Kerala
അണക്കെട്ടുകളില്‍ ജലനിരപ്പ് താഴുന്നു; വൈദ്യുതി മേഖലയില്‍ കടുത്ത ആശങ്ക
സംസ്ഥാനത്തെ ജല വൈദ്യുത നിലയങ്ങളില്‍ ഉല്‍പ്പാദനശേഷി 1772.80 ദശലക്ഷം യൂണിറ്റായി ചുരുങ്ങി
തിരുവനന്തപുരം | സംസ്ഥാനത്ത് കടുത്ത വേനലും വൈദ്യുതി ഉപഭോഗം കുത്തനെ ഉയര്‍ന്നതും ഡാമുകളിലെ ജലനിരപ്പ് ക്രമാതീതമായി കുറയുന്നതിനു കാരണമായി. വൈദ്യുതി മേഖലയില്‍ കടുത്ത ആശങ്ക സൃഷ്ടിക്കുന്നതാണ് സാഹചര്യം. സംസ്ഥാനത്തെ ജല വൈദ്യുത നിലയങ്ങളില്‍ ഉല്‍പ്പാദനശേഷി 1772.80 ദശലക്ഷം യൂണിറ്റായി ചുരുങ്ങിയതാണ് ആശങ്കക്കു കാരണം.
സംസ്ഥാനത്തെ ഡാമുകളില്‍ ഇനി അവശേഷിക്കുന്നത് ആകെ സംഭരണശേഷിയുടെ 34 ശതമാനം ജലം മാത്രം. കഴിഞ്ഞവര്‍ഷം ഇതേസമയം ഉണ്ടായിരുന്നതിനേക്കാള്‍ 11 ശതമാനത്തിന്റെ കുറവാണ് ജലനിരപ്പില്‍ അനുഭവപ്പെടുന്നത്. വേനല്‍ മഴ മാറി നിന്നാല്‍ അണക്കെട്ടുകളില്‍ ജലനിരപ്പ് ഇനിയും താഴ്‌ന്നേക്കും.
സംസ്ഥാനത്തെ ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കി ആര്‍ച്ച് ഡാമിന്റെ ആകെ സംഭരണശേഷിയുടെ 36 ശതമാനമാണ് നിലവിലെ ജലനിരപ്പ്. ഇത് കഴിഞ്ഞവര്‍ഷം 43% ആയിരുന്നു. സംസ്ഥാനത്തിന് പുറത്തുനിന്ന് വൈദ്യുതി വാങ്ങി പ്രതിസന്ധി മറികടക്കാന്‍ ആകും. എന്നാല്‍ പീക് ടൈമിലെ റെക്കോര്‍ഡുകള്‍ തകര്‍ക്കുന്ന വൈദ്യുതി ഉപഭോഗമാണ് കെ എസ് ഇബിയെ വലക്കുന്നത്.
ഗുരുതരമായ സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണെന്നു വ്യക്തമാക്കുന്നതാണ് കണക്കുകള്‍. 2025ല്‍ കെ എസ് ഇ ബി നിയന്ത്രണത്തിലുള്ള ഡാമുകളില്‍ ആകെ സംഭരണശേഷിയുടെ 43 ശതമാനം ജലശേഖരം ഉണ്ടായിരുന്നു. 4140.25 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള കരുതല്‍ ശേഖരമായിരുന്നു ഇത്. എന്നാല്‍ 2026ല്‍ 34 ശതമാനമായി ജല ശേഖരം കുറഞ്ഞത് വരും നാളുകളില്‍ കേരളം അഭിമുഖീകരിക്കാന്‍ ഇടയുള്ള വൈദ്യുതി പ്രതിസന്ധിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.


