Kerala
മെസിയുടെ പേരില്‍ തട്ടിപ്പ്: എസ് ഐ ടി പ്രാഥമികാന്വേഷണം തുടങ്ങി
എ ഡി ജി പി. പി വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രാഥമികാന്വേഷണം രജിസ്റ്റര്‍ ചെയ്തത്.
കൊച്ചി | അര്‍ജന്റീന ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയെയും ദേശീയ ടീമിനെയും കേരളത്തില്‍ എത്തിക്കാമെന്ന് വാഗ്ദാനം നല്‍കി നടത്തിയ സാമ്പത്തിക തട്ടിപ്പില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം കൊച്ചി കേന്ദ്രീകരിച്ച് പ്രാഥമികാന്വേഷണത്തിന് തുടക്കം കുറിച്ചു. ഭാരതീയ ന്യായ സംഹിത പ്രകാരം പ്രാഥമിക അന്വേഷണം രജിസ്റ്റര്‍ ചെയ്യുന്നുവെന്നാണ് എസ് ഐ ടി അറിയിച്ചിരിക്കുന്നത്. എ ഡി ജി പി. പി വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രാഥമികാന്വേഷണം രജിസ്റ്റര്‍ ചെയ്തത്. മെസിയെ കൊണ്ടുവരാനെന്ന പേരില്‍ നടന്ന എല്ലാ കാര്യങ്ങളും അന്വേഷിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ ഉത്തരവിറക്കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രാഥമികാന്വേഷണത്തില്‍ തട്ടിപ്പ് നടന്നതായി വ്യക്തമായാല്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യും.
സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്ത കമ്പനി 25.78 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായി എസ് ഐ ടിയുടെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. മെസിയെ കൊണ്ടുവരാന്‍ എന്ന പേരില്‍ സ്‌പോണ്‍സര്‍മാര്‍ വിദേശ ഏജന്‍സിക്ക് 126 കോടി രൂപ കൈമാറിയതില്‍ ഫെമ ലംഘനം നടന്നതായും കണ്ടെത്തിയിരുന്നു. ഇതിന് പുറമെ മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് സ്‌പോണ്‍സറുടെ അക്കൗണ്ടിലേക്ക് എത്തിയ 206 കോടി രൂപയുടെ ഉറവിടവും എസ് ഐ ടി അന്വേഷിക്കുന്നുണ്ട്.
മുന്‍ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് കൃത്യമായ പ്രോജക്ട് റിപോര്‍ട്ടോ മൂന്ന് കക്ഷികള്‍ ചേര്‍ന്നുള്ള ഔദ്യോഗിക കരാറോ ഇല്ലാതെയാണ് സ്‌പോണ്‍സര്‍ക്ക് അനുമതി നല്‍കിയതെന്ന് കായിക വകുപ്പിന്റെ റിപോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു. സ്‌പോണ്‍സറെ തിരഞ്ഞെടുത്ത രീതി, കലൂര്‍ സ്റ്റേഡിയം വിട്ടുനല്‍കിയതിലെ ഇളവുകള്‍, മുന്‍ കായിക മന്ത്രിയുടെ സ്‌പെയിന്‍ സന്ദര്‍ശനം എന്നിവയും സമഗ്രമായ അന്വേഷണ പരിധിയില്‍ വരുന്നുണ്ട്. കൂടുതല്‍ കൃത്യമായ രേഖകള്‍ ശേഖരിക്കുന്നതിനും സാക്ഷികളുടെ മൊഴികള്‍ രേഖപ്പെടുത്തുന്നതിനും വേണ്ടിയാണ് എസ് ഐ ടി ഇപ്പോള്‍ പ്രാഥമികാന്വേഷണവുമായി മുന്നോട്ട് പോകുന്നത്.
Content Highlights:
Special Investigation Team has initiated a preliminary probe into a major financial scam operating under Lionel Messi’s name. Authorities are examining digital evidence and transaction records to identify the network behind the fraudulent scheme. Further legal action will follow the preliminary report.


