International
നാവിക ഉപരോധം ലംഘിച്ച ഇറാന്റെ കപ്പല്‍ ഹോര്‍മുസ് കപ്പല്‍ പാതക്ക് സമീപത്ത് നിന്നു പിടിച്ചെടുത്തതായി ട്രംപ്
ഇസ്ലാമാബാദ് ചര്‍ച്ചക്ക് സംഘത്തെ അയക്കില്ലെന്ന് ഇറാന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യു എസ് നടപടി
വാഷിങ്ടണ്‍ ഡിസി | നാവിക ഉപരോധം ലംഘിച്ച ഇറാന്റെ കപ്പല്‍ ഹോര്‍മുസ് കപ്പല്‍ പാതക്ക് സമീപത്ത് നിന്നു പിടിച്ചെടുത്തതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അവകാശപ്പെട്ടു. ഇസ്ലാമാബാദ് ചര്‍ച്ചക്ക് സംഘത്തെ അയക്കില്ലെന്ന് ഇറാന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യു എസ് നടപടി.
നാലു കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇറാന്‍ ചര്‍ച്ച ബഹിഷ്‌കരിച്ചത്. അമേരിക്കയുടെ അതിരുകടന്ന ആവശ്യങ്ങള്‍, യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടാത്ത പ്രതീക്ഷകള്‍, യു എസിന്റെ ഇറാന്‍ വിരുദ്ധ നിലപാടുകള്‍, ഇറാനെതിരായ നാവിക ഉപരോധം എന്നിവയാണ് ഇറാനെ പിന്തിരിപ്പിച്ച പ്രധാന ഘടകങ്ങള്‍. ദേശീയ താല്‍പര്യങ്ങള്‍ക്ക് നിരക്കാത്ത ഒരു ഉപാധിയും സ്വീകാര്യമല്ലെന്ന് ഇറാന്‍ പാര്‍ലമെന്റ് സുരക്ഷാ സമിതി മേധാവി വ്യക്തമാക്കി. കരാറിന് തയാറായില്ലെങ്കില്‍ ഇറാനെ ചുട്ടെരിക്കുമെന്ന് ട്രംപ് ഇന്നലെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാന് ലഭിക്കുന്ന അവസാന അവസരം ആയിരിക്കും ഇതെന്നും ട്രംപ് ഓര്‍മിപ്പിച്ചു.
യുഎസ് പശ്ചിമേഷ്യന്‍ ദൂതന്‍ സ്റ്റിവ് വിറ്റ്‌കോഫും വൈറ്റ് ഹൗസ് ഉപദേശകനും ട്രംപിന്റെ മരുമകനുമായ ജാരേദ് ഖുഷ്ണറും ചര്‍ച്ചക്ക് ഇസ്ലാമാബാല്‍ എത്തും. രണ്ടാംവട്ട സമാധാന ചര്‍ച്ചക്കായി ഇന്ന് യു എസ് പ്രതിനിധികള്‍ പാക് തലസ്ഥാനമായ ഇസ്ലാമാബാദിലെത്തുമെന്നും തങ്ങള്‍ മുന്നോട്ടുവെക്കുന്ന കരാര്‍ സ്വീകരിച്ചില്ലെങ്കില്‍ ഇറാനിലെ എല്ലാ വൈദ്യുതി നിലയങ്ങളും പാലങ്ങളും തകര്‍ക്കുമെന്നുമായിരുന്നു ട്രംപിന്റെ ഭീഷണി. ഹോര്‍മുസ് കടലിടുക്കില്‍ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ വെടിയുതിര്‍ത്തത് വെടിനിര്‍ത്തല്‍ കരാറിന്റെ ഗുരുതരമായ ലംഘനമാണെന്നും ട്രംപ് കുറ്റപ്പെടുത്തി. സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ ആക്രമിക്കുന്നത് യുദ്ധക്കുറ്റമാണെന്നിരിക്കെയാണ് ട്രംപിന്റെ ഭീഷണി.
നിലവിലെ വെടിനിര്‍ത്തല്‍ ചൊവ്വാഴ്ച അവസാനിക്കാനിക്കും. പാക് പ്രധാനമന്ത്രി ഇറാന്‍ പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ചെങ്കിലും ഇറാന്‍ നിലപാട് മാറ്റാന്‍ തയ്യാറായിട്ടില്ല. ഹോര്‍മുസ് കടലിടുക്ക് തങ്ങളുടെ തന്നെ അധീനതയില്‍ തുടരുമെന്ന ഉറച്ച നിലപാടിലാണ് ഇറാന്‍. ഇറാന്‍ ഇന്നലെ ഹോര്‍മുസ് കടലിടുക്കില്‍ ഫ്രാന്‍സിന്റെയും യുകെയുടെയും കപ്പലിനെ ലക്ഷ്യമാക്കി വെടിയുതിര്‍ത്തു.
ഇറാന് നീതിയുക്തവും യുക്തിസഹവുമായ ഒരു കരാറാണ് അമേരിക്ക വാഗ്ദാനം ചെയ്യുന്നതെന്നും അവര്‍ അത് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നുമെന്നാണ് ട്രംപ് പറയുന്നത്. കരാര്‍ സ്വീകരിക്കാത്ത പക്ഷം ഇറാനില്‍ വേണ്ടത് ചെയ്യുന്നത് താന്‍ ബഹുമതിയായി കാണുമെന്നും കഴിഞ്ഞ 47 വര്‍ഷമായി മറ്റു പ്രസിഡന്റുമാര്‍ ചെയ്യേണ്ടിയിരുന്ന കാര്യമാണു താന്‍ ചെയ്യാന്‍ പോകുന്നതെന്നുമാണ് സ്വന്തം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ ട്രംപ് പ്രതികരിച്ചത്.



