Connect with us

National

വിരുദുനഗര്‍ പടക്ക നിര്‍മാണശാലയിലെ സ്‌ഫോടനം; നാല് പേര്‍ അറസ്റ്റില്‍, ഉടമ ഈശ്വരിയും ഭര്‍ത്താവും ഒളിവില്‍ തുടരുന്നു

സ്ഥാപന ഉടമകളുടെ ബന്ധുക്കളാണ് അറസ്റ്റിലായതെന്നും ഇവരെ ചോദ്യം ചെയ്തുവരുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍

Published

|

Last Updated

ചെന്നൈ |  വിരുദുനഗര്‍ പടക്കനിര്‍മാണശാലയില്‍ 24 പേര്‍ മരിച്ച സ്‌ഫോടനവുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സ്ഥാപന ഉടമകളുടെ ബന്ധുക്കളാണ് അറസ്റ്റിലായതെന്നും ഇവരെ ചോദ്യം ചെയ്തുവരുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അതേസമയം ഫാക്ടറി ഉടമയും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ ഈശ്വരി, ഭര്‍ത്താവ് മുത്തുമാണിക്കം എന്നിവര്‍ ഒളിവിലാണ്. ഇരുവരെ കണ്ടെത്താന്‍ നാല് പ്രത്യേക സംഘത്തെ നിയോഗിച്ചതായി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മധുര, തേനി ജില്ലകളിലും ബംഗളൂരുവിലും പോലീസ് പരിശോധന നടത്തി.

വനജ ഫയര്‍ വര്‍ക്ക് എന്ന സ്ഥാപനത്തില്‍ സ്‌ഫോടനം നടക്കുമ്പോള്‍ നൂറോളം പേര്‍ സ്ഥലത്തുണ്ടായിരുന്നതായാണ് വിവരം. സംഭവം നടന്ന ഞായറാഴ്ച പടക്ക നിര്‍മാണ ശാലയ്ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയില്ല.

ഈ ചട്ടം ലംഘിച്ചാണ് സ്ഥാപനം ഇന്നലെ പ്രവര്‍ത്തിച്ചതെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. തിരഞ്ഞെടുപ്പുകാലത്തു വന്‍തോതില്‍ ഓര്‍ഡര്‍ ലഭിച്ചതിനാല്‍ അവധി ദിവസവും നൂറോളം പേര്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. വെടിമരുന്നു നിറയ്ക്കുന്നതിനിടെ തീപ്പൊരി ചിതറിയതാണു അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

ജെസിബി ഉപയോഗിച്ച് അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനിടെയുണ്ടായ സ്‌ഫോടനത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് പരുക്കേറ്റു. രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയ കലക്ടറും എസ്പിയുമടക്കമുള്ളവര്‍ അത്ഭുതകരമായാണു രക്ഷപ്പെട്ടത്.

 

Latest