Connect with us

Kerala

ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം; മുന്‍ പോലീസുകാരന്‍ പിടിയില്‍

നേരത്തെ തൃച്ചംബരം ക്ഷേത്രം, കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം, പയ്യന്നൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം തുടങ്ങി നിരവധി ആരാധനാലയങ്ങളില്‍ ഭക്തരുടെ പണവും മൊബൈല്‍ ഫോണുകളും ഇയാള്‍ സമാനരീതിയില്‍ മോഷ്ടിച്ചിട്ടുണ്ടെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി

Published

|

Last Updated

കണ്ണൂര്‍ |  തളിപ്പറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രത്തില്‍ തൊഴാനെത്തിയ ജ്യോത്സ്യന്റെ സ്മാര്‍ട്ട് ഫോണ്‍ മോഷ്ടിച്ച കേസില്‍ മുന്‍ പോലീസുകാരന്‍ അറസ്റ്റില്‍. പയ്യന്നൂര്‍ അന്നൂര്‍ പുതിയങ്കാവിലെ വെള്ളോറ മഠത്തില്‍ വി എം വിപിന്‍കുമാറിനെയാണ് (39) തളിപ്പറമ്പ് പോലീസ് പിടികൂടിയത്. കാസര്‍കോട് ചിറ്റാരിക്കല്‍ തവളക്കുണ്ട് സ്വദേശിയായ ജ്യോത്സ്യന്‍ സജിന്‍ മോഹന്റെ (35) 27,000 രൂപ വിലമതിക്കുന്ന മൊബൈല്‍ ഫോണാണ് ഇയാള്‍ അപഹരിച്ചത്.

ക്ഷേത്രത്തില്‍ തൊഴാന്‍ കയറുന്നതിനായി ഷര്‍ട്ട് അഴിച്ച് പുറത്തെ റാക്കില്‍ സൂക്ഷിച്ചതായിരുന്നു സജിന്‍ മോഹന്‍. ഈ തക്കം നോക്കി ഷര്‍ട്ടിന്റെ പോക്കറ്റില്‍ വെച്ചിരുന്ന മൊബൈല്‍ ഫോണ്‍ പ്രതി കൈക്കലാക്കുകയായിരുന്നു. ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് ഫോണ്‍ നഷ്ടപ്പെട്ട വിവരം സജിന്‍ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ക്ഷേത്ര ഭാരവാഹികളുടെ നിര്‍ദ്ദേശപ്രകാരം പോലീസില്‍ പരാതി നല്‍കി. ക്ഷേത്രപരിസരത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ച പൊലീസ്, സംശയാസ്പദമായ സാഹചര്യത്തില്‍ കറങ്ങിനടന്ന മുന്‍ പോലീസുകാരനായ വിപിന്‍കുമാറിനെ ദൃശ്യങ്ങളില്‍ നിന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ വ്യാഴാഴ്ച രാത്രി എട്ടോടെ പയ്യന്നൂരില്‍ വെച്ച് ഇയാളെ പോലീസ് പിടികൂടുകയായിരുന്നു.

. നേരത്തെ തൃച്ചംബരം ക്ഷേത്രം, കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം, പയ്യന്നൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം തുടങ്ങി നിരവധി ആരാധനാലയങ്ങളില്‍ ഭക്തരുടെ പണവും മൊബൈല്‍ ഫോണുകളും ഇയാള്‍ സമാനരീതിയില്‍ മോഷ്ടിച്ചിട്ടുണ്ടെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി. മുന്‍പ് പൊലീസ് സേനയിലുണ്ടായിരുന്ന ഇയാള്‍ പിന്നീട് സേനയില്‍ നിന്ന് പുറത്താക്കപ്പെടുകയായിരുന്നു. തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Content Highlights: A former police officer was arrested by Taliparamba police for stealing an astrologer’s smartphone at Rajarajeswara temple. CCTV footage helped identify the suspect, who was later caught in Payyannur. Interrogation revealed his involvement in multiple temple thefts across the region.

 

---- facebook comment plugin here -----

Latest