International
ചൈനയിലെ കപ്പല്‍ശാലയില്‍ ചരക്കുകപ്പലിന് തീപിടിച്ചു; 25 പേര്‍ക്ക് ദാരുണാന്ത്യം
ഓഷ്യന്‍ മെലഡി എന്ന ചരക്ക് കപ്പലിലാണ് തീപ്പിടിത്തമുണ്ടായത്. കപ്പലില്‍ ആകെ 42 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ 12 പേര്‍ രക്ഷപ്പെട്ടു. പരുക്കേറ്റ അഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബീജിങ് | ചൈനയിലെ കിഴക്കന്‍ തീരത്തുള്ള കിങ്ദാവോ ബേഹായ് കപ്പല്‍ശാലയില്‍ അറ്റകുറ്റപ്പണികള്‍ക്കിടെയുണ്ടായ തീപ്പിടിത്തത്തില്‍ 25 പേര്‍ മരിച്ചു. ഇന്ന് പ്രാദേശിക സമയം രാവിലെ 11.15 ഓടെയായിരുന്നു ദുരന്തം. ഓഷ്യന്‍ മെലഡി എന്ന ചരക്ക് കപ്പലിലാണ് തീപ്പിടിത്തമുണ്ടായത്. കപ്പല്‍ശാലയുടെ നിയന്ത്രണമുള്ള സി എസ് എസ് സി ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
അപകടസമയത്ത് കപ്പലില്‍ ആകെ 42 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ 12 പേര്‍ സുരക്ഷിതമായി പുറത്തുകടന്നു. പരുക്കേറ്റ അഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. അപകടത്തെ തുടര്‍ന്ന് കാണാതായ 25 പേരുടെയും മൃതദേഹങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ പിന്നീട് കണ്ടെത്തുകയായിരുന്നു. പ്രാദേശിക സമയം ഉച്ചക്ക് 2:30 ഓടെയാണ് തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കിയത്.
ദുരന്തത്തില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ദുഃഖം രേഖപ്പെടുത്തുകയും സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. അപകടകാരണം ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് മന്ത്രാലയം പ്രത്യേക സംഘത്തെ സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്.
Content Highlights:
A massive fire broke out on a cargo ship docked at a shipyard in China, leaving 25 people dead. Emergency personnel rushed to the scene to extinguish the blaze and rescue trapped workers. An investigation has been launched to determine the exact cause of the tragedy.



