Kerala
ലോണ്‍ ആപ്പ് ഭീഷണി; കാണാതായ വിഷ്ണുവിനെ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തി
വിശദമായ ചോദ്യം ചെയ്യലില്‍ മാത്രമേ ലോണ്‍ ആപ്പ് സംബന്ധിച്ചും ബ്ലേഡ് മാഫിയയുടെ സമ്മദ്ദം സംബന്ധിച്ചും കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കു എന്നു പോലീസ്
കോഴിക്കോട് | ലോണ്‍ ആപ്പ് ഭീഷണിക്ക് പിന്നാലെ കാണാതായ വടകര സ്വദേശി വിഷ്ണുവിനെ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തി. കാണാതായി എട്ടാം നാളാണ് യുവാവിനെ കണ്ടെത്തുന്നത്. നേത്രാവതി എക്‌സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന യുവാവ് കുടുംബത്തെ ഫോണില്‍ വിളിച്ച് സംസാരിക്കുകയായിരുന്നു.
സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് വിഷ്ണു നാട്ടില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. വിശദമായ ചോദ്യം ചെയ്യലില്‍ മാത്രമേ ലോണ്‍ ആപ്പ് സംബന്ധിച്ചും ബ്ലേഡ് മാഫിയയുടെ സമ്മദ്ദം സംബന്ധിച്ചും കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കു.
സഹയാത്രക്കാരന്റെ ഫോണില്‍ നിന്ന് വിഷ്ണു തന്റെ സഹോദരന്‍ അദ്വൈദിനെ വിളിച്ച വിഷ്ണു താന്‍ നാട്ടിലേക്കില്ലെന്ന് പറഞ്ഞു. എന്നാല്‍ അമ്മയും മറ്റ് കുടുംബാംഗങ്ങളും നേരിടുന്ന പ്രതിസന്ധി സഹോദരന്‍ വിഷ്ണുവിനെ അറിയിച്ചു. തുടര്‍ന്ന് യുവാവ് പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങുകയായിരുന്നു. ഇയാള്‍ക്കായി ബെംഗളൂരുവിലും മംഗലാപുരത്തും വിവിധ സംഘങ്ങളായി പോലീസ് തെരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. വിഷ്ണുവിനെ കണ്ടെത്തിയ വിവരം കുടുംബാംഗങ്ങള്‍ പോലീസില്‍ വിളിച്ച് അറിയിക്കുകയായിരുന്നു.
സി ആര്‍ പി എഫില്‍ ജോലി ചെയ്യുന്ന വിഷ്ണുവിന്റെ അമ്മാവന്‍ പയ്യന്നൂരെത്തി വിഷ്ണുവിനെ കണ്ട് സംസാരിച്ചതായി കുടുംബം അറിയിച്ചു.


