Connect with us

From the print

മാധ്യമം തൊഴിലാളി സമരം; ജമാഅത്തിനെതിരായ കുറിപ്പ് പങ്കുവെച്ച് മുന്‍ ശൂറാ അംഗം

കോടികള്‍ ഒഴുകിപ്പോയത് ശ്രദ്ധിച്ചില്ല.

Published

|

Last Updated

കോഴിക്കോട് | മാധ്യമം പത്രത്തിലെ തൊഴിലാളി സമരവുമായി ബന്ധപ്പെട്ട് ജമാഅത്ത് നേതൃത്വത്തെ നിശിതമായി വിമര്‍ശിക്കുന്ന കുറിപ്പ് പങ്കുവെച്ച് മുന്‍ ശൂറാ അംഗം. മാധ്യമത്തില്‍ കോടികള്‍ ഒഴുകിപ്പോയത് ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ലെന്നും പത്രത്തിന്റെ വിവിധ പദ്ധതികളില്‍ ലാഭമോ നഷ്ടമോയെന്ന് കണക്കുകൂട്ടാന്‍ പോലും അറിയാത്തവരായിപ്പോയി ജമാഅത്ത് ശൂറയെന്നുമുള്ള കുറിപ്പാണ് ജമാഅത്തെ ഇസ്ലാമി ശൂറ മുന്‍ അംഗം ഖാലിദ് മൂസ നദ്വി പങ്കുവെച്ചത്.

മാധ്യമം പത്രത്തില്‍ ഓരോ ജീവനക്കാരനെയും സ്ഥിരപ്പെടുത്തുന്നത് ജമാഅത്ത് ശൂറയുടെ അറിവോടെയായിരുന്നുവെന്നും മാധ്യമത്തിന്റെ കാര്യം നോക്കാന്‍ മാത്രം ജമാഅത്തില്‍ നിന്ന് ഒരാളെ ശമ്പളം കൊടുത്ത് വെക്കാറുണ്ടെന്നും മാനേജ്മെന്റില്‍ നിരവധി നേതാക്കളുണ്ടെന്നും കമ്മീഷന്‍, ഇന്‍സെന്റീവ്, ആവശ്യമില്ലാതെ പണം ചെലവഴിക്കല്‍, കുറഞ്ഞ നിരക്കില്‍ പത്രത്തിന്റെ സ്‌കീം തുടങ്ങി കോടികള്‍ ഒഴുകി പ്പോയത് ശ്രദ്ധിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ലെന്നുമുള്ള മുന്‍ ജീനവക്കാരന്റെ കുറിപ്പാണ് പങ്കുവെച്ചിരിക്കുന്നത്.

മാനേജര്‍മാര്‍ കമ്മീഷന്‍ പറ്റാനും തെറ്റായ രീതിയില്‍ ഇന്‍സെന്റീവ് നേടാനും പല ഉഡായിപ്പുകളും നടത്തിയെന്നും സമരം നടത്തുന്ന തൊഴിലാളി യൂനിയന്‍ അന്ന് തന്നെ സമരം നടത്തേണ്ടതായിരുന്നുവെന്ന അഭിപ്രായവും ഫേസ്ബുക്ക് കുറിപ്പിലുണ്ട്. താഴോട്ട് പോകുന്ന ഒരു വ്യവസായത്തെ പിടിച്ചു നിര്‍ത്താനും നൂതനമായ ആശയങ്ങള്‍ നടപ്പാക്കാനും നിലവിലെ മാനേജ്മെന്റിന് കഴിവില്ല, ഇപ്പോഴത്തെ അവസ്ഥയില്‍ ആദ്യം അഴിച്ചുപണിയേണ്ടത് മുകളില്‍ നിന്നാണ്, ഏതായാലും കുറച്ചാളുകള്‍ നന്നായി സമ്പാദിച്ചുവെന്നാണ് ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നത്.

മാധ്യമത്തിലെ ശമ്പള നിഷേധത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ എട്ട് ദിവസമായി തൊഴിലാളികള്‍ സ്ഥാപനത്തിന് മുമ്പില്‍ അനിശ്ചിതകാല സമരം തുടരുകയാണ്. ഈ പശ്ചാത്തലത്തിലാണ് ഫേസ്ബുക്ക് പോസ്റ്റ്. മാധ്യമം, മീഡിയവണ്‍ സ്ഥാപനങ്ങളുടെ നടത്തിപ്പിന് സകാത്ത് ധനം ഉപയോഗിച്ചിരുന്നുവെന്ന് നേരത്തേ ഖാലിദ് മൂസ നദ്വി വെളിപ്പെടുത്തിയിരുന്നു. സമുദായത്തിന്റെ ശാക്തീകരണത്തിന് സകാത്ത് പണം ഉപയോഗപ്പെടുത്താം എന്നതില്‍ സംശയമില്ല. ശുദ്ധ പണം കൊണ്ട് നിലവില്‍വന്ന സ്ഥാപനം സാമ്പത്തിക രംഗത്ത് കെടുകാര്യസ്ഥത കാണിക്കരുതെന്നായിരുന്നു നദ്വിയുടെ നിലപാട്.

Content Highlights:
Madhyamam newspaper employees have launched a labor strike demanding pending wages and rights. A former Jamaat-e-Islami Shura member shared a post criticizing the leadership over the issue. The public rift has sparked heavy discussion across Kerala media and political circles.

Latest