Connect with us

Ongoing News

ആവേശകരം, നാടകീയം; ഗോള്‍ മഴക്കൊടുവില്‍ സമനില

Published

|

Last Updated

ബംബോലിം | ഇതാണ് ബ്ലാസ്‌റ്റേഴ്‌സ്. ഇതാണ് യഥാര്‍ഥ പോരാട്ട വീര്യം. ഐ എസ് എലില്‍ ഫലം അപ്രസക്തമായൊരു മത്സരത്തില്‍ പിറന്നത് എട്ട് ഗോളുകള്‍. ആവേശകരം, ആകസ്മികം, നാടകീയം, കൗതുകകരം എന്നെല്ലാം കേരള ബ്ലാസ്റ്റേഴ്‌സ്-എഫ് സി ഗോവ മത്സരത്തെ വിശേഷിപ്പിക്കാം. ആദ്യ പകുതിയില്‍ രണ്ട് ഗോളിന് ബ്ലാസ്‌റ്റേഴ്‌സ് മുന്നില്‍. രണ്ടാം പകുതിയില്‍ മൂന്നെണ്ണം തിരിച്ചടിച്ച് ഗോവ ലീഡെടുക്കുന്നു. പിന്നീട് ഒരു ഗോള്‍ കൂടി ബ്ലാസ്‌റ്റേഴ്‌സ് വലയില്‍ നിക്ഷേപിച്ച് ലീഡ് വര്‍ധിപ്പിക്കുന്നു. രണ്ട് ഗോളിന് പിന്നിലായിട്ടും, തങ്ങളുടെ സെമി സാധ്യതകളെ ബാധിക്കില്ലെന്ന യാഥാര്‍ഥ്യം മുന്നിലുള്ളപ്പോഴും ഇടറാതെ പോരാടിയ കേരളം രണ്ട് ഗോള്‍ തിരിച്ചടിച്ച് മത്സരം സമനിലയിലാക്കുന്നു (4-4). പരാജയത്തിന്റെ വക്കില്‍ നിന്ന് അടരാടി കയറിയുള്ള സമനിലയാണ് ബ്ലാസ്റ്റേഴ്‌സ് നേടിയെടുത്തത്. അതേസമയം, നേരത്തെ തന്നെ പുറത്തായിക്കഴിഞ്ഞതിന്റെ നിരാശയൊട്ടുമില്ലാത്ത പോരാട്ട വീര്യമാണ് ഗോവ പുറത്തെടുത്തത്. ഏതായാലും അവിസ്മരണീയമായൊരു പോരാട്ടം എന്നുതന്നെ ഈ മത്സരത്തെ വിശേഷിപ്പിക്കാം.

ബ്ലാസ്റ്റേഴ്‌സിനു വേണ്ടി ജോര്‍ഗെ പരേര ഡയസ് (രണ്ട്), വിന്‍സി ബരേറ്റോ, അല്‍വാരോ വാസ്‌ക്വസ് എന്നിവരാണ് സ്‌കോര്‍ ചെയ്തത്. എയ്‌റം കബ്രേര (മൂന്ന്), എയ്ബന്‍ബ ദോലിംഗ് എന്നിവരാണ് ഗോവയുടെ ഗോളുകള്‍ കണ്ടെത്തിയത്. കളിയുടെ പത്താം മിനുട്ടിലായിരുന്നു കേരളത്തിന്റെ ആദ്യ ഗോള്‍. വലതു വിംഗിലൂടെ ഓടിക്കയറിയ സഹല്‍ സമദ് പന്ത് ഡയസിന് ക്രോസ് ചെയ്തു. മികച്ച ഒരു ഷോട്ടിലൂടെ ഡയസ് ടീമിന് ലീഡ് നേടിക്കൊടുത്തു. 25ാം മിനുട്ടില്‍ ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും ലക്ഷ്യം കണ്ടു. ഇത്തവണ പെനാള്‍ട്ടിയില്‍ നിന്നായിരുന്നു ഗോള്‍. പന്തുമായി ബോക്‌സിലെത്തിയ ചെന്‍ചോയെ ഗോവ ഗോളി ഋത്വിക് ഡൈവ് ചെയ്ത് കൈ കൊണ്ട് കാലില്‍ തട്ടി വീഴ്ത്തുകയായിരുന്നു. ഡയസ് എടുത്ത പെനാള്‍ട്ടി കിക്ക് പോസ്റ്റിന്റെ ഇടതു മൂലയില്‍ കയറുമ്പോള്‍ ഗോളി എതിര്‍വശത്തേക്ക് ഡൈവ് ചെയ്തത്. രണ്ടാം പകുതിയില്‍ കളി മാറ്റിയ ഗോവ ഫ്രീ കിക്കില്‍ നിന്ന് ഒരു ഗോള്‍ തിരിച്ചടിച്ചു. ബേഡിയ എടുത്ത കിക്ക് കബ്രേര വലയിലേക്ക് വിദഗ്ധമായി തിരിച്ചുവിടുകയായിരുന്നു. 49ാം മിനുട്ടിലായിരുന്നു ഈ ഗോള്‍. 63ാം മിനുട്ടില്‍ മകാന്‍ ചോതെയെ ബോക്‌സില്‍ തള്ളിയിട്ടതിന് ലഭിച്ച പെനാള്‍ട്ടി കിക്ക് ഗോളാക്കി കബ്രേര ഗോവക്ക് സമനില നേടിക്കൊടുത്തു. 79ാം മിനുട്ടില്‍ ഒരു കിടിലന്‍ ഷോട്ടിലൂടെ ദോലിംഗ് ഗോവയെ ലീഡിലെത്തിച്ചു. 82ാം മിനുട്ടിലെ കബ്രേരയുടെ ഹാട്രിക് ഗോള്‍ ഗോവക്ക് ആധികാരിക ലീഡ് നേടിക്കൊടുത്തു. 88ാം മിനുട്ടില്‍ വിന്‍സി ബരേറ്റോ ബ്ലാസ്‌റ്റേഴ്‌സിനായി ഒരു ഗോള്‍ തിരിച്ചടിച്ചു. പകരക്കാരനായി കളത്തിലിറങ്ങിയ വാസ്‌ക്വസ് 90ാം മിനുട്ടില്‍ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.

മുന്‍ മത്സരത്തില്‍ മുംബൈ സിറ്റിയെ ഹൈദരാബാദ് എഫ് സി ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പ്പിച്ചതോടെ തന്നെ ബ്ലാസ്‌റ്റേഴ്‌സ് സെമിയില്‍ കടന്നിരുന്നു. ഗോവക്കെതിരായ സമനിലയോടെ ബ്ലാസ്‌റ്റേഴ്‌സിന് 34 പോയിന്റായി. നേരത്തെ പുറത്തായി കഴിഞ്ഞിരുന്ന ഗോവക്ക്ഈ സമനിലയില്‍ നിന്ന് ലഭിച്ച ഒരു പോയിന്റുള്‍പ്പെടെ 19 പോയിന്റ് മാത്രമാണുള്ളത്.

Latest