Articles
മാലിന്യം നമ്മെ വിഴുങ്ങും മുമ്പ്
വ്യക്തിശുചിത്വത്തില്‍ അഹങ്കരിക്കുന്ന മലയാളി, പരിസര ശുചിത്വത്തില്‍ വളരെ പിന്നാക്കമാണ് എന്ന ആഗോള അപവാദം തിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും മൗലിക കടമയാണ്. ശുചിത്വവും ആരോഗ്യവുമുള്ള ഒരു അന്തരീക്ഷത്തില്‍ ജീവിക്കുക എന്നത് ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 വാഗ്ദാനം ചെയ്യുന്ന മൗലികാവകാശത്തിന്റെ ഭാഗമാണ്.
ഇന്ന് ആഗോളതലത്തില്‍ മാനവരാശി അഭിമുഖീകരിക്കുന്ന ഏറ്റവും ഗുരുതരമായ ഭീഷണികളിലൊന്നാണ് അശാസ്ത്രീയമായ മാലിന്യ സംസ്‌കരണം. അന്തരീക്ഷ മലിനീകരണം, അതിരൂക്ഷമായ കാലാവസ്ഥാ വ്യതിയാനം, വിനാശകാരികളായ രോഗങ്ങളുടെ വര്‍ധന എന്നിവക്കെല്ലാം പ്രധാന കാരണം അനിയന്ത്രിതമായ മാലിന്യ ശേഖരണത്തിലും സംസ്‌കരണത്തിലുമുണ്ടാകുന്ന വലിയ വീഴ്ചകളാണ്. വികസിത- വികസ്വര രാജ്യ വ്യത്യാസമില്ലാതെ ലോകമെമ്പാടും ഈ പ്രതിസന്ധി പടര്‍ന്നുപന്തലിച്ചിരിക്കുകയാണ്.
ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ലോകത്തുണ്ടാകുന്ന രോഗങ്ങളുടെ നാലിലൊന്നിനും (25 ശതമാനം) പ്രധാന കാരണം പരിസ്ഥിതി മലിനീകരണമാണ്. നമ്മള്‍ പുലര്‍ത്തുന്ന സംസ്‌കാരം, പെരുമാറ്റരീതികള്‍, കാഴ്ചപ്പാടുകള്‍ എന്നിവയുമായി നേരിട്ട് ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ് മാലിന്യപ്രശ്നം. നിര്‍ഭാഗ്യവശാല്‍, ഇന്ന് മാലിന്യ സംസ്‌കരണം എന്നത് ഒരു സാമൂഹിക ഉത്തരവാദിത്വത്തിന് പകരം ‘സൗകര്യത്തിന്റെ സംസ്‌കാരമായി’ മാത്രം മാറിയിരിക്കുന്നു. പഠനങ്ങള്‍ അനുസരിച്ച്, ആഗോളതലത്തില്‍ 230 കോടി ജനങ്ങളില്‍ നിന്ന് മാലിന്യം ശാസ്ത്രീയമായി ശേഖരിക്കുന്നതേയില്ല. 200 കോടിയിലധികം ആളുകള്‍ക്ക് ഒരു തരത്തിലുമുള്ള മാലിന്യ സംസ്‌കരണ സംവിധാനങ്ങളുമില്ല. തെരുവുകളിലും പൊതുയിടങ്ങളിലും കുന്നുകൂടുന്ന മാലിന്യങ്ങള്‍ നമ്മുടെ ജീവനാഡികളായ നദികളെയും പുഴകളെയും സമുദ്രങ്ങളെയും ഒരുപോലെ വിഷമയമാക്കുകയാണ്. മാലിന്യങ്ങളില്‍ നിന്ന് പുറന്തള്ളുന്ന വിഷവാതകങ്ങളും വായുമലിനീകരണവും മനുഷ്യന്റെ ആയുസ്സ് തന്നെ അപകടകരമായി കുറയ്ക്കുന്നു.
ഇന്ത്യയിലെ കണക്കുകള്‍
ഇന്ത്യയിലെ കണക്കുകള്‍ പരിശോധിച്ചാല്‍ ഒരു വ്യക്തി പ്രതിദിനം ശരാശരി 250 ഗ്രാം മുതല്‍ 500 ഗ്രാം വരെ ഖരമാലിന്യം ഉത്പാദിപ്പിക്കുന്നുണ്ട്. ഇതില്‍ 69 ശതമാനം ജൈവ മാലിന്യവും 31 ശതമാനം പുനരുപയോഗിക്കാന്‍ കഴിയുന്ന അജൈവ മാലിന്യവുമാണ്. ആകെ മാലിന്യത്തിന്റെ 49 ശതമാനം വീടുകളില്‍ നിന്നും 51 ശതമാനം വാണിജ്യ സ്ഥാപനങ്ങളില്‍ നിന്നുമാണ് പുറന്തള്ളപ്പെടുന്നത്. എന്നാല്‍ നമ്മുടെ തദ്ദേശ സ്ഥാപനങ്ങളില്‍ ഇതിന്റെ വലിയൊരു ശതമാനവും ശാസ്ത്രീയമായി സംസ്‌കരിക്കപ്പെടുന്നില്ല എന്നതാണ് കയ്പേറിയ സത്യം.
സുപ്രീം കോടതിയുടെ മുന്നറിയിപ്പ്
മാലിന്യ പ്രതിസന്ധിയില്‍ പരമോന്നത നീതിപീഠമായ സുപ്രീം കോടതി നടത്തിയ ചരിത്രപരമായ ഇടപെടല്‍ മാലിന്യ സംസ്‌കരണത്തിന് ഭരണഘടനാപരമായ പുതിയ നിര്‍വചനം നല്‍കിയിരിക്കുകയാണ്. ഭോപ്പാല്‍ മുനിസിപ്പല്‍ കോര്‍പറേഷനുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതി വ്യക്തമാക്കിയ കാര്യങ്ങള്‍ ഓരോ പൗരനും ഭരണാധികാരിയും അറിഞ്ഞിരിക്കേണ്ടതാണ്. ശുചിത്വവും ആരോഗ്യവുമുള്ള ഒരു അന്തരീക്ഷത്തില്‍ ജീവിക്കുക എന്നത് ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 വാഗ്ദാനം ചെയ്യുന്ന മൗലികാവകാശത്തിന്റെ ഭാഗമാണ്. മാലിന്യ സംസ്‌കരണത്തില്‍ വരുത്തുന്ന വീഴ്ച വെറുമൊരു ഭരണപരമായ പോരായ്മയല്ല, മറിച്ച് പൗരന്റെ മൗലികാവകാശത്തിന്മേലുള്ള കടന്നുകയറ്റവും ലംഘനവുമാണ്. മാലിന്യ നിര്‍മാര്‍ജനം ശുചീകരണ തൊഴിലാളികളുടെ മാത്രം തലയില്‍ വെച്ചുകെട്ടേണ്ട ബാധ്യതയല്ല. തദ്ദേശ ഭരണാധികാരികളെയും വാര്‍ഡ് അംഗങ്ങളെയും ഇതിന്റെ ‘മുന്‍നിര പോരാളികളാക്കി’ മാറ്റണമെന്നും സുപ്രീം കോടതി അക്കമിട്ട് വ്യക്തമാക്കി. പരിസ്ഥിതി സംരക്ഷണം ജനപ്രതിനിധികളുടെ ഭരണഘടനാപരമായ കടമയാണ്. ഒരു വാര്‍ഡിലെ മാലിന്യ സംസ്‌കരണത്തിന്റെ വിജയമാണ് ആ വാര്‍ഡ് ജനപ്രതിനിധിയുടെ പ്രവര്‍ത്തനമികവിന്റെ യഥാര്‍ഥ അളവുകോല്‍. മാലിന്യം ഉറവിടത്തില്‍ തന്നെ തരംതിരിക്കാന്‍ പൗരന്മാരെ ബോധവത്കരിക്കേണ്ടത് ജനപ്രതിനിധികളുടെ ഉത്തരവാദിത്വമാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതല
ഗ്രാമപഞ്ചായത്തുകളുടെയും നഗരസഭകളുടെയും പ്രാഥമികവും അനിവാര്യവുമായ ചുമതലകളില്‍ പ്രധാനപ്പെട്ട ഒന്നാണ് മാലിന്യ സംസ്‌കരണം. ഭരണഘടനയുടെ 11ാം ഷെഡ്യൂളില്‍ പഞ്ചായത്തുകള്‍ക്കായി നല്‍കിയിട്ടുള്ള 29 വിഷയങ്ങളിലും, 12ാം ഷെഡ്യൂളില്‍ നഗരസഭകള്‍ക്കായുള്ള 18 പ്രധാന ചുമതലകളിലും മാലിന്യ സംസ്‌കരണത്തെ ഭരണഘടന വ്യക്തമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കേരള പഞ്ചായത്ത് രാജ് ആക്ട് സെക് ഷന്‍ 166 പ്രകാരം ഖര- ദ്രവ മാലിന്യങ്ങള്‍ ശേഖരിക്കുകയും കൈയൊഴിയുകയും ചെയ്യുക എന്നത് തദ്ദേശ ഭരണകൂടങ്ങളുടെ അനിവാര്യമായ കര്‍ത്തവ്യമാണ്. പഞ്ചായത്ത് രാജ് നിയമത്തിലെ മൂന്നാം പട്ടികയില്‍ വിവരിക്കുന്ന 27 അനിവാര്യ ചുമതലകളില്‍ ‘ഒന്നാമത്തെ ചുമതല’ തന്നെ ഖരമാലിന്യങ്ങള്‍ ശേഖരിക്കുകയും സുരക്ഷിതമായി സംസ്‌കരിക്കുകയും ചെയ്യുക എന്നതാണ്. പരിസ്ഥിതി സംരക്ഷണം അടക്കമുള്ള മറ്റു പല പ്രധാന ചുമതലകളും ഇതിനോട് ചേര്‍ന്നുനില്‍ക്കുന്നു.
2026ലെ പുതിയ ഖരമാലിന്യ പരിപാലന ചട്ടം
2026 ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്ത് നിലവില്‍ വന്ന പുതിയ ഖരമാലിന്യ പരിപാലന ചട്ടങ്ങള്‍ പ്രകാരം ജനപ്രതിനിധികള്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ക്കും കര്‍ശനമായ ലക്ഷ്യങ്ങളാണ് നിശ്ചയിച്ചിട്ടുള്ളത്. 2027 മാര്‍ച്ച് 31ഓടെ 100 ശതമാനം വാതില്‍പ്പടി ശേഖരണവും 4-സ്ട്രീം തരംതിരിവും നിര്‍ബന്ധമായും പൂര്‍ത്തിയാക്കണം.
വാര്‍ഡുകളില്‍ മിനി മെറ്റീരിയല്‍ കളക്്ഷന്‍ ഫെസിലിറ്റി കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയും അജൈവ മാലിന്യങ്ങള്‍ പുനരുപയോഗത്തിനായി വേര്‍തിരിച്ച് അയക്കുകയും വേണം. ഉപയോഗിച്ച സാനിറ്ററി നാപ്കിനുകള്‍, ഡയപ്പറുകള്‍ എന്നിവ പ്രത്യേക അംഗീകൃത ഏജന്‍സികള്‍ മുഖേന സംസ്‌കരിക്കുന്നത് ഉറപ്പാക്കണം. വാതില്‍പ്പടി മാലിന്യ ശേഖരണം കാര്യക്ഷമമാക്കാനും ഹരിതകര്‍മ സേനയെ കൂടുതല്‍ ശാക്തീകരിക്കാനും തദ്ദേശ സ്ഥാപനങ്ങള്‍ മുന്നിട്ടിറങ്ങണം. കൂടാതെ പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നതും മാലിന്യങ്ങള്‍ തുറസ്സായ സ്ഥലത്ത് കത്തിക്കുന്നതും കര്‍ശനമായി തടയണം. നിയമലംഘകര്‍ക്കെതിരെ തദ്ദേശ സ്ഥാപനങ്ങള്‍ ബൈലോ പ്രകാരം നോട്ടീസ് നല്‍കുകയും വന്‍ തുക പരിസ്ഥിതി നഷ്ടപരിഹാരമായി ഈടാക്കുകയും വേണം.
വ്യക്തിശുചിത്വത്തില്‍ അഹങ്കരിക്കുന്ന മലയാളി, പരിസര ശുചിത്വത്തില്‍ വളരെ പിന്നാക്കമാണ് എന്ന ആഗോള അപവാദം തിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും മൗലിക കടമയാണ്.
കാത്തിരിക്കുന്നത് ക്രിമിനല്‍ നടപടികള്‍
മാലിന്യം കത്തിക്കുന്നവര്‍, പൊതുവഴിയില്‍ വലിച്ചെറിയുന്നവര്‍, കൂട്ടിയിടുന്നവര്‍, തരംതിരിച്ച് നല്‍കാത്തവര്‍ എന്നിവരെ കണ്ടെത്തി പിഴ ചുമത്തുന്നതിനും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ തടയുന്നതിനും നിരന്തര പരിശോധനകള്‍ നടത്താന്‍ പുതിയ നിയമത്തില്‍ കര്‍ശന വകുപ്പുകളുണ്ട്. പൊതുജന പങ്കാളിത്തത്തോടെ മാത്രമേ ഇത് സാധ്യമാകൂ എന്ന് നിയമം വ്യക്തമാക്കുന്നു. ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഈ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കാനുള്ള നിര്‍ദേശം പുതിയ നിയമത്തിലുണ്ട് എന്നതാണ്. മാലിന്യ സംസ്‌കരണ മേഖലയില്‍ നിയമലംഘനം നടത്തുന്നവരെ കാത്തിരിക്കുന്നത് കേവലം നിസ്സാരമായ സാമ്പത്തിക പിഴ മാത്രമല്ല, മറിച്ച് ക്രിമിനല്‍ കുറ്റത്തിന് ജയില്‍ ശിക്ഷ വരെ നേരിടേണ്ടിവരുന്ന ഗുരുതരമായ സാഹചര്യമാണ്.



