലൂട്ടമിൻ എന്നിവയുടെ സന്തുലിതാവസ്ഥയെ തകർക്കുന്നു. അതോടുകൂടി വേദന കുറയുന്നു, ചുറ്റുപാടുകളോടുള്ള പ്രതികരണം മന്ദീഭവിക്കുന്നു, ഓർമ തകരാറിലാകുന്നു. പഠനം ബുദ്ധിമുട്ടാകുന്നു. ഇവയുടെ പ്രവർത്തനം 20 മിനുട്ട് മുതൽ 90 മിനുട്ടിൽ തുടങ്ങി ആറ് മുതൽ 12 മണിക്കൂർ വരെ നീണ്ടുനിൽക്കാം. ഓർമക്കുറവ്, ശ്രദ്ധക്കുറവ്, ഉത്കണ്ഠ, ഹൃദയമിടിപ്പ് കൂടുക, ഓക്കാനം, ശരീരം വിയർക്കുക എന്നിവയും അനുഭവപ്പെടാം. വിചിത്രമായ അനുഭൂതികൾ ഉണ്ടാകാം, സമയബോധം നഷ്ടപ്പെടും, വിശപ്പ് കുറയും, ശരീര ചലനങ്ങൾക്ക് നിയന്ത്രണമില്ലാതാകാം. സ്ഥിരമായ ഉപയോഗം മൂലം പാനിക് അറ്റാക്ക്, സംശയങ്ങൾ, മാനസിക വിഭ്രാന്തി എന്നിവ രൂപപ്പെടാം.

എൽ എസ് ഡി

എർഗോട്ട് എന്ന് വിളിക്കുന്ന ഒരു ഫംഗസിൽനിന്നാണ് എൽ എസ് ഡി ഉണ്ടാക്കുന്നത്. ഇതിന്റെ മറ്റ് പേരുകൾ ആസിഡ്, ബ്ലോട്ടർ, ഡോട്ട്‌സ്, യല്ലോ, സൺഷൈൻ എന്നിവയാണ്.
എൽ എസ് ഡി ഉപയോഗം കേരളത്തിലെ ക്യാമ്പസുകളിലേക്കും യുവത്വത്തിലേക്കും പടരുന്നതായ വാർത്തകൾ മുഖ്യധാരാ മാധ്യമങ്ങളിൽ വന്നുതുടങ്ങിയിട്ട് അധിക നാളായിട്ടില്ല. കഞ്ചാവും ബ്രൗൺഷുഗറുമായിരുന്നു മലയാളികൾ ഭയപ്പെട്ടിരുന്ന ലഹരിയെങ്കിൽ ഗോവയിൽനിന്നും മുംബൈയിൽ നിന്നുമെല്ലാം കുഞ്ഞു സ്റ്റാമ്പുകളായി എൽ എസ് ഡി നമ്മളുടെ യുവത്വത്തിന്റെ നാവിലേക്കെത്തുമ്പോൾ അത് നൽകുന്നത് നിത്യദുഃഖമാണെന്ന് ഇവർ തിരിച്ചറിയാൻ വൈകുമെന്നുറപ്പ്. നിയമവിരുദ്ധ ലാബുകളിൽ ഉത്്പാദിപ്പിക്കപ്പെടുന്ന ക്രിസ്റ്റൽ രൂപത്തിലുള്ള ലൈസർജിക് ആസിഡ് ഉത്പന്നമാണ് എൽ എസ് ഡി. പക്ഷേ, സ്റ്റാന്പ് രൂപത്തിൽ വിതരണത്തിനെത്തുമ്പോൾ ചെറു കൈപ്പ് രുചിയുള്ള ദ്രാവകരൂപത്തിലേക്ക് മാറ്റം വരുത്തുന്നു.

മൂഡ് ഇലവേറ്ററായാണ് എൽ എസ് ഡി ഉപയോഗിക്കപ്പെടുന്നത്. ഡി ജെ പാർട്ടികളിലും മറ്റും ആഘോഷവും നൃത്തവും കൊടുമ്പിരി കൊള്ളുമ്പോൾ സംഗീതത്തെയും താളത്തേയും കാതുകളിലൂടെ സ്വന്തം മനസ്സിലും ശരീരത്തിലും പൂർണമായും ഉൾക്കൊണ്ട് ഒരു തരം പ്രത്യേക അവസ്ഥയിൽ തിരിച്ചറിവില്ലാത്ത ലഹരിയായി എൽ എസ് ഡി സിരകളിൽ കയറുന്നു. ശരീരത്തിൽ ഡോപോമിൻ ഉത്പാദിപ്പിക്കപ്പെടുന്നതിനാൽ ആദ്യ ഘട്ടത്തിൽ ഇതനുഭപ്പെടും. പക്ഷേ, ചെറു അളവുകൾ മതിയാകാതെ വരികയും അടിമയാക്കപ്പെടുകയും ചെയ്യുന്നതോടെ ജീവിതത്തിലെ എല്ലാ സന്തോഷങ്ങളുമാണ് നശിക്കുന്നത്. നെഞ്ചിടിപ്പ് ഉയരുന്നതും പിരിമുറുക്കം കൂടുന്നതും ഇതിന്റെ ഉപയോഗത്തിന്റെ ലക്ഷണമാണ്.

ഫന്റാസിയ, സ്പിരിട്ട് മോളിക്യൂൾ, ബിസ്‌നസ്സ്മാൻ സ്‌പെഷ്യൽ എന്ന പേരിലെല്ലാം അറിയപ്പെടുന്ന ഡി എം ടി ലഹരി ലാബിൽ നിർമിക്കപ്പെടുന്ന ഒരു വെളുത്ത പൊടിയാണ്. ഡിമിത്രി എന്ന ഓമനപ്പേരും ഈ ലഹരിക്കുണ്ട്.

മറ്റ് ഹാലൂസിനോജൻസ്

അയാഹുവാസ്‌ക: ആമസോൺ ഭാഗത്തെ ചെടിയിൽനിന്ന് ഉണ്ടാക്കുന്ന ചായ. ഇതിൽ ഡി എം ടി എന്ന് പറയുന്ന സൈക്കഡലിക് ലഹരി അടങ്ങിയിരിക്കുന്നു. എൽ എസ് ഡി ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന അതേ അനുഭവം തന്നെയാണ് ഈ ലഹരിക്കും ഉള്ളത്.
മെസ്‌കാലിസ്: കാക്ടസ് എന്ന കള്ളിച്ചെടിയിൽനിന്നാണ് ഇത് നിർമിക്കുന്നത്. എൽ എസ് ഡി, സിലോസൈബിൻ എന്നിവയുടെ അതേ ദോഷഫലം ഇതും വരുത്തുന്നു.
ഡെക്‌സാമെന്നോർഫിൻ: ചുമക്കുള്ള ചില മരുന്നുകളിൽ കാണുന്ന ഈ രാസവസ്തുവും ലഹരിയായി ഉപയോഗിക്കുന്നു.

കീറ്റമിൻ:അനസ്‌തേഷ്യയിൽ രോഗികളെ മയക്കാനായി ഉപയോഗിക്കുന്ന ഈ മരുന്ന് ഇഞ്ചക്ഷൻ രൂപത്തിലും പൗഡർ രൂപത്തിലും ലഭ്യമാണ്. അപൂർവം ചിലർ ഇത് മയക്കുമരുന്നായും ഉപയോഗിക്കുന്നുണ്ട്.

ഫെൻസൈക്ലിഡിൻ: എയ്ഞ്ചൽ ഡസ്റ്റ്, ഹോഗ്, ലവ്‌ബോട്ട്, പീസ്പിൻ എന്നീ പേരുകളിലും ഈ മയക്കുമരുന്ന് അറിയപ്പെടുന്നു.

കീറ്റമിൻ മൂത്രസഞ്ചിയിൽ അസുഖമുണ്ടാക്കുന്നു. കിഡ്‌നിക്ക് തകരാറും ഓർമക്കുറവും വരുത്തുന്നു. പി സി പി ലഹരി സംസാര വൈകല്യം, ഓർമക്കുറവ്, തൂക്കം കുറയുക, ഉത്കണ്ഠ, വിഷാദരോഗം, ആത്മഹത്യ എന്നിവ ഉണ്ടാക്കാം. മേൽപറഞ്ഞ ലഹരികൾ ഉപയോഗിച്ചാൽ സൈക്കോസിസ്, കാഴ്ചാപ്രശ്‌നങ്ങൾ, ചിന്താവൈകല്യം, സംശയരോഗം, വൈകാരിക പ്രശ്‌നങ്ങൾ, മിഥ്യാ അനുഭവങ്ങൾ എന്നിവ ഉണ്ടാകാം. ഇത്തരം പ്രശ്‌നങ്ങൾ ഏതാനും ദിവസങ്ങൾ മുതൽ വർഷങ്ങൾ വരെ നീണ്ടുനിൽക്കാം. മാജിക് മഷ്‌റൂം കുമിൾ പോയ്‌സനിംഗിന് വഴി തെളിയിക്കാം. ഇത്തരം ലഹരികൾ മദ്യവുമായി പ്രതിപ്രവർത്തിച്ച് ആത്മഹത്യ, കോമ (അബോധാവസ്ഥ), മരണം എന്നിവയിലേക്ക് നയിക്കാം. സ്വഭാവ വൈകല്യങ്ങളും ജനിതക തകരാറുകളും സംഭവിക്കാം.