Kerala
ശസ്ത്രക്രിയ പിഴവ് സംഭവിക്കാതിരിക്കാന്‍ സര്‍ക്കാര്‍ മാര്‍ഗരേഖ
ഓപ്പറേഷന്‍ തിയേറ്ററില്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കരുത്. ശസ്ത്രക്രിയയ്ക്ക് മുമ്പ് ഡോക്ടറും നഴ്‌സും രോഗിയുടെ ഐ പി നമ്പര്‍, കേസ് റെക്കോര്‍ഡ് എന്നിവ പൂര്‍ത്തിയാക്കണം
തിരുവനന്തപുരം | ശസ്ത്രക്രിയ പിഴവ് സംഭവിക്കാതിരിക്കാന്‍ സര്‍ക്കാര്‍ മാര്‍ഗരേഖ പുറത്തിറക്കി. ചെറുതും വലുതുമായ എല്ലാ ശസ്ത്രക്രിയകള്‍ക്കും മാര്‍ഗ്ഗനിര്‍ദേശം ബാധകമാണെന്ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശത്തില്‍ പറയുന്നു. മാര്‍ഗ്ഗനിര്‍ദേശം നടപ്പായാല്‍ ആര്‍ക്കും പരസ്പരം പഴിചാരാന്‍ കഴിയില്ലെന്നും മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു.
രോഗികള്‍ക്ക് ശസ്ത്രക്രിയ വിവരങ്ങള്‍ അടങ്ങിയ റിസ്റ്റ് ബാന്‍ഡ് ധരിപ്പിക്കണമെന്നും ശസ്ത്രക്രിയ നടത്തേണ്ട ശരീരഭാഗം മുന്‍കൂട്ടി അടയാളപ്പെടുത്തണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു. ഓപ്പറേഷന്‍ തിയേറ്ററില്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കരുത്. ശസ്ത്രക്രിയയ്ക്ക് മുമ്പ് ഡോക്ടറും നഴ്‌സും രോഗിയുടെ ഐ പി നമ്പര്‍, കേസ് റെക്കോര്‍ഡ് എന്നിവ പൂര്‍ത്തിയാക്കണം. വാര്‍ഡ് ഡോക്ടറും നഴ്‌സ് ഇന്‍ ചാര്‍ജ്ജും പ്രീ ഓപ്പറേറ്റീവ് ചെക്ക് ലിസ്റ്റ് പൂരിപ്പിച്ച് ഒപ്പിടണം. തീയേറ്റര്‍ ചുമതലയുള്ള നഴ്‌സിംഗ് ഓഫീസര്‍ വായിച്ച് വ്യക്തത വരുത്തി ഒപ്പിടണം. അതിനുശേഷം മാത്രമേ തിയേറ്ററിലേക്ക് രോഗിയെ പ്രവേശിപ്പിക്കാവൂ എന്നു നിര്‍ദ്ദേശത്തില്‍ പറയുന്നു.
ശസ്ത്രക്രിയ ഉപകരണങ്ങള്‍, നശിപ്പിക്കുന്ന വസ്തുക്കള്‍ എന്നിവയുടെ കണക്കെടുപ്പ് നടത്തണം, ശസ്ത്രക്രിയയ്ക്ക് മുമ്പ് വൈറ്റ് ബോര്‍ഡില്‍ ശസ്ത്രക്രിയ ഉപകരണങ്ങളുടെ പേരും എണ്ണവും രേഖപ്പെടുത്തണം, ശസ്ത്രക്രിയ കഴിഞ്ഞ് ഉപകരണങ്ങളുടെ എണ്ണം പരിശോധിച്ചു ചെക്ക് ലിസ്റ്റ് ബന്ധപ്പെട്ട മേധാവിക്ക് കൈമാറണം


