Kerala
ഉറക്കത്തില്‍ പാമ്പുകടി: മരിച്ച കുട്ടിയുടെ സംസ്‌കാരം മൂന്നു മണിക്ക്, സഹോദരന്റെ നില ഗുരുതരമായി തുടരുന്നു
ഇന്നലെ ആറ് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് വിധേയനായ അനോജ് വെന്റിലേറ്ററില്‍ കഴിയുകയാണ്
തൃശൂര്‍ | ഉറക്കത്തിനിടെ പാമ്പുകടിയേറ്റ സഹോദരങ്ങളില്‍ മരിച്ച കുട്ടിയുടെ സംസ്‌കാരം ഇന്നു വൈകീട്ട് മൂന്നു മണിക്കു നടക്കും. മരിച്ച ആല്‍ജോയുടെ മൂത്ത സഹോദരന്‍ അനോജിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഇന്നലെ ആറ് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് വിധേയനായ അനോജ് വെന്റിലേറ്ററില്‍ കഴിയുകയാണ്.
കോടാലിയില്‍ ഉണ്ടായ നടുക്കുന്ന സംഭവത്തില്‍ എട്ട് വയസുകാരന്‍ ആല്‍ജോയുടെ ജീവന്‍ രക്ഷിക്കാനായില്ല. ഭക്ഷ്യ വിഷബാധയെന്നാണ് ആദ്യം സംശയിച്ചതെങ്കിലും പിന്നീട് കുട്ടികള്‍ കിടന്ന മുറിയിലെ തലയണയ്ക്കടിയില്‍ നിന്നു പാമ്പിനെ കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രി രണ്ട് മണിയോടെയാണ് രണ്ട് കുട്ടികള്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തലേദിവസം അവകാഡോ ജ്യൂസ് കുടിച്ച ശേഷമായിരുന്നു കുട്ടികള്‍ കിടന്നത്. അതുകൊണ്ടുതന്നെ മാതാപിതാക്കള്‍ അടക്കം എല്ലാവരും കരുതിയത് ഭക്ഷ്യവിഷബാധയായിരിക്കാം എന്നാണ്.
പിന്നാലെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ കുട്ടികളെ എത്തിച്ചപ്പോഴാണ് പാമ്പ് കടിയേറ്റതാണെന്ന് വ്യക്തമാകുന്നത്. രണ്ട് കുട്ടികളുടെയും ശരീരത്തില്‍ പാമ്പ് കടിയേറ്റതിന്റെ അടയാളവും കണ്ടെത്തി. ആശുപത്രിയില്‍ വെച്ചുതന്നെ ആല്‍ജോ മരിക്കുകയായിരുന്നു. നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് വീടിനുള്ളില്‍ വിശദമായി നടത്തിയ തെരച്ചിലിലാണ് കുട്ടികള്‍ കിടന്ന മുറിയിലെ തലയണയ്ക്ക് അടിയില്‍ നിന്ന് പാമ്പിനെ കണ്ടെത്തിയത്. ശങ്കുവരയന്‍, വെള്ളിക്കെട്ടന്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്ന വിഷപ്പാമ്പാണ് കുട്ടികളെ കടിച്ചത്.


